ആലപ്പുഴ: 2018ലാണ് ആലപ്പുഴയിൽ അഭിഭാഷകയായി സെസി സേവ്യർ എത്തുന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അഭിഭാഷകയായി മാറി സെസി. ഇതിന് പിന്നിൽ 2019ൽ ആലപ്പുഴ കോടതിയിലുണ്ടായ വിവാദമാണ്. ഈ വിഷയത്തിൽ ബോൾഡായ നിലപാട് എടുത്തത് സെസിയായിരുന്നു. അങ്ങനെ അഭിഭാഷകർക്കിടയിലെ മിടുമിടുക്കിയായി സെസി മാറി. സീനിയർ അഭിഭാഷകരുടെ ഖ്യാതിയാണ് പിന്നീട് ഈ ജൂനിയർക്ക് ആലപ്പുഴ കോടതിയിൽ കിട്ടിയത്.

2019 ജൂലൈ 15നായിരുന്നു ആ സംഭവം. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആലപ്പുഴ കോടതിയിൽ വച്ച് ഒരു അഭിഭാഷകയെ കടന്നു പടിക്കുകയായിരുന്നു ഒരാൾ. വടക്കേ വാതിലിൽ കൂടി കോടതിയിലേക്ക് കയറുകയായിരുന്ന അഭിഭാഷകയുടെ കൈയിൽ പ്രതി കയറി പിടിച്ചു. മര്യാദാ ലംഘനമായിരുന്നു ഇത്. ഇതിന് ശേഷം എല്ലാ നിയമ പോരാട്ടത്തിനും മുമ്പിൽ നിന്നത് സെസിയായിരുന്നു. ഈ കേസിൽ നടത്തിയ ഇടപെടലുകൾക്ക് ആലപ്പുഴയിലെ അഭിഭാഷക സമൂഹം കൈയടിയും നൽകി.

ആലപ്പുഴ ഒന്നാം മജിസ്‌ട്രേട്ട് കോടതിയിൽ പരാതിയുമായി എത്തി. കേസ് എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിൽ പൊലീസ് എഫ് ഐ ആറും ഇട്ടു. മരാരിക്കുളത്തുകാരൻ ഗോപകുമാറായിരുന്നു പ്രതി. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിലെ എഫ് ഐ ആറിൽ കണ്ടാലറിയാവുന്ന ആൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഗോപാകുമാറാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെസിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ആലപ്പുഴയിലെ കോടതിയിൽ നടന്ന ഈ സംഭവം കേസായി മാറില്ലായിരുന്നു.

ഇരയ്ക്ക് നീതിയൊരുക്കിയത് സെസിയുടെ തന്റേടവും ഇടപെടലുമായിരുന്നു. ഇതേ കോടതിയിലാണ് ജാമ്യത്തിന് കഴിഞ്ഞ ദിവസം സെസി എത്തിയതെന്നതാണ് വസ്തുത. ജാമ്യമില്ലാ വകുപ്പുകൾ തനിക്കെതിരെ ഉണ്ടെന്ന് മനസ്സിലാക്കി വ്യാജ അഭിഭാഷകയെന്ന് ഏവരും വിളിക്കുന്ന സെസി രക്ഷപ്പെടുകയും ചെയ്തു. സെസിയെ പൊലീസ് പിടിച്ചതുമില്ല. സെസി കടന്ന കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാറിന്റെ നമ്പർ ചില അഭിഭാഷകർ കുറിച്ചെടുത്തിരുന്നു. ഇത് നിർണ്ണായകമാകും.

കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ വീട്. മാതാവ് കടയിൽ ജോലിക്ക് പോയും അച്ഛൻ മുട്ടക്കച്ചവടം നടത്തിയുമാണ് സെസിയെ പഠിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു നിയമ പഠനം. പഠനം ഉഴപ്പി. ഹാജരില്ലാത്തതിനാൽ പരീക്ഷയെഴുതാനായില്ല. പഠനം പാതിവഴിയിലായതോടെ ബംഗളൂരുവിലേക്ക് പോയ സെസി അവിടെ കോഴ്‌സ് പൂർത്തിയാക്കിയെന്നായിരുന്നു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അത് അച്ഛനും അമ്മയും വിശ്വസിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് അഭിഭാഷകർക്ക് ധനസഹായം നൽകാനുള്ള ഫണ്ട് ശേഖരണത്തിന് സെസിയാണ് നേതൃത്വം വഹിച്ചത്. ലീഗൽ സർവീസ് അഥോറിറ്റിയുടെ കേസുകളിൽ കക്ഷികൾക്കുവേണ്ടി ഹാജരായിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിലും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തനത്തിലും മുന്നിലായിരുന്നു. അഭിഭാഷക സംഘടനകൾ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് പരാതി ഉയരാൻ കാരണമായത്.

തിരുവല്ലയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. പിന്നീട് ആലപ്പുഴയിൽ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലാവുകയും പഴയ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായാണ് പഴയ കാമുകൻ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് സൂചന.

പഴയ കാമുകൻ സെസിയുടെ പുതിയ ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെയാണ് കാര്യങ്ങൾ സെസിക്ക് എതിരായി തുടങ്ങിയത്. സെസിക്ക് മൂന്ന് പേപ്പറുകൾ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാൻ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവർ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചു. ഇതാണ് നിർണ്ണായകമായത്.

ആലപ്പുഴയിലെ ചില രാഷ്ട്രീയക്കാരുടെ പിന്തുണയും സെസിക്കുണ്ടായിരുന്നു. ആലപ്പുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് എല്ലാ സഹായവും നൽകി. ആലപ്പുഴയിലെ അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചതും ഈ നേതാവായിരുന്നു. ഈ നേതാവാണ് സെസിക്ക ഒളിച്ചു പാർക്കാൻ എല്ലാ സഹായവും ചെയ്തു നൽകുന്നതെന്നാണ് സൂചന. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 272ൽ 212 വോട്ടുകളും നേടിയാണ് ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സെസി വിജയിച്ചത്.

തിരഞ്ഞെടുപ്പിൽ വിജയിച്ച സെസിക്ക് ബാർ അസോസിയേഷനിൽ ലൈബ്രേറിയൻ എന്ന പദവിയാണ് നൽകിയത്. ബാർ അസോസിയേഷന്റെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നതിന് തുല്യമായ പദവിയാണ് ഇത്.