ആലപ്പുഴ: താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും വ്യാജ അഭിഭാഷക സെസി സേവ്യർ. ഹൈക്കോടതിയിൽ നൽകിയ മുൻകൂർജാമ്യഹർജിയിലാണ് ഈ വാദം. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും സെസി ജാമ്യാപേക്ഷയിൽ പറയുന്നു.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിയമ ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ആയില്ല. ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി, മുൻകൂർ ജാമ്യാപേക്ഷയിൽ സെസി കോടതിയെ അറിയിച്ചു.

2014-17കാലത്ത് തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ചില വിഷയങ്ങൾക്കു പരാജയപ്പെട്ടതിനാൽ എൽഎൽബി നേടാനായില്ല. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കോഴ്സ് പൂർത്തിയാക്കുന്നതിന് തടസ്സമായി. അതിനാൽ ആലപ്പുഴയിലെ വക്കീൽ ഓഫിസിൽ ഇന്റേൺ ആയി ചേർന്നു. രാമങ്കരിയിലും ആലപ്പുഴയിലും വക്കീൽ ഓഫിസുകളിൽ അഭിഭാഷക കുപ്പായം ഇടാതെയാണ് പ്രവർത്തിച്ചതെന്ന് സെസി പറയുന്നു.

ബാർ അസോസിയേഷനിലെ സുഹൃത്തുക്കൾ തന്നെ നിർദ്ദേശിച്ചത് അനുസരിച്ചാണ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശിച്ച സുഹൃത്തുക്കൾ തന്നെയാണ് പിന്നീട് കോഴ്സ് പാസായിട്ടില്ലെന്നും ബാർ കൗൺസിലിൽ എന്റോൾ ചെയ്തിട്ടില്ലെന്നും പ്രചരിപ്പിച്ചതെന്ന് സെസി പറയുന്നു.

നിയമ പഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്‌തെന്നും ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ചെന്നും ആരോപിച്ചുള്ള പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രാമങ്കരി സ്വദേശിയായ സെസി ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ആദ്യം കേസെടുത്തതെന്നും പിന്നീടാണ് വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും ബാർ അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചെന്നും ഹർജിയിൽ പറയുന്നു.

കോടതിയെയും കേസുമായെത്തുന്നവരേയും ബോധപൂർവം വഞ്ചിക്കാനുള്ള ശ്രമം ഹർജിക്കാരിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബാർ കൗൺസിലിനോ, ഭാരവാഹികൾക്കോ ഹർജിക്കാരിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യഹർജി നാളെ കോടതി പരിഗണിച്ചേക്കും.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട സാഹചര്യത്തിൽ നേരത്തെ ആലപ്പുഴ കോടതിയിൽ നിന്ന് കടന്നുകളഞ്ഞ സെസി ദിവസങ്ങളായി ഒളിവിലായിരുന്നു. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയെന്നാണ് കുട്ടനാട് രാമങ്കരി സ്വദേശിയായ സെസിക്കെതിരായ കേസ്. മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ഇവർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷനിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. സെസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തിയതെന്നും, വ്യാജ എന്റോൾമെന്റ് നമ്പർ നൽകി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പൊലീസ് സെസിക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്.