- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് നടത്താതെ ചേംബർ ഓഫ് കൊമേഴ്സിന്റെ ചെയർമാനായി തുടരാനുള്ള ബിജു രമേശിന്റെ മോഹത്തിന് തിരിച്ചടി; ജസ്റ്റിസ് നാരായണ കുറുപ്പിനെ ചേംബർ ചെയർമാനായി നിയമിച്ച ഉത്തരവ് ശരിവച്ച് ദേശീയ കമ്പനി ലോ ട്രിബ്യൂണൽ; ഉത്തരവ് ലൈഫ് മെംബർമാരായ എം.കെ.അൻസാരിയുടെയും ഷഫീഖ് അഹമ്മദിന്റെയും ഹർജികളിൽ
കൊച്ചി: ജസ്റ്റിസ് നാരായണക്കുറുപ്പിനെ കേരള ചേമ്പർ ഓഫ് കൊമ്മേഴ്‌സ് ആൻഡ് ഇന്റസ്ട്രിയുടെ ചെയർമാനായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വീണ്ടും ശരിവച്ച് നാഷണൽ കമ്പനി ലോട്രിബ്യൂണൽ (NCLT) കൊച്ചി ബെഞ്ചിന്റെ ഉത്തരവ്. ഇത് ബിജു രമേശിന് കനത്ത തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് നടത്താതെ കേരള ചേമ്പർ ഓഫ് കൊമഴ്‌സ് & ഇന്റസ്ട്രിയുടെ ചെയർമാനായി തുടരാനുള്ള ബിജു രമേശിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. ടാപ് വേൾഡ് ഉടമ എം.കെ. അൻസാരിയുടേയും ട്രാവൻകൂർ സോൾവന്റ്‌സ് & ഓയിൽസ് ഉടമ ഷഫീഖ് അഹമ്മദിന്റെയും ഹർജിയിലാണ് ട്രിബ്യൂണൽ ജഡ്ജി അശോക് കുമാർ ബോറയുടെ ഉത്തരവ്.
29 നവമ്പർ 2019 ന് നാഷ്ണൽ കമ്പനി ലോ ട്രിബ്യൂണൽ, കേരള ചേമ്പറിന്റെ വാർഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ കമ്പനി നിയമപ്രകാരം തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് നാരായണ കുറുപ്പിനെ ചെയർമാനായും A J Rajan IAS (Rtd) നെ സെക്രട്ടറിയായും നിയമിച്ച് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ചേമ്പർ ഡയറക്ടർ ഷിബു പ്രഭാകരൻ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയും, NCLT പുറപ്പെടുവിച്ച ഉത്തരവിൽ അപാകത ഉണ്ട് എങ്കിൽ പുനഃപരിശോധന ഹരജി സമർപ്പിക്കുവാനും ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് പുനഃപരിശോധന ഹർജി സമർപ്പിച്ചത്.
2017ൽ ആണ് കമ്പനീസ് ആക്ടിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ബിജു രമേശിനെ അന്നത്തെ ചേമ്പർ ഭാരവാഹികൾ ഡയറക്ടർ ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. 2018 ൽ അന്നത്തെ ചേമ്പർ ചെയർമാനായിരുന്ന ആന്റണി കൊട്ടാരം രാജി വച്ചതിനെ തുടർന്നാണ് ബിജു രമേശ് ചെയർമാനാവുന്നത്. തുടർന്ന് 3 വർഷത്തോളമായി തെരഞ്ഞെടുപ്പ് നടത്താതെ ബിജു രമേശ് ചെയർമാനായി തുടരുകയാണ്.
ഇതിനിടയിൽ കമ്പനി ചട്ടങ്ങൾക്ക് വിരുദ്ധമായി മുൻ സർക്കാറിന്റെ കാലത്തെ കോഴ ആരോപണവുമായി ബന്ധപ്പെട്ട സാക്ഷിയെ ചേമ്പറിന്റെ ഡയറക്ടർ ബോർഡിലേക്ക് തിരുകിക്കയറ്റിയതായും ആരോപണമുണ്ട്. നാരായണക്കുറുപ്പിനെ ചെയർമാനായി നിയമിച്ച ഉത്തരവിൽ പുതിയ ഭരണസമിതി നിലവിൽ വരുന്നത് വരെ കേരള ചേമ്പറിന് സാമ്പത്തിക ബാധ്യത വരുന്ന ഒരു പ്രവൃത്തിയിലും ചേമ്പർ ഭാഗമാകാൻ പാടില്ല എന്ന് നിഷ്‌കർഷിച്ചിരിക്കെ അതിന് വിരുദ്ധമായി കേരള ചേമ്പറും ചെറുപുഷ്പം ഫിലിംസും കരാറിലേർപ്പെട്ടതായും ആക്ഷേപം ഉണ്ട്.
2018ൽ NCLT ചെന്നൈ ബെഞ്ച് റിട്ടയേർഡ് ജില്ല ജഡ്ജി പി എസ് ആന്റണിയെ ചേമ്പർ ചെയർമാനായി നിയമിച്ച് കൊണ്ട് ഉത്തരവിട്ടിരുന്നെങ്കിലും ബിജു രമേശിന്റെയും സംഘത്തിന്റെയും നിസ്സഹകരണം മൂലം അദ്ദേഹം രാജിവെച്ച് പോവുകയാണുണ്ടായത്.
ബിജു രമേശ് ഉൾപടെ ആറ് പേർ കമ്പനി നിയമങ്ങൾ ലംഘിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങളായതിനെതിരെ NCLT മുമ്പാകെ 2021 ജനുവരി 2 ന് കേസ് വരുന്നുണ്ട്.
സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിലൂടെ ഒരു ഡയറക്ടർ ബോർഡിനേയും ചെയർമാനേയും തെരഞ്ഞെടുക്കാനുള്ള 2013 മുതലുള്ള തങ്ങളുടെ നിയമപരമായ പോരാട്ടത്തിന്റെ ഒരു ഘട്ടം വിജയിച്ചിരിക്കുകയാണെന്ന് എം.കെ.അൻസാരിയും ഷഫീഖ് അഹമ്മദും പറഞ്ഞു.
ആർജവമുള്ള ചേമ്പർ നേതൃത്വം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും കേരള സാഹചര്യത്തിലും ഇവിടുത്തെ ട്രേഡ് സമൂഹത്തിന് അനിവാര്യതയാണെന്നും അവർ പറഞ്ഞു. കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെയും ചെറുപുഷ്പം ഫിലിംസിന്റെയും സംയുക്ത സംരംഭമായ കേരള ട്രേഡ് സെന്ററിൽ ഒരുപാട് നിക്ഷേപകർ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അവർക്ക് നീതി നേടിക്കൊടുക്കും വരെ നിയമപരമായ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ