- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാൻ ഇറങ്ങിയ കണ്ണൂർ കോർപറേഷന് വൻ തിരിച്ചടി; ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെ ആറുമാസത്തെ പോരാട്ടത്തിൽ തോൽവി; പുതുവർഷ സമ്മാനമെന്ന് തെരുവുകച്ചവടക്കാർ
കണ്ണൂർ: തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനിറങ്ങിയ കണ്ണൂർ കോർപറേഷന് വൻ തിരിച്ചടി. ഐ.എൻ.ടി.യു.സിയിൽ നിന്നും കൂട്ടത്തോടെ രാജി വെച്ച് സിഐ.ടി.യുവിൽ ചേർന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്നും വിധി. ഇതോടെ അടിയും കിട്ടി പുളിയും കുടിച്ചു വെന്ന അവസ്ഥയിലായി യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷൻ ഭരണ സമിതി. ഇതോടെ കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ആറു മാസക്കാലമായി നടന്നു വരുന്ന തെരുവ് യുദ്ധത്തിൽ കോർപറേഷൻ തെരുവ് കച്ചവടക്കാർക്കു മുൻപിൽ തോറ്റിരിക്കുകയാണ്.
കണ്ണൂർ കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നടപടിയെ തുടർന്ന് പ്രതിസന്ധിയിലായ തെരുവോര കച്ചവടക്കാർക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ് ഹൈക്കോടതി വിധി. ഒഴിപ്പിക്കൽ നടപടിക്കുള്ള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചതോടെ പുതുവർഷ സമ്മാനം കിട്ടിയത് പോലെ സന്തോഷത്തിലാണെന്ന് കണ്ണൂരിലെ തെരുവോര കച്ചവടക്കാർ പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ ആറു മാസം മുൻപാണ് ഐഎൻ.ടി.യു.സിയടക്കമുള്ള തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ മറികടന്ന് തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനമെടുത്തത് ഇതോടെ അരനൂറ്റാണ്ടിലേറെ കാലമായി തെരുവോരത്ത് വസ്ത്രങ്ങളും മറ്റും വിൽപ്പന നടത്തി ഉപജീവനം കഴിഞ്ഞ വരുടെ ജീവിതം പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെ ഒഴിപ്പിക്കാനെത്തിയ കോർപറേഷൻ ജീവനക്കാരും തെരുവ് കച്ചവടക്കാരും തമ്മിൽ കൈയാങ്കളിയും ബലപ്രയോഗവും പതിവായി.
വിലക്ക് ലംഘിച്ച് കച്ചവടം ചെയ്യുന്നവരെ ബലമായി ഒഴിപ്പിക്കാൻ കോർപ്പറേഷൻ കൗൺസിലർ നേരിട്ട് രംഗത്തിറങ്ങിയത് സംഘർഷത്തിനും വഴിവെച്ചു. കോർപറേഷൻ അധികൃതർ വാഹനങ്ങളുമായി എത്തി തെരുവിൽ വിൽപ്പനക്ക് വെച്ച സാധനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും കച്ചവടക്കാർ അത് തടയുകയും ചെയ്തിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് ഐ.എൻ.ടിയുസി യിൽ അംഗ ങ്ങളായ തൊഴിലാളികളെയും പ്രകോപിച്ചു. അവരിൽ ഭൂരിഭാഗം പേരും രാജിവെച്ച് സിഐ ടി. യുവിൽ ചേരുകയും അവരുടെ പിൻബലത്തിൽ കോർപ്പറേഷനുമായി ശീതസമരം തുടരുകയുമായിരുന്നു.
ഇതിനിടെയാണ് കോർപ്പറേഷൻ തീരുമാനത്തിനെതിരെ ഫെസൽ മംഗലാട്ടിന്റെ നേതൃത്വത്തിൽ 25 ഓളം തെരുവോര കച്ചവടക്കാർ ഹൈക്കോടിയെ സമീപിച്ചത്. കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി തെരുവോരക്കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനം ഉണ്ടാകരുതെന്ന കർശന നിർദ്ദേശമാണ് കോർപ്പറേഷനും ജില്ലാ പൊലീസ് മേധാവിക്കും നൽകിയിരിക്കുന്നത്.
കണ്ണൂർ പ്രസ് ക്ലബ് റോഡിൽ മാത്രം 65 ഓളം പേരാണ് തെരുവോര കച്ചവടത്തിലേർപ്പെട്ടിട്ടുള്ളത്. എന്നാൽ തെരുവ് കച്ചവടക്കാർക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നതായി അറിയില്ലെന്ന് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പ്രതികരിച്ചു. കണ്ണൂർ നഗരത്തിലെ ഫുട്പാത്തുകൾ കൈയേറി തെരുവ് കച്ചവടം നടത്തുന്നത് കൗൺസിൽ യോഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് ഇവരെ ഒഴിപ്പിക്കാൻ കോർപറേഷൻ അധികൃതർ തീരുമാനിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്