ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. അപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനമെന്ന് സുപ്രീം കോടതി പറഞ്ഞു. ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. വിധി സ്‌റ്റേ ചെയ്യാൻ ആകില്ലെന്നും ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു.

ബന്ധു നിയമന വിവാദത്തിൽ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ ടി ജലീൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഹർജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കിൽ വാദങ്ങൾ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹർജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത്. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.

തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേൾക്കാൻ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീൽ ഹർജിയിൽ പറഞ്ഞിരുന്നത്. കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹരജിയിൽ പറഞ്ഞിരുന്നു. തനിക്കെതിരായ വാദങ്ങളിൽ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതിൽ ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗം ഇല്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ജലീൽ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നതുൾപ്പെടെ ലോകായുക്ത ചില കണ്ടെത്തലുകൾ നടത്തിയിരുന്നു. അതിനാൽ തന്നെ അധികാരത്തിൽ തുടരാൻ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. കേസിൽ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടിയായിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ ഉത്തരവിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വാർത്ഥലാഭത്തിനായി ഒദ്യോഗിക പദവി ദുരുപയോഗിക്കുന്നത് അഴിമതിയാണെന്നും വിമർശിച്ചിരുന്നു.

ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുള്ള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവാണ് തുടർ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. മന്ത്രി ജലീലിനെ മൂന്നുമാസത്തിനുള്ളിൽ പുറത്താക്കണമെന്നായിരുന്നു ഉത്തരവ്. തുടർന്ന് ഒന്നാം പിണറായി സർക്കാർ കാവൽ മന്ത്രിസഭാ കാലയളവിൽ മന്ത്രിസ്ഥാനത്ത് നിന്ന് ജലീൽ രാജിവെക്കുകയായിരുന്നു.