- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ശ്രദ്ധയാകർഷിച്ച സമരമായിട്ടും വയൽക്കിളികൾക്ക് തിരിച്ചടി; സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ സിപിഎം സ്ഥാനാർത്ഥിയോട് തോറ്റത് 134 വോട്ടിന്; വിനയായത് ബിജെപിയുടെ പിന്തുണ; പാർട്ടി കോട്ടയിൽ വയൽക്കിളികളുടെ ചിറകരിഞ്ഞ് സിപിഎം
തളിപ്പറമ്പ്: ദേശീയ ശ്രദ്ധയാകർഷിച്ച പരിസ്ഥിതി സമരം ആയിട്ടും തളിപ്പറനമ്പ് കീഴാറ്റുരിൽ വയൽക്കിളികൾക്ക് തിരിച്ചടി. കീഴാറ്റൂരിൽ വയൽക്കിളിക്ക് വേണ്ടി സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതാ സുരേഷ് ആയിരുന്നു മത്സരിച്ചത്. അവർ ഇവിടെ സിപിഎം സ്ഥാനാർത്ഥിയോട് 134 വോട്ടിന് തോൽക്കുകയായിരുന്നു. വയൽക്കിളി സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിക്ക് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.
തളിപ്പറമ്പിലെ പാർട്ടി ഗ്രാമമാണ് കീഴാറ്റൂരിൽ കഴിഞ്ഞ തവണ 450 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി കീഴാറ്റൂരിൽ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം നിലനിർത്താൻ സിപിഎം സ്ഥാനാർത്ഥി പി വത്സലയ്ക്ക് കഴിഞ്ഞു. മറ്റ് സീറ്റിങ്ങ് സീറ്റിൽ പരാജയപ്പെടുന്നതിനേക്കാൾ വലിയ തോൽവിയാകും കീഴാറ്റൂരിലെ പരാജയമെന്ന തിരിച്ചറിവിൽ നിന്ന് ശക്തമായ പ്രചാരണം തന്നെ സിപിഎം കീഴാറ്റൂരിൽ ഈ തെരഞ്ഞെടുപ്പിൽ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ സിപിഎം കേന്ദ്രകമ്മറ്റിയംഗം എം വി ഗോവിന്ദൻ മാസ്റ്ററും തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവും കീഴാറ്റൂരിൽ വന്ന് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.
കോവിഡ് വ്യാപന കാലമായതിനാൽ പ്രചാരണങ്ങൾക്ക് സമയ പരിധി നിശ്ചയിച്ചിട്ടും പലപ്പോഴും രാത്രിയോളും നീളുന്ന സിപിഎമ്മിന്റെ പ്രചാരണത്തിനെതിരെ സുരേഷ് കീഴാറ്റൂർ തന്നെ പരാതി നൽകിയത് വാർത്തയായിരുന്നു. ശക്തമായ പ്രചാരണത്തോടൊപ്പം ബിജെപി പിന്തുണ വയൽക്കിളികൾക്ക് ലഭിക്കുന്നുണെന്ന സിപിഎം വാദത്തിനും ഏറെ പ്രചാരം കിട്ടി. കീഴാറ്റൂരിലെ വയൽക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കടന്നുവന്ന ബിജെപി കേന്ദ്ര നേതൃത്വം തന്നെ പിന്നീട് ബൈപാസിന് പച്ചകൊടി കാണിച്ചതും വയൽക്കിളികൾക്ക് തിരിച്ചടിയായി.
തത്വത്തിൽ ബിജെപിയുടെ കടന്ന് വരവും പിന്തുണയും വയൽക്കിളികൾ സിപിഎമ്മിനെതിരാണെന്ന തെറ്റിദ്ധാരണയിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചു. പാരിസ്ഥിതിക പ്രശ്നമുയർത്തിയാണ് വയൽക്കിളികൾ കീഴാറ്റൂരിൽ സമരം ആരംഭിച്ചതെങ്കിലും പിന്നീട് സിപിഎം വിരുദ്ധതയിൽ ഉറച്ച് പോയതും പാരിസ്ഥിതിക പ്രശ്നത്തിൽ കൃത്യമായൊരു മുന്നേറ്റം നടത്താൻ കഴിയാതിരുന്നതും പ്രദേശിക പിന്തുണ ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടതും വയൽക്കിളികൾക്ക് തിരിച്ചടിയായി.
2015 ൽ തളിപ്പറമ്പ് നഗരസഭയിൽ 22 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 11 സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ ബിജെപിക്കുമായിരുന്നു ജയം. ഇത്തവണ 19 സീറ്റിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. 12 സീറ്റിൽ എൽഡിഎഫും 3 സീറ്റിൽ ബിജെപിയും വിജയിച്ചു. തളിപ്പറമ്പിൽ കടുത്ത മത്സരം നടന്ന കീഴാറ്റൂരിൽ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടിനാണ് സിപിഎം വിജയിച്ചത്. സിപിഎം സ്ഥാനാർത്ഥിയായ പി വത്സല 376 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിയായ പി ലതയ്ക്ക് 242 വോട്ടാണ് നേടാനായത്.
മറുനാടന് മലയാളി ബ്യൂറോ