- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാന്റെ ഭരണപ്രവേശനം വഴി തെളിച്ചു; കാശ്മീരിൽ സാധാരാണക്കാരെ ലക്ഷ്യമിട്ട് പുതിയ ഭീകരസംഘടന; അക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് നുറോളം പേരെ; കേന്ദ്രത്തിന്റെ കശ്മീർ നയത്തിന് ഏറ്റ പ്രഹരമെന്ന് വിമർശനം
ശ്രീനഗർ : ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പുതിയ ഭകരസംഘടന.2019 ഒക്ടോബറിൽ കുൽഗാം ജില്ലയിൽ ബംഗാളിൽനിന്നുള്ള 5 മുസ്ലിം തൊഴിലാളികളെ കൊലപ്പെടുത്തിയാണ് ദ് റെസിസ്റ്റന്റ് ഫ്രണ്ട് എന്ന പുതിയ ഭീകര സംഘടന രംഗപ്രവേശം ചെയ്തത്. ഇത് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ തന്നെയാണെന്നു പൊലീസ് പറയുന്നു.ഇതരസംസ്ഥാനക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു ടിആർഎഫ് തുടർന്നു നടത്തിയത്. ഈ മാസം തുടർച്ചയായ ആക്രമണങ്ങളുണ്ടായതോടെ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
മാർച്ച് നവംബർ മാസങ്ങളിൽ കശ്മീരിൽ 34 ലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിക്കെത്താറുണ്ട്. മഞ്ഞുകാലത്ത് ഇവർ മടങ്ങുകയും ചെയ്യും. പ്രത്യേക പദവി നീക്കം ചെയ്തതോടെ, ഇതരസംസ്ഥാനക്കാർ വർധിച്ചതോതിൽ സ്ഥിരതാമസ അവകാശം നേടുമെന്ന ഭീതിയുടെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ.
പുറമേ നിന്നുള്ളവർക്കു സ്ഥിരതാമസ അവകാശം വിലക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് 2019 ഓഗസ്റ്റ് 5ന് ആണു ബിജെപി സർക്കാർ റദ്ദാക്കിയത്. ഇതു കശ്മീരിലെ ജനസംഖ്യാനുപാതത്തിൽ വ്യതിയാനം ഉണ്ടാകുമെന്ന ആശങ്ക അന്നേ ഉയർന്നിരുന്നു.പുതിയ താമസ നിയമം അനുസരിച്ച് 15 വർഷമായി താമസിക്കുന്ന ഏതൊരു വ്യക്തിക്കും 10 വർഷമായി ഇവിടെ സർക്കാർ, ബാങ്കിങ് സർവീസിലുള്ളവർക്കും സ്ഥിരതാമസ രേഖ ലഭിക്കും. എത്ര പുറംനാട്ടുകാർക്കു ഇങ്ങനെ താമസരേഖ അനുവദിച്ചുവെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
2011ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിലെ 1.23 കോടി ജനങ്ങളിൽ 28.09 ലക്ഷം കുടിയേറ്റക്കാരുണ്ട്. ഇതിൽ പകുതിയോളം പേർ (14 ലക്ഷം) 10 വർഷത്തിലധികമായി പാർക്കുന്നവരാണ്. പുതിയ നിയമപ്രകാരം ഇവർക്ക് സ്ഥിരതാമസാനുമതി നൽകിയാൽ ജനസംഖ്യാനുപാതം ബിജെപിക്ക് അനുകൂലമാകുമെന്നാണു വിഘടനവാദികളുടെ വിലയിരുത്തൽ.
ബിജെപിയുടെ കശ്മീർ നയത്തിനേറ്റ പ്രഹരമായിട്ടാണു വർധിക്കുന്ന ഭീകരാക്രമണങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കാണുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതും ആക്രമണങ്ങൾക്ക് ആക്കം കൂട്ടിയെന്ന് അവർ വിലയിരുത്തുന്നു.കശ്മീരിലെ വസ്തുക്കൾ സംബന്ധിച്ചു പണ്ഡിറ്റുകളുടെ പരാതികൾ സ്വീകരിക്കാൻ സർക്കാർ ഒരു വെബ്സൈറ്റ് തുടങ്ങിയിരുന്നു. 2 ആഴ്ചയ്ക്കകം ഓരോ പരാതിയും പരിഹരിക്കാനാണു നിർദ്ദേശം. പലായനം ചെയ്ത പണ്ഡിറ്റുകൾ കിട്ടിയ വിലയ്ക്കു വിറ്റുപോയ ഭൂമി തിരിച്ചുപിടിക്കാനുള്ള ഈ നീക്കം താഴ്വരയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. വർഗീയധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതാണ് ഇതെന്നും വിമർശനമുയരുന്നു.
ജമ്മുവിലും കേന്ദ്രപദ്ധതികൾക്കെതിരെ രോഷമുണ്ട്. 100 റിലയൻസ് സ്റ്റോറുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ സെപ്റ്റംബറിൽ വ്യാപാരികൾ ബന്ദ് നടത്തിയിരുന്നു. ഇതരസംസ്ഥാനക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതോടെ ജമ്മു കശ്മീരിൽനിന്നു കുടിയേറ്റതൊഴിലാളികൾ കൂട്ടപ്പലായനം തുടങ്ങി. നാട്ടിലെത്താനായി ആയിരക്കണക്കിനു തൊഴിലാളികുടുംബങ്ങളാണു റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും കാത്തുനിൽക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്റ്റേഷനുകൾക്കു പുറത്തു കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ നീണ്ട നിരയുണ്ട്. യുപി, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണേറെയും.
മറുനാടന് മലയാളി ബ്യൂറോ