ന്യൂഡൽഹി: മെഡിക്കൽ - ഡന്റൽ കോഴ്‌സുകൾക്ക് ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഒഴിവാക്കണമെന്ന ഹർജിയിൽ കേരളത്തിന്റെ ആവശ്യങ്ങൾക്കു തിരിച്ചടി. ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ആദ്യഘട്ട പരീക്ഷ എഴുതിയവർക്കും രണ്ടാംഘട്ടം എഴുതാമെന്ന നിർദ്ദേശം വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്നതാണ്. രണ്ടാംഘട്ട പരീക്ഷ തിയതി മാറ്റുന്നത് പരിഗണിക്കണം. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ കോളജുകളും സ്വകാര്യ, കൽപിത സർവകലാശാലകളും ഈ വർഷം നീറ്റ് പട്ടികയിൽനിന്നുതന്നെ പ്രവേശനം നടത്തണമെന്നു കഴിഞ്ഞ ദിവസം നൽകിയ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഒന്നാം ഘട്ട പരീക്ഷ എഴുതിയവർക്ക് ജൂലായ് 24 ലെ രണ്ടാം ഘട്ടത്തിലാണ് അവസരം നൽകുക. തമിഴ് ഉൾപ്പെടെ ഏഴ് പ്രാദേശിക ഭാഷകളിൽ ചോദ്യ പേപ്പർ ലഭ്യമാക്കുന്നതും പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

മെയ് ഒന്നിനാണ് നീറ്റ് ഒന്നാം ഘട്ട പരീക്ഷ നടന്നത്. ഇത് എഴുതിയവർക്കും ജൂലായ് 24 ലെ രണ്ടാം ഘട്ടത്തിൽ അവസരം നൽകണമെന്ന നിർദ്ദേശം കേന്ദ്രസർക്കാറാണ് മുന്നോട്ട് വച്ചത്. വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്ത് ഒമ്പത് പ്രാദേശിക ഭാഷകളിൽ കൂടി ചോദ്യ പേപ്പർ ലഭ്യമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതി സി.ബി.എസ്.ഇയുടെയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അഭിപ്രായം ചോദിച്ചു.ഒന്നാം ഘട്ടത്തിൽ എഴുതിയവർക്ക് രണ്ടാം ഘട്ടത്തിൽ അവസരം നൽകുന്നതിനോട് യോജിച്ച മെഡിക്കൽ കൗൺസിൽ പ്രാദേശിക ഭാഷകളിൽ ചോദ്യപേപ്പർ നൽകുന്നതിനെ ശക്തമായി എതിർത്തു. പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞ് രണ്ട് നിർദ്ദേശങ്ങളെയും ആദ്യം എതിർത്തെങ്കിലും പിന്നീട് സി.ബി.എസ്.ഇ അനുകൂല നിലപാടെടുത്തു. തുടർന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ ഉൾപെടുത്തി മുൻ ഉത്തരവ് ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്.

തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, ആസ്സാമി, ഉറുദു, ബംഗാളി എന്നീ ഏഴ് പ്രാദേശിക ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കുന്നതാണ് കോടതി പരിശോധിക്കുക. ഒന്നാം ഘട്ടം എഴുതിയവർ രണ്ടാം ഘട്ടവും എഴുതിയാൽ രണ്ടാം ഘട്ടത്തിൽ കിട്ടിയ മാർക്കാണ് പ്രവേശനത്തിനായി പരിഗണിക്കുക.