മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ ഒറ്റയാനായി വിലസുന്ന നരേന്ദ്ര മോദിക്ക് ആര് തടയിടും? ഗുജറാത്ത് തെരഞ്ഞെടുപ്പോടെ ഈ ചോദ്യത്തിന് ഏതാണ്ട് ഉത്തരമായിട്ടുണ്ട്. രാഹുൽ ഗാന്ധിയെന്ന നേതാവ് താൻ അതിന് പ്രാപ്തനാണെന്ന് ഈ തെരഞ്ഞെടുപ്പോടെ തെളിയിക്കുകയും ചെയ്തു. എന്നാൽ, മോദിയെ നേരിടാൻ രാഹുൽ ഇനിയും കരുത്തനാകേണ്ട സാഹചര്യമാണുള്ളത്. അതിനായി അദ്ദേഹത്തിന്റെ കൈകൾക്ക് കരുത്തു പകരാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം രൂപീകൃതമാകുകയാണ്. ഈ ലക്ഷ്യത്തോടെ മുംബൈയിൽ കൂട്ടായ്മയുടെ ആദ്യ മീറ്റിങ് നടന്നു.

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ മുൻകൈയെടുത്താണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ബിജെപിക്കെതിരെ 'സമാനമനസ്‌കരെ' അണി നിരത്തുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം ഒന്നുചേരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങൾ ഒരുക്കാൻ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളെല്ലാം 29നു ഡൽഹിയിൽ കൂടിച്ചേരും. എൻസിപി തലവൻ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം മുംബൈയിൽ സംഘടിപ്പിച്ച കൂട്ടായമ്മയിൽ മോദിവിരുദ്ധരായ വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്തു. ഭരണഘടനെ സംരക്ഷിക്കൂ' എന്ന പേരിൽ നടത്തിയ പ്രകടനത്തിനു മുന്നോടിയായിട്ടായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ശരദ് പവാർ, ജെഡി(യു) വിമതനേതാവ് ശരദ് യാദവ്, സിപിഎയുടെ ഡി.രാജ, ഗുജറാത്തിലെ പട്ടേൽ സമുദായ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ജമ്മു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, തൃണമൂൽ കോൺഗ്രസിന്റെ ദിനേശ് ത്രിവേദി, കോൺഗ്രസിൽ നിന്ന് സുഷിൽകുമാർ ഷിൻഡെ എന്നിവരാണു കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തത്.

എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, ഡി.പി.ത്രിപാദി, മുൻ എംപി റാം ജത്മലാനി എന്നിവരും ഒപ്പമുണ്ടായിരുന്നു. സൗത്ത് മുംബൈയിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. തുടർന്ന് അംബേദ്കർ പ്രതിമയിൽ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ശിവാജി പ്രതിമയിരിക്കുന്ന പാർക്കിലേക്കു നിശബ്ദ പ്രകടനം നടത്തി. മഹാരാഷ്ട്ര കോൺഗ്രസ് തലവൻ അശോക് ചവാനും മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമും പ്രകടനത്തിൽ പങ്കു ചേർന്നു. രാഷ്ട്രത്തെയും അതിന്റെ ഭരണഘടനയെയും അതിനു നേരെയുള്ള ഭീഷണികളിൽ നിന്നു മോചിപ്പിക്കുകയെന്നതാണു പ്രകടനത്തിന്റെ ലക്ഷ്യമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം 'ഭരണഘടനയെ രക്ഷിക്കൂ' പ്രകടനത്തിനു മറുപടിയായി നഗരത്തിൽ ബിജെപി 'തിരംഗ യാത്ര' സംഘടിപ്പിക്കുന്നുണ്ട്. പ്രകടനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിസംബോധന ചെയ്തു. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം തകർന്നതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ കൂട്ടായ്മ രൂപീകൃതമായത്.