കണ്ണൂർ: കണ്ണൂർ കലക്ടർ പ്രവർത്തിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയെപ്പോലെയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ കുറ്റപ്പെടുത്തി.

ബിജെപി- സേവാഭാരതി പ്രവർത്തകർക്ക് സന്നദ്ധ സേവന പ്രവർത്തനത്തിനുള്ള പാസ് നിഷേധിച്ചതിലൂടെ ഇതു വ്യക്തമായിരിക്കുകയാണ്. സിപിഎം ഭരണത്തിൽ കൂടുതൽ മെച്ചപ്പെട്ട സ്ഥാനം ലഭിക്കുന്നതിനാണ് കലക്ടർ ഇങ്ങനെ ചെയ്യുന്നതെന്നും വിനോദ് കുമാർ ആരോപിച്ചു. ബിജെപി പ്രവർത്തകർക്ക് സന്നദ്ധ സേവനത്തിനുള്ള പാസ് നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ബിജെപി നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ സന്നദ്ധ സേവന പ്രവർത്തനത്തിനുള്ള പാസ് ഉപയോഗിച്ച് വ്യാപകമായി കഞ്ചാവും വ്യാജമദ്യവും കടത്തുകയാണ്. ന്യൂ മാഹിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പിടികൂടിയത് ഇതിനിടെയാണ്. എന്നാൽ സിപിഎമ്മും കോൺഗ്രസും ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി പ്രവർത്തകർക്ക് സന്നദ്ധ പ്രവർത്തനത്തിനുള്ള പാസ് അനുവദിക്കുന്നില്ല. പകരം പൊലിസ് അന്വേഷണം നടത്തുകയാണ് ചെയ്യുന്നത്. സന്നദ്ധ സേവനത്തിന്റെ പേരിൽ വ്യാപകമായ പണ പിരിവാണ് ഐ.ആർ.പി.സി നടത്തുന്നതുകൊ വിഡ് രോഗികളുടെ ശവസംസ്‌കാരത്തിനടക്കം തോന്നിയപോലെയാണ് പണം വാങ്ങുന്നത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പി.പി.ഇ കിറ്റിന്റെ പണമടക്കം വാങ്ങുന്നുണ്ട്.

കോടികളുടെ പണമൊഴുക്കാണ് സർക്കാർ മേഖലയിലും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിലും നടക്കുന്നത്. എന്നാൽ ഒരാളിൽ നിന്നും അഞ്ചു പൈസ പിരിവെടുത്തല്ല ബിജെപി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നത്. സ്വന്തം ഫണ്ടുപയോഗിച്ചാണ്. സന്നദ്ധ സേവനത്തിന്റെ മറവിൽ ചിലരൊക്കെ നടത്തുന്ന വെട്ടിപ്പിന്റെ വ്യക്തമായ ചിത്രങ്ങൾ ബിജെപിയുടെ കൈവശമുണ്ട്.ഇ തൊക്കെ മറച്ചു വച്ചാണ് ബിജെപിയുടെ നേരെ ആരോപണവുമായി രംഗത്തുവരുന്നത്. ഇത്തരം പരിഹാസ്യ നടപടികൾ അവസാനിപ്പിക്കാൻ ഇനിയെങ്കിലും തയ്യാറാകണം. സന്നദ്ധ സേവനത്തിന്റെ വ്യക്തമായ രാഷ്ട്രീയമാണ് ഡിവൈഎഫ്ഐയും സിപിഎമ്മും കളിക്കുന്നത്.

ഡി. വൈ. എഫ്. ഐ യുടെ കൊടി വച്ച വാഹനങ്ങളാണ് കണ്ണുർ നഗരത്തിൽ പലയിടങ്ങളിലും സന്നദ്ധ പ്രവർത്തനത്തിനായി സർവീസ് നടത്തുന്നത്. ഇതൊക്കെ മറച്ചുവെച്ചു കൊണ്ടാണ് ബിജെപിയുടെയും സേവാഭാരതിയുടെയും മുകളിലേക്ക് കുതിര കയറുന്നതെന്ന് വിനോദ് കുമാർ ആരോപിച്ചു.