പാലക്കാട്: ലോക്ഡൗണിനിടെ, വാഹന പരിശോധനക്ക് പൊലീസിനൊപ്പം സംഘ്പരിവാർ സംഘടനയായ സേവാഭാരതിയും. പാലക്കാടാണ് സംഭവം. സേവാഭാരതിയുടെ യൂണിഫോം ധരിച്ച് പ്രവർത്തകർ വഴിയിൽ ഇറങ്ങി കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ് വിവാദത്തിന് വഴിവെച്ചത്. തിങ്കളാഴ്ച രാവിലെ പാലക്കാട് നഗരത്തിനു സമീപം കാടാങ്കോട് ജംഗ്ഷനിലാണ് ആണ് സംഭവം. പൊലീസുകാരോടൊപ്പം സേവാഭാരതി വോളന്റിയർമാരും യാത്രക്കാരോട് യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു.

ഞായറാഴ്ചയും സേവഭാരതി പ്രവർത്തകർ പൊലീസിനെ സഹായിക്കാൻ എത്തിയിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ല. തിങ്കളാഴ്ച സേവഭാരതി, പാലക്കാട് എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാന്റും ധരിച്ചാണ് വോളന്റിയർമാർ നിരത്തിലിറങ്ങിയത്. ഇവരിൽ ചിലർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, മാസ്‌ക് താഴ്‌ത്തി യാത്രക്കാരോട് സംസാരിക്കുന്നതായ ചിത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ, പൊലീസ്, സേവാഭാരതി വോളന്റിയരുടെ സേവനം വേണ്ടെന്നുവെച്ചു.

അതേസമയം, സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനമുയർന്നു. ഉത്തരേന്ത്യ അല്ല കേരളം എന്നും പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാവരുതെന്നും നിയുക്ത കൽപ്പറ്റ എംഎ‍ൽഎ ടി. സിദ്ദീഖ് ഫേസ്‌ബുക്കിൽ കുറിച്ചു.

പൊലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, പാലക്കാട് നഗരസഭ ഭരണം ബിജെപിക്ക് ലഭിച്ചപ്പോൾ നഗരസഭ കാര്യാലയത്തിന് മുകളിൽ കയറി ജയ്ശ്രീറാം ബാനർ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു.