ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്ന് 20 മൈൽ അകലെയുള്ള വൽഹല്ലയിൽ ട്രെയിൻ കാറിലിടിച്ച് ഏഴു പേർ മരിച്ചു. കാർ ഓടിച്ചിരുന്ന സ്ത്രീയും ആറു ട്രെയിൻ യാത്രക്കാരുമാണ് മരിച്ചത്. പന്ത്രണ്ടോളം പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റിയുടെ വടക്കൻ മേഖലയിലെ ലെവൽ ക്രോസിംഗിലാണ് അപകടം നടന്നത്. എണ്ണൂറോളം യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിൻ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനും ട്രെയിനിനും തീപിടിച്ചിരുന്നു. ഇതാണ് ട്രെയിനിലുണ്ടായിരുന്ന ആറു പേരുടെ മരണത്തിന് ഇടയാക്കിയത്.

കാറോടിച്ചിരുന്ന വനിതയുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവച്ചത്. ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷനിൽ നിന്നും ന്യൂയോർക്ക് സ്‌റ്റേറ്റിലെ തന്നെ സൗത്ത് ഈസ്റ്റ് മേഖലയായ വസായ്ക്കിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ. ഇടിയെത്തുടർന്ന് ട്രെയിൻ കാറിനെ 400 അടിയോളം വലിച്ചുകൊണ്ടു പോയി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അപകടസ്ഥലം സന്ദർശിച്ച ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ വ്യക്തമാക്കി. ട്രെയിനിൽ തീപിടിച്ചതിനെത്തുടർന്ന് ആൾക്കാർ എമർജൻസി വാതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.