- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്‌രിവാളിനെ നിസാരമായി കരുതിയാൽ മോദി തരംഗം ചീറ്റുമെന്ന് ഉറപ്പ്; മോദി ഭയപ്പെടേണ്ട ഏഴുകാര്യങ്ങൾ
കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെയും ഇതേ ആത്മവിശ്വാസത്തോടെയാണ് അവർ സമീപിക്കുന്നതും. എന്നാൽ, ആം ആദ്മി പാർട്ടിയെയും അതിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും നിസ്സാരമായി കണക്കാക്കിയാൽ ബിജെപിക്ക് പണി
കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെയും ഇതേ ആത്മവിശ്വാസത്തോടെയാണ് അവർ സമീപിക്കുന്നതും. എന്നാൽ, ആം ആദ്മി പാർട്ടിയെയും അതിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും നിസ്സാരമായി കണക്കാക്കിയാൽ ബിജെപിക്ക് പണി കിട്ടുമെന്നുറപ്പാണ്. ഡൽഹിയിലെ അധികാരം പിടിക്കാനായി രംഗത്തിറങ്ങുമ്പോൾ ബിജെപി ഈ കാര്യങ്ങൾ മറന്നുകൂടാ.
തെരഞ്ഞെടുപ്പിനെ ആം ആദ്മി പാർട്ടി നേരിടുന്നത് ഒരു നേതാവിനെ മുൻനിർത്തിയാണ് എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ട കാര്യം. അരവിന്ദ് കെജ്‌രിവാളിനെ മുൻനിർത്തിയാണ് കഴിഞ്ഞ തവണയും ആം ആദ്മി രംഗത്തെത്തിയത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹർഷവർധനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി ഉയർത്തി്കാട്ടിയത്. ഇക്കുറി അവർക്ക് ഇതേവരെ ഒരു നേതാവിനെ ഉയർത്തിക്കാട്ടാനായിട്ടില്ല.
കൂടുതൽ തയ്യാറെടുപ്പോടെയും ആസൂത്രണത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നതും ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വം നൽകുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചുകഴിഞ്ഞു. ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായും ഒഴിവാക്കി ഡൽഹിയിൽ കേന്ദ്രീകരിച്ചാണ് അവർ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റിലും വിജയിച്ചത് ബിജെപിയാണ്. എന്നാൽ, അതേ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അബദ്ധമാകും. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയത് ആം ആദ്മി പാർട്ടിയാണ്. അവരുടെ ജനപിന്തുണയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
49 ദിവസത്തെ ഭരണത്തിനുശേഷം അധികാരമൊഴിഞ്ഞപ്പോൾ കടുത്ത ജനരോക്ഷമാണ് കെജ്‌രിവാളിനും ആം ആദ്മിക്കും നേരെയുണ്ടായത്. എന്നാൽ, ഇതിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഉയർത്താൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 33 ശതമാനം വോട്ട് നേടിയ ബിജെപി അത് 46 ശതമാനമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉയർത്തി. അതേസമയംതന്നെ, ആം ആദ്മിക്ക് 29-ൽനിന്ന് 33 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്താനായി.
ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ ആം ആദ്മിക്ക് ഇപ്പോഴും ശക്തമായ വേരോട്ടമുണ്ട്. യുവ വോട്ടർമാർക്കിടയിലും കെജ്‌രിവാളിന്റെ സ്വാധീനം നിർണായകമാണ്. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുകയും 19 എണ്ണത്തിൽ രണ്ടാമതെത്തുകയും ചെയ്ത ആം ആദ്മി പാർട്ടി പല സീറ്റുകളിലും നേരീയ വ്യത്യാസത്തിനാണ് പരാജയം സമ്മതിച്ചത്.
പ്രസംഗപാടവം കൊണ്ട് ജനങ്ങളെ കൈയിലെടുക്കാൻ പ്രാഗത്ഭ്യമുള്ള നേതാക്കളാണ് കെജ്‌രിവാളും മോദിയും. അഴിമതിക്കെതിരായ പോരാട്ടമാണ് ഇരുനേതാക്കളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, കേന്ദ്രത്തിൽ അധികാരത്തിലേറിയിട്ടും കാര്യങ്ങളിൽ വലിയ വ്യത്യാസം വന്നിട്ടില്ല എന്ന കാര്യമാകും ആം ആദ്മി ഉയർത്താൻ പോകുന്നത്. എണ്ണവിലയുൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണരംഗത്തും ആം ആദ്മി ശക്തമായ സാന്നിധ്യമാണ്. മോദിയെപ്പോലെതന്നെ ട്വിറ്ററിലും ഫേസ്‌ബുക്കിലും മറ്റും കെജ്‌രിവാളും സജീവമാണ്. ഇരുപാർട്ടികളുടെയും സോഷ്യൽ മീഡിയ സെല്ലുകൾ മേധാവിത്വത്തിനായുള്ള പോരാട്ടത്തിലാണ്. യുവവോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്താനാവും എന്നതാണ് സോഷ്യൽ മീഡിയക്ക് പിന്നാലെ പോകാൻ ഇരുകക്ഷികളെയും നിർബന്ധിതരാക്കുന്നത്.