ദമാസ്‌കസ്: ഇസ്ലാമിക് ഭീകരർ കൊച്ചുകുട്ടികളേയും ചാവേറുകളായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്ന ഏഴുവയസ്സുകാരി ചാവേറായി പൊട്ടിത്തെറിച്ച സംഭവം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ശേഷം സ്റ്റേഷനിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ച പെൺകുട്ടിയുടെ ശരീരത്തിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ മൂന്നു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടം ഭാഗികമായി തകർന്നു.

പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കയറ്റിവിട്ട ഭീകരർ പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അനുമാനം. ഇസ്ലാമിക് ഭീകരർ വ്യാപകമായി കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് മിദാൻ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമെന്ന് സിറിയൻ അധികൃതർ പറയുന്നു.

ഐസിസ് ഭീകരരും സൈന്യവും തമ്മിൽ കലാപം നടക്കുന്ന അലപ്പോ നഗരത്തിലും പരിസരങ്ങളിലും നിരവധി കുട്ടികൾ ജീവനോടെ ചുട്ടെരിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പെൺകുട്ടിയെ ചാവേറായി ഉപയോഗിച്ച റിപ്പോർട്ടും പുറത്തുവന്നത്.

പ്രസിഡന്റ് അൽ ബാഷറിന്റെ സൈന്യം കുട്ടികളെ കൂട്ടക്കൊലചെയ്തുവെന്ന ആക്ഷേപം നിലനിൽക്കുന്നതിടെ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി കയറിവന്ന് സ്‌ഫോടനം നടത്തിയെന്ന റിപ്പോർട്ട് ചർച്ചയായിരിക്കുകയാണ്.