ബ്രിസ്‌ബേൻ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ബ്രിസ്‌ബേനിൽ പരക്കെ നാശനഷ്ടം. നിരവധി വീടുകൾ തകർത്ത് മരങ്ങൾ വീഴുകയും ക്രിക്കറ്റ് ബോളിന്റെ വലുപ്പത്തിൽ ആലിപ്പഴം പെയ്യുകയും ചെയ്തത് നിവാസികളെ ഏറെ പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരമാണ്  സംഹാരതാണ്ഡവമാടിക്കൊണ്ട് കൊടുങ്കാറ്റ് ഓസ്‌ട്രേലിയൻ കിഴക്കൻ തീരത്ത് ആഞ്ഞുവീശിയത്.
ശക്തമായ കാറ്റിനെ തുടർന്ന് ഉണ്ടായ കനത്ത മഴയും ഇടിമിന്നലും സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു. ശക്തമായ കാറ്റ് വീശുമെന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ ഇരിക്കണമെന്നും മെറ്റീരിയോളജി ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫേൺവില്ലെ വഴി കടന്നുപോയത് അതിശക്തമായ കാറ്റാണെന്ന് ക്യൂൻസ്ലാന്റ് ഫയർ ആൻഡ് എമർജൻസി സർവീസ് വ്യക്തമാക്കി. ഫേൺവില്ലെ ഏരിയയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം സഹായം അഭ്യർത്ഥിച്ച് 50 അപേക്ഷകളാണ് ലഭിച്ചതെന്ന് സ്‌റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.
കൊടുങ്കാറ്റിൽ ഒട്ടേറെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിക്ക വീടുകളുടേയും മേൽക്കൂര പറന്നുപോയി. മരങ്ങൾ വീണ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെയും കാറ്റിനേയും തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. ഏകദേശം നാലായിരത്തിലധികം വീടുകൾ വൈദ്യുതിയില്ലാതെയാണ് കഴിയുന്നത്. മോർട്ടൻ ബേ,ബ്രിസ്‌ബെയിന്റെ ഈസ്റ്റ്, സോമർസെറ്റ് റീജിയൺ, ബ്രിസ്‌ബെയിൻ നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശി.

കൊടുംകാറ്റ് നോർത്തിലേക്ക് നീങ്ങുകയാണെന്നും സൺഷൈൻ തീരത്ത് വീശുമെന്നും റിപ്പോർട്ടുണ്ട്. മാരോസൈഡോർ,നാംബോർ,യാന്തിന,കൂളും ബീച്ച് എന്നിവിടങ്ങളിലും കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. സിഡ്‌നിയുടെ ഇന്നർ വെസ്റ്റിലും ഔട്ടർ സബർബിലും ആലിപ്പഴ വർഷവും കാറ്റും വീശി, കാറ്റിന്റെ വേഗത മണിക്കൂറിൽ 95 കിമീ വരെയായിരുന്നു. കൊടുംകാറ്റ് സീസൺ തുടരുമെന്ന് ന്യൂസൗത്ത് വെയിൽസിൽ സ്‌റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പുണ്ട്.

കാറ്റ് സംഹാരതാണ്ഡവമാടിയ സ്ഥലങ്ങളിൽ എമർജൻസി ക്രൂ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനറോഡുകളിലേക്കും മറ്റും മരങ്ങൾ വീണത് രക്ഷാപ്രവർത്തനത്തിനും മറ്റു സേവനങ്ങൾക്കും ഇന്നലെ തടസ്സമായിരുന്നു. അതേസമയം പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കാമെന്നാണ് എമർജൻസി സർവീസ് വ്യക്തമാക്കുന്നത്.