മെൽബൺ: നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്നത് എന്ന തരത്തിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും മുങ്ങി ഗീലോംഗും മെൽബണും. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളെ മിന്നൽപ്രളയം മൂടി. ആഞ്ഞുവീശുന്ന കാറ്റും വലിയ ആലിപ്പഴ മഴയും ജനജീവിതം അക്ഷരാർഥത്തിൽ ദുസ്സഹമാക്കി.

മെൽബണിന്റെ പല ഭാഗങ്ങളിലും പേമാരി തുടരുകയാണ്. പത്തു മില്ലി മീറ്റർ എന്ന തോതിലാണ് ശരാശരി മഴ. അതേസമയം പടിഞ്ഞാറൻ മേഖലകളിൽ ഇത് 30 മില്ലി മീറ്ററായി. ഗീലോംഗിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് എമർജൻസി സർവീസിന് 250ലേറെ കോളുകളാണ് ലഭിച്ചത്. നൂറ്റാണ്ടിലൊരിക്കൽ മാത്രം ലഭിക്കുന്ന തരത്തിലാണ് ഗീലോംഗിൽ മഴക്കെടുതികൾ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥൻ എഫ്രോൺ പറയുന്നത്.

അവലോണിൽ തന്നെ 72 മില്ലി മീറ്റർ മഴയാണ് പെയ്തത്.  ഒരു മാസം ലഭിക്കുന്ന ശരാശരി മഴയേക്കാൾ ഇരട്ടിയിലധികമാണ് ഒരു ദിവസം കൊണ്ട് ഇവിടെ പെയ്തത്. ജനുവരി മാസത്തിൽ ശരാശരി 35 മില്ലീ മീറ്റർ മഴയാണ് ലഭിക്കുക. വീടുകളും കാറുകളും മഴ വെള്ളത്തിൽ മുങ്ങിപ്പോയി. 30 മിനിട്ടിനുള്ളി്ൽ 24 മില്ലീ മീറ്റർ മഴയാണ് ഗീലോംഗിൽ പെയ്തിറങ്ങിയത്. ഗീലോംഗിലെമ്പാടുമുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ 17 പേരെയാണ് എമർജൻസി സർവീസ് രക്ഷപ്പെടുത്തിയത്.

മിന്നൽപ്രളയത്തിനെതിരേ കനത്ത ജാഗ്രതാ നിർദേശമാണ് സ്റ്റേറ്റ് എമർജൻസി സർവീസ് നൽകിയിട്ടുള്ളത്. വസ്തുവകകൾ ഒഴുകിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അറിയിപ്പുണ്ട്. വെള്ളക്കെട്ടുകൾ, ചെറുതോടുകൾ തുടങ്ങിയവയ്ക്കു സമീപത്തു നിന്നും മാറി നിൽക്കാനും നിർദേശമുണ്ട്. മുമ്പ് കാട്ടുതീ ബാധിത പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.