പത്തനംതിട്ട: ഓസോൺ ഡിറ്റക്ടർ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ശബരിമല സന്നിധാനത്തെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വരുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. മറുനാടൻ മലയാളി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.

ഇന്നലെ സന്നിധാനത്തെ പ്ലാന്റ് സന്ദർശിച്ച മലിനീകരണ നിയന്ത്രണബോർഡിലെ എൻവയൺമെന്റൽ എൻജിനീയർ അലക്സാണ്ടർ ജോർജ്, അസി. എൻജിനിയർ ജെഎസ് ബൈജു എന്നിവരുടേതാണ് അന്ത്യശാസനം. ഇവർ പ്ലാന്റ് പരിശോധിക്കുകയും ചെയ്തു.

ഓസോൺ ഡിറ്റക്ടറും അതിനൊപ്പം ഹൈപ്പോ ക്ലോറൈറ്റ്, ഫ്ളോമിനേറ്റർ എന്നിവയും സ്ഥാപിക്കുമെന്ന വ്യവസ്ഥയിലാണ് ഒക്ടോബറിൽ മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാന്റിന് പ്രവർത്തന അനുമതി നൽകിയത്. നവംബർ പതിനഞ്ചിനകം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്ലാന്റ് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇത് വരെ നടപടി ഉണ്ടായില്ല. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്ന് പ്ലാന്റ് അധികൃതർ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

പ്ലാന്റിലെ ശുദ്ധീകരിച്ച ജലം പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാ ടോയ്ലറ്റുകളും പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടില്ല. ഇക്കുറി ദേവസ്വം ബോർഡിന്റെ് ചെലവിൽ 800 മീറ്റർ പൈപ്പ് ലൈൻ പുതുതായി സ്ഥാപിച്ച് ചില ഭാഗത്തെ മലിനജലം പ്ലാന്റിലെത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. സന്നിധാനത്ത് വിവിധ ഭാഗങ്ങളിലെ മലിനജലം ബെയ്ലി പാലത്തിനടിയിലൂടെ ഞുണങ്ങാറിൽ എത്തി പമ്പയിൽ സംഗമിക്കുകയാണ്.

ബെയ്ലി പാലത്തിന് താഴെ തടയണ നിർമ്മിച്ചെങ്കിലും ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് പ്ലാന്റിലെത്തിക്കാൻ നടപടി എടുത്തിട്ടില്ല. അതിനാൽ തടയണ കവിഞ്ഞ് മലിനജലം ഞുണങ്ങാറിലേക്കാണ് ഒഴുകുന്നത്. തടയണയിലെ മലിനജലം പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്നതിന് മോട്ടോർ സ്ഥാപിച്ചെങ്കിലും ദേവസ്വം ബോർഡ് ഡീസൽ നൽകുന്നില്ലെന്ന് പറഞ്ഞ് പമ്പിങ് നടത്തുന്നില്ല. 50 ലക്ഷം ലിറ്റർ ശേഷിയുള്ള ഈ പ്ലാന്റിൽ 7.75 ലക്ഷം ലിറ്റർ മലിനജലമാണ് എത്തുന്നത്.

സന്നിധാനത്തെ വിവിധ ടോയ്ലറ്റുകൾ, ഹോട്ടൽ, കാന്റീൻ എന്നിവിടങ്ങളിലെ മലിനജലം പൂർണ്ണമായി പ്ലാന്റിലെത്തിക്കാൻ പൈപ്പ് സ്ഥാപിക്കാത്തതാണ് കാരണം. ഓസോണൈസേഷൻ സംവിധാനം കൊണ്ട് മാത്രം പ്ലാന്റിൽ അണു നശീകരണം നടത്താൻ കഴിയാ ത്തതിനാലാണ് ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച് അണുക്കളെ നശിപ്പിച്ച ശേഷം ക്ലോറിന്റെ അംശം പൂർണ്ണമായും നീക്കുന്നതിനായുള്ള ഡീക്ലോറിനേഷൻ സംവിധാനം വിഷുവിന് മുൻപ് സ്ഥാപിക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ഇപ്പോൾ അണു നശീകരണം പൂർണ തോതിൽ നടക്കുന്നില്ല. അന്തരീക്ഷ വായുവിൽ നിന്നാണ് ഓസോൺ ഉൽപാദിപ്പിക്കുന്നത്. ഓസോൺ ഉൽപാദിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് ഓസോൺ ഡിറ്റക്ടർ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്.