കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യാനുള്ള ജനങ്ങളുടെ ശ്രമം തുടരുന്നു. അഫ്ഗാനികൾ രാജ്യം വിടരുതെന്ന അന്ത്യശാസനം താലിബാൻ ഭീകരർ നൽകിയിട്ടും രാജ്യം വിടുന്നതിനായി വിമാനത്താവളത്തിൽ എത്തിച്ചേരുന്നവരുടെ തിക്കും തിരക്കും അവസാനിക്കുന്നില്ല. താലിബാന്റെ വിലക്ക് വകവയ്ക്കാതെ നിരവധിപേരാണ് എയർപോർട്ടുകളിലേക്ക് ഇപ്പോഴും എത്തിച്ചേരുന്നത്.

മലിനജലം ഒഴുകുന്ന കനാലിൽ ഇറങ്ങിനിന്ന് തങ്ങളെ രക്ഷിക്കാനായി അപേക്ഷിക്കുന്ന അഫ്ഗാൻ ജനതയുടെ ചങ്കുലയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

 

എയർപോർട്ടിന് സമീപത്തെ കമ്പിവേലിക്കും മതിലിനോടും ചേർന്നൊഴുകുന്ന അഴുക്ക് ചാലിലാണ് ജനങ്ങൾ ഇറങ്ങിനിൽക്കുന്നത്. പാസ്പോർട്ടും മറ്റു രേഖകളും ഉയർത്തിക്കാട്ടി ഇവർ അമേരിക്കൻ സേനയോട് തങ്ങളെക്കൂടി കൊണ്ടുപോകാൻ അപേക്ഷിക്കുകയാണ്.

അതേസമയം, ഓഗസ്റ്റ് 31ന് ശേഷം അമേരിക്കൻ സേന അഫ്ഗാനിൽ തങ്ങരുത് എന്നാണ് താലിബാന്റെ അന്ത്യശാസനം. യുഎസിന്റെ ഒഴിപ്പിക്കൽ നീളുന്ന സാഹചര്യത്തിലാണ് താലിബാന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അമേരിക്കയ്ക്ക് തങ്ങളുടെ പൗരന്മാരേയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാൻ പൗരന്മാരെ കൊണ്ടുപോകരുത് എന്നും താലിബാൻ അന്ത്യശാസനം നൽകിയിരുന്നു.

അതേ സമയം അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി പോരാടുമെന്ന പ്രതിജ്ഞയുമായി അഫ്ഗാനിലെ അദ്ധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തി. തങ്ങളുടെ ജീവനാണ് അതിന് വിലയെങ്കിൽ അത് നൽകാൻ തയ്യാറാണെന്നും ഇവർ വ്യക്തമാക്കി.

പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും, അദ്ധ്യാപികമാർ പെൺകുട്ടികളെ മാത്രം പഠിപ്പിച്ചാൽ മതിയെന്നതുൾപ്പെടെയുള്ള നിബന്ധനകൾ താലിബാൻ മുന്നോട്ട് വച്ചിരുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ സ്‌കൂളുകളിൽ പോയി പഠനം തുടരേണ്ടതില്ലെന്നതാണ് താലിബാന്റെ പൊതുനയം.



തങ്ങൾ ഇതുവരെ ചെയ്ത് വന്നിരുന്ന ജോലിയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് കാണ്ഡഹാറിൽ നിന്നുള്ള ഒരു അദ്ധ്യാപിക പറഞ്ഞു. ' പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ലക്ഷ്യത്തിൽ നിന്ന് തങ്ങളെ തടയാൻ ആർക്കുമാകില്ല. പല അദ്ധ്യാപകരും ഇതിനെതിരെ മുന്നോട്ട് വരാൻ മടിക്കുന്നുണ്ട്. അവരെ തിരിച്ചറിയുമെന്ന ഭയമാണ് കാരണം. താലിബാൻ അധികാരത്തിൽ വന്നതോടെ എല്ലാ സ്വാതന്ത്ര്യവും നഷ്ടമാകുമെന്ന ആശങ്കയിലാണ് എല്ലാവരും. താലിബാൻ ആരേയും തടയില്ലെന്നാണ് പറയുന്നതെങ്കിലും, ആ വാക്കുകൾ വിശ്വസിക്കാനാകില്ല. ഇനി താലിബാൻ തടയാൻ നോക്കിയാലും, അതിന് തയ്യാറാകില്ലെന്നും' അദ്ധ്യാപിക പറയുന്നു.