എറണാകുളം: ഇടപാടുകാരെ ഫോണിൽ വിളിച്ചു വരുത്തി കങ്ങരപ്പടി കവലയിൽനിന്ന് കാറിൽ അനാശാസ്യകേന്ദ്രത്തിലെത്തിച്ച് അശോകനും കൂട്ടരുമുണ്ടാക്കിയത് ലക്ഷങ്ങളെന്ന് പൊലീസ്. അതിനിടെ പൊലീസ് പിടിയിലായ ആറംഗ സംഘത്തെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാക്കനാട് കങ്ങരപ്പടി കവലയ്ക്കു സമീപമായിരുന്നു ഇവരുടെ അനാശാസ്യ കേന്ദ്രം.

എരൂർ സ്വദേശി അശോകനായിരുന്നു നടത്തിപ്പുകാരനെന്നും പൊലീസിന് വ്യക്തമായി. അശോകന് പുറമേ യുവതികളെ കൊണ്ടുവന്ന കാർ ഡ്രൈവർ അബ്ദുൾ ഗഫൂർ, ഇടപാടുകാരായ ഗോഡ് ഫ്രെ (44), ആനന്ദൻ (43) എന്നിവരും മൈസൂർ സ്വദേശിനിയും നേപ്പാൾ സ്വദേശിനിയുമാണു പിടിയിലായത്.

പരിസരവാസികൾക്ക് സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പെരുമാറ്റം. ഒരു മാസം മുൻപാണു സംഘം കങ്ങരപ്പടി കവലയ്ക്കു സമീപം വീട് വാടകയ്‌ക്കെടുത്തത്. അശോകൻ തൃപ്പൂണിത്തുറയിൽ നടത്തിയിരുന്ന ഡയറി ഫാം നഷ്ടത്തിലായിരുന്നു. ഭാര്യ ടിബി രോഗം ബാധിച്ചാണ് മരിച്ചത്. ഭാര്യയുടെ ചികിത്സക്കായി ധാരാളം പണം ചെലവിടുകയും ചെയ്തു. ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഈ സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് താൻ ഈ ജോലി തെരഞ്ഞെടുത്തതെന്ന് അശോകൻ പൊലീസിൽ മൊഴി നൽകി.

പിടിയിലായ സ്ത്രീകൾ ഒന്നര വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇവർ ഒരു മാസം മുമ്പാണ് അശോകനൊപ്പം ചേർന്നതെന്ന് കളമശേരി സിഐ എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇടപാടുകാരെ ഫോണിൽ വിളിച്ചു വരുത്തി ഇവരുടെ കാറിലാണ് വീട്ടിൽ എത്തിച്ചിരുന്നത്. നടത്തിപ്പുകാരുടെ വാഹനം മാത്രം വന്നിരുന്നതിനാൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. 8000 മതൽ 10000 രൂപവരെയാണ് ഇവർ ഇടപാടുകാരിൽ ഈടാക്കിയിരുന്നത്.

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന ചില ജൂനിയർ നടിമാരും അശോകന്റെ സംഘത്തിൽ അംഗങ്ങളാണ്. ഇവർക്ക് 25,000 രൂപ വരെയാണ് വിലയിട്ടിരുന്നത്. കിട്ടുന്ന പണത്തിന്റെ ഒരു പങ്കാണ് അശോകൻ കൈവശപ്പെടുത്തിയിരുന്നത്. ഇവരുടെ കൈയിൽ നിന്നും ഒരു കാർ, സ്‌കൂട്ടർ, ഏഴ് മൊബൈൽ ഫോണുകൾ, 20,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കളമശേരി സിഐ എസ്. ജയകൃഷ്ണൻ, തൃക്കാക്കര എസ്‌ഐ എ.എൻ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി സംഘത്തെ പിടിച്ചത്.