തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ കുടുക്കാൻ കേരള പൊലീസ് വിരിച്ച വലയിൽ കുടുങ്ങിയ വമ്പൻ സ്രാവാണ് മനുഷ്യക്കടത്തിന് മുംബയിൽനിന്ന് അറസ്റ്റ് ചെയ്ത കോഴിക്കോട് പാലിശേരി കണ്ണാടിപ്പൊയ്യിൽ ഇല്ലത്ത് അബ്ദുൾനിസാർ. മനുഷ്യക്കടത്തിലൂടെയും പെൺവാണിഭ സംഘടങ്ങളിലൂടെയും കോടികളാണ് അബ്ദുൾ നാസർ സമ്പാദിച്ചതെന്നാണ് പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്. അധോലോകത്തെ വെല്ലുന്ന വിധത്തിൽ വമ്പൻ ശൃംഖല തന്നെയാണ് നിസാറിന് കീഴിൽ പ്രവർത്തിക്കുന്നത്. എജന്റുമാരെ വച്ചാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. പൊലീസ് പിടികൂടാതിരിക്കാൻ ബഹ്‌റിനിലായിരുന്നു ഏറെക്കാലം താമസം. ഭാര്യയെന്ന് പറഞ്ഞ് മറ്റൊരു യുവതിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു.

മണി ട്രാൻസ്ഫർ മുഖാന്തരം മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ 30 ലക്ഷം രൂപ നാട്ടിലേക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ നിസാറിനെയും ഭാര്യയെന്ന വ്യാജേന ബഹറിനിൽ താമസിച്ചിരുന്ന ഷാജിദയെയും രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി വേലായുധനും സംഘവും നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും മനുഷ്യക്കടത്തും പെൺവാണിഭവുമായും ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. ഷാജിദയും സ്വന്തം നിലയിൽ ലക്ഷങ്ങളുടെ സമ്പാദ്യം സ്വരുക്കൂട്ടിയിട്ടുണ്ട്. ലക്ഷങ്ങൾ ബാങ്ക് ബാലൻസായി കരുതിയിട്ടുള്ള ഇവർ സ്വന്തമായി വീട് നിർമ്മിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിമൂന്നുപേരെ ഗൾഫിലേക്ക് കടത്തികൊണ്ടുപോയി പെൺവാണിഭത്തിന് നിയോഗിച്ചതായി മനുഷ്യക്കടത്തിലെ പ്രധാനകണ്ണിയായ അബ്ദുൾ നിസാർ അന്വേഷണ സംഘത്തോടെ സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ മലബാർ വരെ വിവിധ ജില്ലകളിൽ തങ്ങൾക്ക് അസംഖ്യം പേർ ഏജന്റുമാരായുണ്ടായിരുന്നുവെന്നും ഇവരുടെ സഹായത്തോടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗൾഫിൽ പെൺവാണിഭം കൊഴുപ്പിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ കൊല്ലത്തുനിന്ന് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത അർച്ചന , മനുഷ്യക്കടത്തിൽ ഏതാനും ആഴ്ച മുമ്പ് പാരിപ്പള്ളിയിൽ നിന്ന് പൊലീസ് പിടികൂടിയ ഗീത എന്നിവരുൾപ്പെടെ അതിബൃഹത്തായ ഒരു ശൃംഖലയാണ് താഴെത്തട്ടിൽ ഇതിനായി പ്രവർത്തിച്ചിരുന്നത്.

നാട്ടിൻപുറത്തെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടവരാണ് ഏജന്റുമാരിലധികവും. ഇവരിൽ പലരും പലതരത്തിലുള്ള മാർക്കറ്റിങ് സ്ഥാപനങ്ങളുടെയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെയും ഏജന്റുമാർ കൂടിയാണ്. ഇവരെ ഉപയോഗിച്ച് സൗന്ദര്യമുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയും കണ്ടെത്തി ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കടത്തികൊണ്ടുപോയി പെൺവാണിഭത്തിനുപയോഗിക്കുന്നതായിരുന്നു തന്ത്രം. ജോലിയെന്ന് വാഗ്ദാനത്തിൽ വിശ്വസിച്ച് പണം മുടക്കിയവരിൽ പലരും പെൺവാണിഭ സംഘങ്ങത്തിൽ എത്തിപ്പെടുകയും ചെ്തു.

വിസ ചാർജെന്ന പേരിൽ ഒരാളെ കടത്തി വിടുന്നതിന് ഒരു ലക്ഷം രൂപവരെ ഇവർക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. പാരിപ്പള്ളിയിൽ നിന്ന് പൊലീസ് പിടിയിലായ ഗീത മുഖാന്തരം കഴിഞ്ഞ ഒരു വഷത്തിനകം ഒൻപതു സ്ത്രീകളെ കടത്തിയതായി ഇവർ വ്യക്തമാക്കി. എന്നാൽ, ഗൾഫിലെത്തി ചതിയിൽപെട്ടെന്ന് ബോദ്ധ്യപ്പെട്ട പലരും തന്ത്രപരമായി ഇവരുടെ താവളത്തിൽനിന്ന് രക്ഷപ്പെട്ടുവെന്നും അവർ എവിടെയാണെന്ന് അറിയില്ലെന്നുമാണ് നിസാറും ഷാജിദയും പൊലീസിനോട് പറഞ്ഞത്.

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് പിടികൂടിയ ഓൺലൈൻ പെൺവാണിഭക്കേസിന്റെ തുടരന്വേഷണത്തിലാണ് മനുഷ്യക്കടത്തും ഗൾഫ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭവും പുറത്തായത്. മനുഷ്യക്കടത്തിന്റെ അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘം പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മുംബയ് എയർ പോർട്ടിൽ നിന്ന് എമിഗ്രേഷൻ വിഭാഗമാണ് അബ്ദുൾ നിസാറിനെയും സംഘത്തെയും പിടികൂടി ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പതിനെട്ട് വർഷമായി ഗൾഫിൽ ഡ്രൈവറായ അബ്ദുൾ നിസാർ മൂന്നുവർഷം മുമ്പാണ് കൊല്ലം സ്വദേശിനിയായ ഷാജിദയെ പരിചയപ്പെട്ടത്. വീട്ടുജോലിക്കായി ഗൾഫിലെത്തി സെക്‌സ് റാക്കറ്റിലകപ്പെട്ട ഷാജിദ പിന്നീട് അത് തൊഴിലായി സ്വീകരിച്ച് അവിടെ പലസ്ഥലങ്ങളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.

ഭർത്താവ് ഉപേക്ഷിച്ച ഷാജിദയും അബ്ദുൾ നിസാറും ഭാര്യാ ഭർത്താക്കന്മാരെപോലെ ഒരേ സ്ഥലത്തായിരുന്നു താമസം. നാട്ടിൽ നിന്ന് പെൺകുട്ടികളെയും വീട്ടമ്മമാരെയും വിസിറ്റിങ് വിസയിലും മറ്റും കൂട്ടിക്കൊണ്ടുവന്നശേഷം ആവശ്യക്കാരെ വിളിച്ചുവരുത്തി സ്വന്തം ഫ്‌ളാറ്റിലും അവർ ആവശ്യപ്പെടുന്ന സ്ഥലത്തുമെത്തിച്ചായിരുന്നു ബിസിനസ് കൊഴുപ്പിച്ചത്. ഡ്രൈവറായ അബ്ദുൾ നാസർ അയാളുടെ വാഹനത്തിലാണ് ആവശ്യക്കാർക്ക് സ്ത്രീകളെ ഫ്‌ലാറ്റുകളിലും മറ്റും എത്തിച്ചുനൽകിയിരുന്നത്. 30 ദിനാറാണ് ഇടപാടുകാരിൽനിന്ന് അബ്ദുൾനാസറും സാജിദയും പ്രതിഫലമായി പറ്റുന്നത്. ഇതിൽ പകുതി ഇരകളായ പെൺകുട്ടികൾക്ക് കൈമാറിയശേഷം ബാക്കി ഇവർ സ്വന്തമാക്കുന്നതായിരുന്നു രീതി.

ഓൺലൈൻ പെൺവാണിഭക്കേസിൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത ജോയ്‌സ് ജോസഫിന്റെ കുറ്റസമ്മത മൊഴിയും ഒന്നരവർഷം മുമ്പ് ഗൾഫിൽ ഇവരുടെ ഇരയായ യുവതിയുടെ വെളിപ്പെടുത്തലുമാണ് മനുഷ്യക്കടത്ത് കേസിൽ നിർണായകമായത്. ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ മുമ്പ് അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന ജോയ്‌സ് ജോസഫ്, അക്‌ബർ, മുബീന തുടങ്ങിയ ഏഴുപ്രതികളുൾപ്പെടെ പന്ത്രണ്ടംഗ സംഘമാണ് മനുഷ്യക്കടത്തിനും ഗൾഫിലെ പെൺവാണിഭത്തിനും ചുക്കാൻ പിടിച്ചത്. ഗൾഫിലെ സെക്‌സ് റാക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച വിവരം അറിഞ്ഞ് മുംബയ് വഴി നാട്ടിലെത്തി ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അബ്ദുൾ നിസാറും ഷാജിദയും പിടിയിലായത്.