ന്യൂഡൽഹി: തന്റെ കൈവശം ആകെയുള്ള 10,000 രൂപയോളം വരുന്ന പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയയായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന യുവതിയാണ് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. 

വേശ്യാലയ റാക്കറ്റിൽ നിന്ന് രക്ഷപ്പെട്ട ഇവർക്ക് നോട്ടസാധുവാക്കൽ കാലത്ത് വേശ്യാലയം നടത്തിപ്പുകാർ നൽകിയതാണ് 10,000 രൂപ. ബംഗ്ലാദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ഒരാളാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇന്ത്യയിലേക്കെത്തിച്ച യുവതിയെ പുണെയിലെ ബുധ്വാർപേട്ടിലെ വേശ്യാലയത്തിന് വിൽക്കുകയായിരുന്നു. 2015ൽ ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവർക്ക് സന്നദ്ധപ്രവർത്തകരുടെ ഇടപെടലോടെയാണ് ഈ പണം ലഭിച്ചത്.

ഇത് പ്രധാനന്ത്രി നോട്ടസാധുവാക്കൽ പ്രഖ്യാപിച്ച സമയത്താണ് അവർ കൈമാറിയത്. പിന്നീടാണ് അറിഞ്ഞത് തന്റെ കൈവശമുള്ള പണത്തിന് കടലാസിന്റെ വിലയേയുള്ളുവെന്ന്. ഇതോടെ ഇവർ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ഇവർ സഹായം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

2015ൽ രക്ഷപ്പെട്ടെങ്കിലും ഇവർക്ക് സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ബംഗ്ലാദേശ് അനുവദിക്കുകയായിരുന്നു.

വിവാഹിതയായിരുന്ന ഇവർ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ശേഷം 9000 രൂപയ്ക്ക് പ്രദേശത്തെ തുണിമില്ലിൽ ജോലി ചെയ്താണ് ഇവർ സ്വന്തം മാതാപിതാക്കളെ അന്ന് നോക്കിയിരുന്നത്.അതിനിടയിൽ ജോലിസ്ഥലത്തുവെച്ച് പരിചയപ്പെട്ട ഒരാൾ 15,000 രൂപ ശമ്പളം കിട്ടുന്ന ജോലി ഇന്ത്യയിൽ വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

സാമ്പത്തികമായി പരാധീനതയിലായിരുന്ന യുവതി വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലെത്തിയ യുവതിയെ ഇയാൾ ഒരു നേപ്പാളി സ്ത്രീക്ക് 50,000 രൂപയ്ക്ക് വിറ്റു. പിന്നീട് ബംഗളൂരുവിലെ മറ്റൊരു സ്ത്രീക്ക് മറിച്ചു വിറ്റു. ഇവരാണ് യുവതിയെ നിർബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ചത്.

എന്നാൽ 2015 ഡിസംബറിൽ സന്നദ്ധ സംഘടനകളുടെ ഇടപെടലാണ് യുവതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. തനിക്ക് പണം മാറ്റിയെടുക്കാൻ പ്രധാനമന്ത്രി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി.