കോട്ടയം: ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും നാണംകെട്ട വാർത്തയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് സ്ഥാനത്തിരിക്കുന്ന ഒരാൾ അറസ്റ്റിലായി എന്നത്. സഭയുടെ ഇന്ത്യയിലെ സ്ഥാനത്തിരിക്കുന്ന മുതിർന്ന സ്ഥാനികളിൽ ഒരാൾ അറസ്റ്റിലാകുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. നാണക്കേടിന്റെ ഈ റെക്കോർഡ് ബിഷപ്പ് ഫ്രാങ്കോ സ്വയം വരുത്തിവെച്ചതാണ്. കാരണം ആരോപണം ശക്തമാകുമ്പോൾ ബിഷപ്പ് രാജിവെച്ചിരുന്നെങ്കിൽ ബിഷപ്പ് അറസ്റ്റിലായി എന്ന വാർത്തകൾ വരില്ലായിരുന്നു.

പ്രകൃതിവിരുദ്ധ പീഡനത്തിനും അൾത്താര ബാലന്മാരെ പീഡിപ്പിച്ചതിനും പല രാജ്യങ്ങളിലും ബിഷപ്പുമാരും വൈദികരും നടപടി നേരിട്ടുണ്ട്. ഒരു വൈദികന്റെ പീഡനവിവരം മറച്ചുവച്ചതിനു പോലും അടുത്തകാലത്ത് ഓസ്ട്രേലിയിലെ ഒരു ആർച്ച്ബിഷപ്പിനെ കോടതി ശിക്ഷിച്ചിരുന്നു. വാഷിങ്ടണിലും ബിഷപ്പുമാർക്കെതിരെ ആരോപണം ഉയർന്നപ്പോൾ വത്തിക്കാൻ ഇടപെട്ട് രാജികത്ത് എഴുതിവാങ്ങി. അതേസമയം, സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദത്തിൽപെട്ട മലയാളികളായ രണ്ട് ബിഷപ്പുമാർക്ക് മുൻപ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കൊഹിമ ബിഷപ്പ് ആയിരുന്ന ജോസ് മുകാലയും കൊച്ചി ബിഷപ്പ് ആയിരുന്ന ജോൺ തട്ടുങ്കലുമാണ് നടപടി നേരിട്ടത്. വത്തിക്കാൻ ഇടപെട്ട് ഇരുവരേയും രാജിവയ്‌പ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇവർ അഴിക്കുള്ളിലാകാതെ രക്ഷപെട്ടു. എന്നാൽ, കന്യാസ്ത്രീയെയും കുടുബത്തെയും അധികാരത്തിന്റെ ലഹരിയിൽ വരുതിയിൽ നിർത്താൻ നടത്തിയ ശ്രമങ്ങളാണ് ബിഷപ്പിന് കുരുക്കായി മാറിയത്.

ഒരു കന്യാസ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട ജോസ് മുകാലയോട് രാജിവയ്ക്കാൻ വത്തിക്കാൻ നൂൺഷ്യോ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം 2009 ഒക്ടോബർ 30ന് അദ്ദേഹം രാജിവച്ചു. ഒരു കന്യാസ്ത്രീയുമൊത്തുള്ള ചില ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്. എന്നാൽ തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ പിന്നീട് സഭാനേതൃത്വം വിമർശനവും നേരിട്ടിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നീണ്ടപ്പോൾ ജോസ് മുകാലയെ സഭയിലെ തന്നെ ചില എതിരാളികൾ കെണിയിൽ പെടുത്തുകയായിരുന്നുവെന്നും വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും വത്തിക്കാൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇദ്ദേഹം എമിരറ്റസ് ബിഷപ്പ് ആയി വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോൾ. ഈ സംഭവമായിരിക്കാം ബിഷപ്പ് ഫ്രാങ്കോയുടെ പേരിൽ തിടുക്കത്തിൽ നടപടിയെടുക്കാൻ വത്തിക്കാനെ പിന്നോട്ടുവലിച്ചതെന്ന് സഭയുമായി ബന്ധപ്പെട്ടവർ പറയുന്നു. അതേസമയം കൊച്ചി രൂപതാ ബിഷപ്പ് ആയിരുന്ന ഡോ.ജോൺ തട്ടുങ്കൽ ആണ് പെൺവിഷയത്തിൽപെട്ട് പദവി നഷ്ടപ്പെട്ട മറ്റൊരാൾ. സോണിയ ജോസഫ് എന്ന യുവതിയെ ബിഷപ്പുഹൗസിൽ താമസിപ്പിച്ചുവെന്നും യുവതിയുടെ രക്തം കൊണ്ട് ബിഷപ്പ് ഹൗസ് വെഞ്ചിരിച്ചുവെന്നും ബ്ലാക്ക്മാസ് നടത്തിയെന്നും വരെ ജോൺ തട്ടുങ്കലിനെതിരെ ആരോപണം ഉയർന്നു. ഇതോടെ രൂപതയിലെ വൈദികർ ഒന്നടങ്കം ബിഷപ്പ് ഹൗസ് ബഹിഷ്‌കരിച്ച് ബിഷപ്പിനെതിരെ സമരം പ്രഖ്യാപിച്ചു. ഇതോടെ 2008 ഒക്ടോബർ 24ന് സഭ ഇദ്ദേഹത്തെ ബിഷപ്പ് സ്ഥാനത്തുനിന്നും സസ്പെന്റു ചെയ്തു.

അതേസമയം, ഇദ്ദേഹത്തിനെതിരെ നടന്നതും ഒരു സംഘം വൈദികരുടെ ഗൂഢാലോചനയാണെന്നും ചില വൈദികർ പറയുന്നു. നെതർലാൻഡിൽ നിന്നും രൂപതയുടെ അക്കൗണ്ടിലേക്ക് വന്ന 32 കോടി രുപയുടെ തിരിമറി കണ്ടുപിടിച്ചതിനു ജോൺ തട്ടുങ്കലിനെ ചില വൈദികർ പുകച്ചുപുറത്തുചാടിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. എന്തായാലും സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ സോണിയയുടെ പിതാവായ സി.കെ ജോസഫിന്റെ പത്തനംതിട്ടയിലെ വീട്ടിലും പട്ടുമലയിലെ ധ്യാനകേന്ദ്രത്തിലുമൊക്കെ കഴിഞ്ഞിരുന്ന ജോൺ തട്ടുങ്കൽ പിന്നീട് ഇറ്റലിയിലേക്ക് കടന്നു.

മിലാനിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ മാനേജർ ആയി ജോലി ചെയ്യുന്നുണ്ടെന്നും ഇറ്റലിയിലെ ഒരു സ്റ്റാർ ഹോട്ടലിലെ മാനേജർ ആണെന്നുമൊക്കെ പറഞ്ഞുകേൾക്കുന്നു. ആരോപണത്തിന ഇടയാക്കിയ യുവതി ഒപ്പമുണ്ടോ എന്ന് വ്യക്തമല്ല. തന്റെ ദത്തുപുത്രിയാണ് അവളെന്നാണ് അദ്ദേഹം പറഞ്ഞത്. വത്തിക്കാനിൽ നിന്നും നടപടി വരുന്നതറിഞ്ഞ് കാറിൽ കേറി അതിവേഗം പുറത്തേക്ക് പോയ ജോൺ തട്ടുങ്കലിനെ കുറിച്ച് പിന്നീട് ആർക്കും വ്യക്തമായ ഒരു വിവരവുമില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആരോപണ വിധേയരായ രണ്ടു പേർ, ഇരുവരും ലത്തീൻ രൂപതയിൽ സേവനം ചെയ്തവർ, വൈദികർ പരാതി ഉന്നയിച്ച ഉടൻ ഗൗരവം മനസ്സിലാക്കി വത്തിക്കാൻ പ്രതിനിധിയെ അയച്ച് അന്വേഷണം നടത്തുകയും അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ വത്തിക്കാന്റെ അമാന്തം തുടരുന്നത് പൊതുസമൂഹത്തിൽ കുറച്ചൊന്നുമല്ല ചർച്ചയ്ക്ക് ഇടയാക്കിയത്. ഈ ചർച്ചകളാണ് വിഷയത്തെ സജീവമാക്കി നിർത്തിയത്.

കന്യാസ്ത്രീയാകാൻ പുതുതലമുറ താൽപര്യം കാട്ടാത്തതിനാൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന മഠങ്ങൾക്ക്, ഇരുട്ടടി കൂടിായണ് ഈ സംഭവം. ഇത്തരം സംഭവങ്ങൾ മഠത്തിലെത്താൻ താൽപര്യം കാട്ടുന്ന ചെറിയ ശതമാനത്തെപ്പോലും പിൻതിരിപ്പിച്ചേക്കുമെന്നും വൈദികരടക്കം പറയുന്നു. ബിഷപ്പിനെതിരായ പരാതിക്കൊപ്പം മഠങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത് പെൺകുട്ടികളെയും കുടുംബങ്ങളെയും സ്വാധീനിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2015ൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടത്തിയ സർവേയിൽ 'ദൈവവിളി' ലഭിക്കുന്ന പെൺകുട്ടികളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. പുതിയതായി കന്യാസ്ത്രീകളാകാൻ പരിശീലനം നേടുന്നവരുടെ എണ്ണം 0.19 ശതമാനം മാത്രവുമായിരുന്നു. സാമൂഹിക ചിന്താഗതിയിലുണ്ടായ മാറ്റവും അണുകുടുംബങ്ങൾ രൂപപ്പെട്ടതും മഠങ്ങളുടെ ആകർഷണീയത ഇല്ലാതാക്കി. കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടതും ഒഴുക്കിനു തടയിട്ടു. വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിലും സമാന അവസ്ഥ സംജാതമായിരുന്നു. കന്യാസ്ത്രീകളിൽ ഭൂരിഭാഗവും സഭാസ്ഥാപനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവരുടെ എണ്ണം കുറയുമ്പോൾ ഇവിടങ്ങളിൽ പുതിയതായി ജോലിക്കാരെ നിയോഗിക്കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പുറമെ, ബിഷപ്പിനെതിരെ തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകൾ നടത്തിയ പരസ്യപ്രതിഷേധവും സന്യാസിനി സമൂഹങ്ങൾക്ക് തിരിച്ചടിയാകും. സഭയുടെ കർശന അച്ചടക്കത്തിന്റെ കെട്ടുകൾ പൊട്ടിച്ച് നിരവധിപേർ രംഗത്ത് എത്തിയേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സമരത്തെ പിന്തുണച്ച് പരസ്യമായും രഹസ്യമായും നിരവധി പേരെത്തി. ഇതോടെ, സമരത്തോട് സഹകരിക്കരുതെന്ന് കാണിച്ച് സി.എം.സി(കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ) സുപ്പീരിയർ ജനറലിന് സർക്കുലർ പുറത്തിറക്കേണ്ടിയും വന്നിരുന്നു.