മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായ റിട്ട. അദ്ധ്യാപകനും സിപിഎം. മലപ്പുറം സിപിഎം നഗരസഭാ കൗൺസിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്‌കൂളിലെ നിരവധി പൂർവ വിദ്യാർത്ഥികൾ രംഗത്ത്. മലപ്പുറം നഗരത്തിലെ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന ഇയാൾ നിരവധി വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിക്കുന്നത്.

മലപ്പുറം സ്‌കൂളിലെ  വിദ്യാർത്ഥിനികൾ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂർവ വിദ്യാർത്ഥിനി സംഘടനാ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീർ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്. അദ്ധ്യാപകനായിരുന്ന 30 വർഷത്തിനിടെ ശശികുമാർ സ്‌കൂളിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. 

സ്‌കൂളിൽ ഗണിത അദ്ധ്യാപകനായിരുന്ന കെ.വി. ശശികുമാർ മാർച്ചിലാണ് സർവീസിൽനിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളിൽ വൻ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ കണ്ട ഒരു പൂർവവിദ്യാർത്ഥിനിയാണ് ആദ്യം അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെൺകുട്ടികളാണ് ഇയാളിൽനിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും ഇതേത്തുടർന്നാണ് പൂർവ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയതെന്നും കൂട്ടായ്മയുടെ പ്രതിനിധിയായ അഡ്വ. ബീന പിള്ള പറഞ്ഞു.

ശശികുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഷെയർ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ധ്യാപകനിൽനിന്ന് ദുരനുഭവമുണ്ടായ കൂടുതൽ പെൺകുട്ടികൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

സ്‌കൂളിൽ നേരത്തെ പഠിച്ച ഒട്ടേറെ പെൺകുട്ടികളും യുവതികളുമാണ് ഇയാളിൽനിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികൾ വെളിപ്പെടുത്തൽ നടത്തിയതോടെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളിൽനിന്ന് പഠനം പൂർത്തീകരിച്ചവരും അടക്കം സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ 60-ഓളം പേർ ചേർന്നാണ് കെ.വി. ശശികുമാറിനെതിരേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിന് ഇരയായവരും ഇതിൽ ഉൾപ്പെടും.

ഇവരുടെ പരാതിയിൽ മലപ്പുറം വനിതാ പൊലീസ് കഴിഞ്ഞദിവസം ശശികുമാറിനെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പൊലീസ് നല്ലരീതിയിലാണ് സഹകരിക്കുന്നതെന്നും ഇരകളിൽനിന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ വൈദ്യപരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ബീന പിള്ള വ്യക്തമാക്കി.

പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ടെന്ന് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നു. 2019ൽ സ്‌കൂൾ അധികൃതരോട് ചില വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ പറയുന്നു.

ലൈംഗികാതിക്രമത്തിൽ ആദ്യം വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലും ശശികുമാർ മോശമായരീതിയിലുള്ള കമന്റ് ചെയ്തിരുന്നതായാണ് പൂർവ വിദ്യാർത്ഥികൾ പറയുന്നത്. പിന്നീട് ഇയാൾതന്നെ ഈ കമന്റ് ഒഴിവാക്കുകയായിരുന്നു.

ശശികുമാറിനെതിരേ ഒട്ടേറെ ആരോപണങ്ങൾ വന്നതോടെയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയതെന്ന് കൂട്ടായ്മയുടെ പ്രതിനിധിയായ ബീന പിള്ള പറഞ്ഞു. 'ഒരുപാട് വിവരങ്ങളാണ് പൂർവ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. ശരീരത്തിൽ സ്പർശിച്ചത് പോലെയുള്ള അതിക്രമമാകും അധികം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്.

എന്നാൽ പലരും അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ ഞെട്ടിപ്പോയി. ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് കുട്ടികൾ ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായി. ഒരു കുട്ടിക്ക് നേരേ ക്രൂരമായ ലൈംഗികാതിക്രമമാണ് ഉണ്ടായത്. ശരീരത്തിൽ മുറിവേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയ സാഹചര്യമുണ്ടായെന്നും ബീന പിള്ള പറഞ്ഞു.

'30 വർഷത്തിലേറെയാണ് ശശികുമാർ സ്‌കൂളിൽ സർവീസിലുണ്ടായിരുന്നത്. ഇക്കാലയളവിൽ ഒട്ടേറെ കുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടാകും. ഒമ്പത് വയസ്സ് മുതൽ 12 വയസ്സുവരെയുള്ള യു.പി. ക്ലാസുകളിലെ കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. നേരിട്ടത് ലൈംഗികാതിക്രമമാണെന്ന് പലർക്കും ആ പ്രായത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇത് മനസിലാക്കി സ്‌കൂളിൽ പരാതി നൽകിയാലും പരാതിപ്പെട്ടവരെ വഴക്ക് പറയുകയായിരുന്നു സ്‌കൂളിലെ രീതി.

കുട്ടികൾ പല സമയത്തും സ്‌കൂളിൽ പരാതി നൽകിയിരുന്നു. ചിലർ മാതാപിതാക്കളെയും കൂട്ടിയെത്തിയാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയുമായെത്തുന്ന പെൺകുട്ടികളെ പൊലീസ് കേസും മറ്റും പറഞ്ഞ് അധികൃതർ പിന്തിരിപ്പിക്കുകയാണ് ചെയ്തിരുന്നത്.

പരാതി രേഖാമൂലം വേണമെന്നും പൊലീസിന് കൈമാറണമെന്നും പറയുമ്പോൾ സ്വാഭാവികമായും കുട്ടികളും മാതാപിതാക്കളും ഭയന്നുപിന്മാറുകയായിരുന്നു. കുട്ടികളെ പൊലീസ് സ്റ്റേഷനിൽ കയറ്റിയിറക്കാൻ ആരും തയ്യാറാകില്ലല്ലോ. അതിനാൽ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. പോക്‌സോ നിയമമെല്ലാം വരുന്നതിന് മുമ്പായിരുന്നു പല സംഭവങ്ങളും.- ബീന പിള്ള വിശദീകരിച്ചു.

യു.പി. ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന ശശികുമാർ ക്ലാസ് മുറിയിൽവച്ചാണ് മിക്ക പെൺകുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പൂർവ വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ അഞ്ചോ ആറോ പെൺകുട്ടികളെ ഇയാൾ ആദ്യമേ നോക്കിവെയ്ക്കും. തടിച്ച പെൺകുട്ടികളെയാണ് ഇയാൾ ഇങ്ങനെ നോക്കിവെയ്ക്കാറുള്ളത്.

പിന്നീട് ഇവരുടെ ശരീരത്തിൽ സ്പർശിച്ചും മറ്റും ഉപദ്രവിക്കുന്നതായിരുന്ന രീതി. കുട്ടികളുടെ ദേഹത്ത് വെള്ളമൊഴിക്കുക, ശരീരത്തിന്റെ പലഭാഗങ്ങളിലും സ്പർശിക്കുക തുടങ്ങി പലരീതിയിലാണ് അദ്ധ്യാപകൻ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നും പൂർവ വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇയാൾ പലതവണ മദ്യപിച്ചാണ് ക്ലാസിലെത്തിയിരുന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്.

' എസ്‌പി.യുമായി സംസാരിച്ചപ്പോൾ ഞങ്ങൾക്കറിയാവുന്നതിലേക്കാൾ കൂടുതൽ വിവരം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിക്രമം നേരിട്ട പലരും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് സ്‌കൂളിൽ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾ അദ്ധ്യാപകനുമായി കൊഞ്ചികുഴയാൻ പോയിട്ടല്ലേ, അതിന് പോകേണ്ടല്ലോ എന്നെല്ലാമായിരുന്നു സ്‌കൂൾ അധികൃതർ അവർക്ക് നൽകിയ മറുപടി. അതിക്രമം നേരിട്ടാൽ സ്‌കൂളിൽ പരാതിയുമായി സമീപിക്കാൻ പോലും ഇതോടെ കുട്ടികൾ ഭയപ്പെട്ടു. 2019-ൽ ശശികുമാറിനെതിരേ ഒരാൾ സ്‌കൂളിന് ഇ-മെയിൽ അയച്ചിരുന്നു.

ഈ അദ്ധ്യാപകൻ പീഡോഫൈൽ ആണെന്നും എന്താണ് പീഡോഫീലിയ എന്നും വിശദീകരിച്ചുള്ള ഇ-മെയിൽ സന്ദേശമായിരുന്നു അത്. ഇ-മെയിലിന്റെ പകർപ്പ് എനിക്കും ലഭിച്ചിരുന്നു. പക്ഷേ, അന്ന് ഇ-മെയിലിൽ നൽകിയ പരാതിയിലും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ല. കേരളത്തിലെ ഒത്തിരി സ്‌കൂളുകളിൽ ഇത്തരം അനുഭവങ്ങളുണ്ട്. ഫിസിക്‌സും കെമിസ്ട്രിയും പഠിപ്പിക്കുന്നത് പോലെ പോക്‌സോ നിയമം, ജെൻഡർ സിസ്റ്റം തുടങ്ങിയവ കരിക്കുലത്തിൽ ഉൾപ്പെടുത്തണം. കേരളത്തിലെ പല സ്‌കൂളുകളിലും പല ശശിമാരും ഒളിച്ചിരിക്കുന്നുണ്ടാകും. എത്രകാലം കഴിഞ്ഞാലും ഇത്തരം കുറ്റങ്ങൾക്ക് ശിക്ഷ കിട്ടുമെന്ന് അവരും അറിയണം'- ബീന പിള്ള പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പൂർവ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. ശശികുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങൾ അടക്കം തടഞ്ഞുവെയ്ക്കാനും ഇവർ അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം, ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ സിപിഎം. ശശികുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. വെളുത്തേടത്തുമണ്ണ ബ്രാഞ്ചംഗവും മുനിസിപ്പൽ കൗൺസിലറുമായ കെ.വി. ശശികുമാറിനെ കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കു നിരക്കാത്ത ആക്ഷേപങ്ങൾ ഉയർന്നതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്‌തെന്നായിരുന്നു സിപിഎം. ജില്ലാക്കമ്മിറ്റിയുടെ പത്രക്കുറിപ്പ്. ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയെന്നും പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.

പൂർവ വിദ്യാർത്ഥിനികളുടെ പരാതിക്ക് പിന്നാലെ ശശികുമാർ കൗൺസിലർ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. മൂന്നുതവണയാണ് ശശികുമാർ മലപ്പുറം മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവുമൊടുവിൽ സിപിഎമ്മിന്റെ കുത്തക ഡിവിഷനായ മൂന്നാംപടിയിൽനിന്നാണ് ജയിച്ചുകയറിയത്. ശശികുമാറിന്റെ രാജിയോടെ മൂന്നാംപടി ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി.