- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബു കൊച്ചിയിലെത്തി; കേരളത്തിലേക്ക് മടങ്ങിയെത്തിയത് 39 ദിവസത്തിന് ശേഷം; ചോദ്യം ചെയ്യലിന് ഹാജരായേക്കും; സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രതികരണം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം. വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ട് ദിവസത്തേയ്ക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.
അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ദുബായിൽ നിന്നും ഒൻപത് മണിയോടെ എത്തിയ എമിറേറ്റ് വിമാനത്തിലാണ് വിജയ് ബാബു കൊച്ചിയിലെത്തിയത്. നാളെയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ബുധനാഴ്ച തിരിച്ചെത്തുമെന്ന് വിജയ് ബാബു നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്യുമെന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു.
ദുബായിൽ നിന്ന് ഇന്ന് കൊച്ചിയിലെത്താൻ വിജയ് ബാബു എടുത്ത ഫ്‌ളൈറ്റ് ടിക്കറ്റിന്റെ പകർപ്പ് നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ രണ്ടുവരെ അറസ്റ്റ് തടഞ്ഞത്.മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.
വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസിനെയും പ്രോസിക്യൂഷനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിജയ് ബാബു നാട്ടിൽ വരുന്നതിനെ എന്തിന് പ്രോസിക്യൂഷൻ എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിന്റെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിർബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവിൽ പോയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
വിജയ് ബാബു വിദേശത്ത് തുടർന്നാൽ എന്ത് ചെയ്യാൻ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങൾക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളിൽ താമസിക്കാൻ ഇന്ത്യൻ വിസയോ, പാസ്‌പോർട്ട് ഒന്നും വേണ്ടെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ