തൃശൂർ : പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സംരക്ഷിച്ച് പൊലീസ്. തൃശൂരിലാണ് വീട്ടമ്മയെ അപമാനിച്ചയാൾക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നത്. വെസ്റ്റ് ഫോർട്ട് പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടാതെ കഴിയുകയാണ് ഒരു വീട്ടമ്മ.

അയൽവാസിയായ പ്രശാന്ത് മേനോനെതിരെയാണ് വീട്ടമ്മയുടെ പരാതി. ഈമാസം അഞ്ചാം തീയതിയായിരുന്നു സംഭവം. വർഷങ്ങളായി ഇവിടെ താമസിക്കുകയാണ് യുവതിയും കുടുംബവും. നേരത്തെ പ്രശാന്ത് മേനോന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു ഇരയുടെ കുടുംബം.

കുറച്ചുകാലങ്ങളായി ഭാര്യയുമായി അകന്നുകഴിയുന്ന പ്രശാന്ത് മേനോൻ, അഞ്ചാംതീയതി ഇവിടെയെത്തുകയും അയൽവീട്ടിലേക്ക് വരികയുമായിരുന്നു. കുറച്ചുനേരം സംസാരിച്ചിരുന്നതിന് ശേഷം സിഗരറ്റ് കത്തിക്കുന്നതിനായി ലൈറ്റർ ആവശ്യപ്പെട്ടു. ലൈറ്റർ നൽകിയെങ്കിലും തിരിച്ചേൽപ്പിക്കാൻ ഇയാൾ തയ്യാറായില്ല. അത് തിരികെ ചോദിച്ച വീട്ടമ്മയുടെ മാറിടത്തിൽ കയറിപ്പിടിക്കുകയായിരുന്നു പ്രശാന്ത് മേനോൻ.

നാലുവയസ്സുകാരിയായി മകളുടെ മുന്നിൽ വച്ചാണ് വീട്ടമ്മയെ ഇയാൾ അപമാനിച്ചത്. തുടർന്ന് വീട്ടമ്മ ഭർത്താവിനോടൊപ്പം വെസ്റ്റ്‌ഫോർട്ട് പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതിപ്പെട്ട് രണ്ടാഴ്‌ച്ചയായിട്ടും പ്രശാന്ത് മേനോനെ അറസ്റ്റ് ചെയ്യാനോ വിളിച്ച് ചോദിക്കാനോ പോലും പൊലീസ് തയ്യാറായില്ലെന്ന് പരാതിക്കാർ പറയുന്നു.

ഇയാളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും, മൊബൈൽ ഫോൺ ട്രെയിസ് ചെയ്യാൻ സൈബർ പൊലീസിൽ അറിയിച്ച് പുരോഗതിക്കായി കാത്തിരിക്കുകയാണെന്നുമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിക്കുന്നത്.

സ്ത്രീസുരക്ഷയെക്കുറിച്ച് നിരന്തരം വാചകമടിക്കുന്ന പിണറായി വിജയന്റെ പൊലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തിൽ നീതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് പരാതിക്കാരിയും കുടുംബവും. അഞ്ചാം തീയതിയാണ് സംഭവം നടന്നത്. ഏഴാം തീയതി തൃശൂർ വെസ്റ്റ് ഫോർട്ട് പൊലീസിൽ പരാതി നൽകി. അന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഐ.പി.സി 354ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പാണിത്. ഏഴാം തീയതി കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയായ പ്രശാന്ത് മേനോനുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.

സ്ത്രീകൾക്കെതിരെയുണ്ടാകുന്ന വിവിധതരം അതിക്രമങ്ങൾ തടയാൻ നിരന്തരം പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത്. സോഷ്യൽ മീഡിയ മുതലുള്ള മാധ്യമങ്ങളിലൂടെ ഇതിന് ആവശ്യമായ പ്രചാരണങ്ങളും കൊടുക്കും. ഇതോടെ കഴിയുന്നുവോ പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതികൾ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒരു സ്ത്രീക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള പരാതിയിൽ പൊലീസ് കാണിക്കുന്നത് ഗുരുതരമായ മെല്ലെപ്പോക്കാണ്. പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിനാണ് പൊലീസിന്റെ മെല്ലെപ്പോക്ക് എന്നാണ് ആക്ഷേപം.