- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിക്ക് ഒത്താശ ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്; ഷാൻ മുഹമ്മദ് ഒളിവിലെന്ന് പോത്താനിക്കാട് പൊലീസ്
കോതമംഗലം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ മുഖ്യപ്രതിക്ക് ആവശ്യമായ സഹായം ചെയ്തതിന്റെ പേരിൽ യൂത്തുകോൺഗ്രസ്സ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി ഷാൻ മുഹമ്മദിനെതിരെയാണ് തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി പോത്താനിക്കാട് പൊലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസിനെ(26) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.
ഗർഭിണിയായ തനിക്ക് റിയാസ് അബോർഷനുള്ള ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചതായും പെൺകുട്ടി പൊലീസിനെ അറിയിച്ചിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.മജിസ്ട്രേറ്റിന് പെൺകുട്ടി നൽകിയ മൊഴിയിൽ ഷാൻ മുഹമ്മദിന്റെ ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കിയതായിട്ടാണ് സൂചന.
ഷാൻ മുഹമ്മദ് തന്റെ കാറിൽ തന്നെ നിർബന്ധിച്ച് കയറ്റിയെന്നും മൂവാറ്റുപുഴയിലെ ലാബിലെത്തിച്ച് ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. റിയാസ് ഷാൻ മുഹമ്മദിന്റെ സന്തതസഹചാരിയും കോൺഗ്രസ്സ് ജനപ്രതിനിധികളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളുമാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഷാൻ മുഹമ്മദിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണെന്നും ഇയാൾ ജില്ലവിട്ടതായിട്ടാണ് പ്രാഥമികവിവരമെന്നും പോത്താനിക്കാട് സി ഐ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.