- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദുമയിൽ വീട്ടമ്മയെ 21 പേർ ബലാൽസംഗം ചെയ്തെന്ന കേസ്: ക്രൈംബ്രാഞ്ച് വന്നപ്പോൾ കഥ മാറി; യുവതിക്ക് നിയമസഹായം നൽകിയ യുവാവും പ്രതിയായി; അന്വേഷണം പൂർത്തിയായ ഒരു കേസിൽ കുറ്റപത്രം
ബേക്കൽ: ഉദുമയിൽ ഭർതൃമതിയെ 21 പേർ ബലാത്സംഗം ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി കണ്ണൂർ ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 21 കേസ്സുകളിൽ ഒരു കേസ്സിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. ചെർക്കള ബംബ്രാണയിലെ മൊയ്തീൻകുഞ്ഞി എന്ന ബംബ്രാണി മൊയ്തു 40, പ്രതിയായ പീഡനക്കേസ്സിലാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2017-ൽ ബംബ്രാണി മൊയ്തു വീട്ടിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൂന്ന് മക്കളുടെ മാതാവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ ഭർതൃ ബന്ധുവാണ് പ്രതി. പീഡനക്കേസ്സിൽ അറസ്റ്റിലായ ബംബ്രാണി മൊയ്തു ഇപ്പോൾ റിമാന്റിലാണ്. ബേക്കൽ സ്വദേശിയായ യുവാവിനെ പീഡനത്തിനിരയായ യുവതിയും ഭർത്താവുമുൾപ്പെടെയുള്ള ബന്ധുക്കൾ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതോടെയാണ് പീഡനസംഭവം പുറത്തുവന്നത്.
ബേക്കൽ യുവാവിനെ ആക്രമിച്ചതിന് യുവതിയുടെ പേരിലുൾപ്പെടെ ബേക്കൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിയുമായി ഭർതൃമതി ബേക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർച്ചയായി 21 പേർ പീഡിപ്പിച്ചതായി പരാതിപ്പെട്ട ഭർതൃമതിയുടെ മൊഴി ബേക്കൽ പൊലീസ് രേഖപ്പെടുത്തി 20 കേസ്സുകൾ രജിസ്റ്റർ ചെയ്തു. ഒരു കേസ്സ് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തതാണ്. യുവതി തുടരെത്തുടരെ കൂടുതൽ പേർക്കെതിരെ പരാതിയുമായെത്തിയതോടെ പൊലീസ് കുഴഞ്ഞിരുന്നു. മിക്ക കേസ്സുകളിലും യുവതി നൽകിയ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലാത്തതിനെ തുടർന്ന് പൊലീസന്വേഷണം വഴിമുട്ടി.
ഇതിനിടയിൽ പീഡനത്തിനിരയായ യുവതി കേസ്സന്വേഷണം പൊലീസിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഉദുമ പീഡനക്കേസ്സുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പീഡനക്കേസ്സുകളുടെ ഉത്ഭവ സമയത്ത് ബംബ്രാണി മൊയ്തു പീഡനത്തിനിരയായ യുവതിക്കൊപ്പം ചേർന്ന് മറ്റ് പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സഹായം ചെയ്തിരുന്നു. ബേക്കൽ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ യുവതിക്കൊപ്പം മൊയ്തുവുമുണ്ടായിരുന്നു. കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ആവശ്യം ഉയർന്നതാണ്.
യുവതിയുടെ പരാതിയെ തുടർന്ന് കേസിൽ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കാസർകോട് ജില്ലാ കോടതി ജാമ്യം ആദ്യഘട്ടത്തിൽ തന്നെ അനുവദിച്ചിരുന്നു. ഹൈക്കോടതി കണ്ണൂർ ഡിഐജിയുടെയും കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ ഡി വൈ എസ് പി പ്രേമരാജിന്റെ നേതൃത്യത്തിൽ കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസന്വേഷണ ചുമതലയും നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘത്തിന് യുവതി നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ ബന്ധുക്കളായ ബംബ്രാണി മൊയ്തു അടക്കം രണ്ട് യുവാക്കളും പീഡിപ്പിച്ചതായി മൊഴി നൽകിയത്.