- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ദുരിതത്തിനിടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് നൽകി അടുത്തുകൂടി; തരംകിട്ടിയപ്പോൾ വീട്ടിലെ പതിനാറുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കത്തികാട്ടി പീഡിപ്പിച്ചു; ഉളിയത്തടുക്ക സ്വദേശിയായ ലീഗ് നേതാവ് അബ്ബാസ് പിടിയിൽ
കാസർകോട് : കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു . ഉളിയത്തടുക്ക സ്വദേശി അബ്ബാസി (58 )നെയാണ് കാസർകോട് വനിതാ പൊലീസ് ഐ പി അജിത അറസ്റ്റ് ചെയ്തത്. ഉളിയത്തടുക്ക മൂൻ പള്ളി കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമാണ് അബ്ബാസ്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയും മാതാവിന്റെ രോഗാവസ്ഥയും ചൂഷണം ചെയ്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കോവിഡ് കടന്നു വന്നതോടെ ഏറെ പ്രതിസന്ധിയിലായ കുടുംബത്തിന് ഭക്ഷ്യ കിറ്റ് നൽകിയാണ് പ്രതി വീട്ടുകാരുമായി അടുത്തത്. പിന്നീട് ക്ഷേമാന്വേഷണവുമായി പെൺകുട്ടിയുടെ വീട്ടിൽ പ്രതി നിരവധി തവണ എത്തിയതായും പറയപ്പെടുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചു വരികയായിരുന്ന പെൺകുട്ടിയെയും സഹോദരനെയും വഴിയിൽ വെച്ച് വീട്ടിൽ കൊണ്ട് വിടാമെന്നറിയിച്ചു. പ്രതി നിർബന്ധിച്ചു കാറിൽ കയറ്റി. തുടർന്ന് വഴി തെറ്റി സഞ്ചരിച്ച കാറിൽ നിന്ന് കുട്ടികൾ ബഹളം വെക്കാൻ ശ്രമിച്ചെങ്കിലും കത്തി കാട്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പിഡിപ്പിക്കുകയായിരുന്നു .
പീഡനത്തിന് ഇരയാക്കിയശേഷം പ്രതി കാറിൽ തിരികെ വരുമ്പോൾ പെൺകുട്ടിയെയും സഹോദരനെയും പ്രദേശത്തെ ഒരു യുവാവ് കാണാൻ ഇടയായി. കുട്ടികളുടെ മുഖത്ത് അസ്വാഭാവികത തിരിച്ചറിഞ്ഞ യുവാവ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് പ്രവർത്തകർ ഉടൻ തന്നെ വീട്ടിലെത്തി കുട്ടികളോട് സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. തുടർന്ന് സംഭവം കാസർകോട് വനിതാ പൊലീസിന് വിവരം കൈമാറുകയായിരുന്നു .
പൊലീസ് കേസ് ആയ വിവരമറിയാതെ വീട്ടിൽ എത്തി കുളിയും കഴിഞ്ഞു ഉളിയത്തട്ക്ക ടൗണിൽ അബ്ബാസ് എത്തിയപ്പോൾ നാട്ടുകാർ കയ്യോടെ തടഞ്ഞു വെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്യാനായി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതിനിടെ കേസിൽ അകപ്പെട്ടതോടെ ഒരു വനിതാ നേതാവ് പ്രതിയുടെ കുടുംബത്തോട് കേസ് ഒതുക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും 30,000 രൂപ കൈപറ്റിയതയും അഭ്യൂഹം പരക്കുന്നുണ്ട് .
അബ്ബാസ് നേരത്തെയും സമാന രീതിയിലുള്ള സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇത് പരസ്യമാക്കാതെ ചില നേതാക്കൾ ഇടപെട്ട് ഒതുക്കിയതായും പറയപ്പെടുന്നു. രണ്ടു കല്യാണം കഴിച്ച പ്രതിയുടെ യഥാർത്ഥ രൂപം അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ.