കണ്ണൂർ : വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി അരോളി ഗവണ്മെന്റ് ഹൈസ്‌കൂളിന് സമീപത്തെ വിഷ്ണു ശങ്കർ ആണ് പിടിയിലായത്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് നിരവധി തവണ പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നതാണ് പരാതി.

കേസിൽ വളപട്ടണം എസ് എച് ഒ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഒളിവിൽ പോയ പ്രതി ചെന്നൈ, ബോംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അന്ന് മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി പുതിയ നമ്പർ എടുത്ത് ഉപയോഗിച്ച് വരുന്നത് വിവരം ലഭിച്ചതിനെ തുടർന്ന് സൈബർ സെൽ വഴി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് അരോളിയിലെ മറ്റൊരു ഒളിസ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

ഇതിനു മുമ്പും വളപട്ടണം സ്റ്റേഷൻ പരിധിയിലെ നിരവധി കേസിൽ ഇയാൾ പ്രതിയാണ്.സംഘത്തിൽ സബ് ഇൻസ്‌പെക്റ്റർ സവർണ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.