- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ നേതാവ് അതികാലത്തെ എണീറ്റ് വരണമെന്ന് സഖാവ്; ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ പുലർകാല സെൽഫിക്ക് മോഹം; സെൽഫിക്കിടെ ബാഡ് ടച്ച്; മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് പീഡനശ്രമവും; കണ്ണൂർ കണിച്ചാർ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
കണ്ണൂർ: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിത്വത്തിൽ നിന്നും മാറ്റി. സിപിഎം കണിച്ചാർ ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും പാർട്ടി പത്രത്തിന്റെ ലേഖകനുമായ കെ.കെ.ശ്രീജിത്തിനെതിരെയാണ് പാർട്ടി അന്വേഷണ വിധേയമായി നടപടിയെടുത്തത്. ഇന്ന് രാവിലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ നടന്ന പേരാവൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
സിപിഎം ലോക്കൽസെക്രട്ടറിക്കെതിരെ പീഡന പരാതി വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. യുവ നേതാവിനെതിരെ പീഡന പരാതിയുയർന്നത് പാർട്ടിക്കുള്ളിൽ വിവാദം സൃഷ്ടിച്ചിരുന്നു.
സംഭവം ഇങ്ങനെ:
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദ്ദേശിച്ചു.
ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് യുവനേതാവ് സെൽഫി എടുക്കാമെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറി. തുടർന്ന് പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളംവെച്ചു രക്ഷപ്പെടുകയും പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമ്മിറ്റിക്കും പരാതി നൽകുകയുമായിരുന്നു.
ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ വിഷയം പാർട്ടിതലത്തിൽ ഒതുക്കി തീർക്കാനാണ് സി.പി. എം ശ്രമിച്ചത്. ഇതിനായി ജില്ലാ നേതൃത്വം അടിയന്തര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പാർട്ടി നിർദ്ദേശ പ്രകാരം യുവതി പൊലിസിൽ പരാതി നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേർന്ന് പാർട്ടി പത്രത്തിന്റെ ലേഖകൻ കൂടിയായ ആരോപണ വിധേയനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്