മെൽബൺ: മെഡിക്കൽ രംഗത്ത് ലൈംഗിക ചൂഷണങ്ങൾ ഏറെ അരങ്ങേറുന്നുണ്ടെന്ന് സീനിയർ സർജന്റെ വെളിപ്പെടുത്തൽ. സർജിക്കൽ കരിയർ സ്വപ്‌നം കണ്ടുകൊണ്ട് ഇറങ്ങിത്തിരിക്കുന്ന സ്ത്രീകൾക്ക് ഇത്തരത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും വാസ്‌കുലാർ സർജനായ ഡോ. ഗബ്രിയേല നൽകുന്നു. Pathways to Gender Equality - The Role of Merit and Quotas എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായി ഡോ. ഗബ്രിയേലയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു ശേഷം മാദ്ധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഡോ. ഗബ്രിയേല മെഡിക്കൽ പ്രഫഷനിൽ അരങ്ങേറുന്ന ലൈംഗിക അരാജകത്വത്തെക്കുറിച്ച് തുറന്നടിച്ചത്. മെഡിക്കൽ പ്രഫഷനിലേക്ക് കാലെടുത്തു വയ്ക്കുന്ന പെൺകുട്ടികൾക്കെല്ലാം ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഡോ. ഗബ്രിയേല ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്. മെഡിക്കൽ രംഗത്തെ പുരുഷന്മാർക്കിടയിൽ സെക്‌സിസം കൂടുതലാണെന്നും അതുകൊണ്ടു തന്നെ ഈ മേഖലയിലെ പെൺകുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് വാസ്‌കുലാർ സർജൻ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിനാൽ ലൈംഗിക ചൂഷണങ്ങളും ഏറി വരികയാണ്.

പുരുഷന്മാരുടെ ഇംഗീതത്തിന് വഴങ്ങിക്കൊടുക്കുന്നവർക്ക് പിന്നീട് ഏറെ തങ്ങളുടെ പ്രഫഷനിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ലെന്നും അല്ലാത്തവർക്ക് ഇതൊരു ബാധ്യതയായി തുടരുമെന്നും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഡോ. ഗബ്രിയേല വ്യക്തമാക്കി. മെൽബണിലെ ഒരു ന്യൂറോ സർജിക്കൽ ട്രെയിനിയുടെ കഥയാണ് ഇതിന് ഉപോത്ബലമായി ഡോ. ഗബ്രിയേല ചൂണ്ടിക്കാട്ടിയത്. ന്യൂറോ സർജറിക്കൽ ട്രെയിനിയായിരുന്നു ഒരു വിദ്യാർത്ഥിനിക്ക് തന്റെ സീനിയർ ഡോക്ടറിൽ നിന്നും മോശമായ പെരുമാറ്റമാണ് പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ളതെന്നും അവസാനം സൗകര്യമൊത്തു കിട്ടിയപ്പോൾ അയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഒരുങ്ങുകയും ചെയ്തുവത്രേ. എന്നാൽ തന്റെ ഇംഗീതത്തിന് വഴങ്ങാതിരുന്ന ട്രെയിനിയെ പിന്നീട് പല കാര്യങ്ങളുടെ പേരിലും സീനിയർ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. സഹികെട്ട വിദ്യാർത്ഥിനി അവസാനം സൂപ്പർവൈസിങ് ബോഡിയോട് സീനിയർ ഡോക്ടർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിപ്പെടുകയായിരുന്നു. നീണ്ടനാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ പെൺകുട്ടി വിജയിച്ചുവെങ്കിലും ഓസ്‌ട്രേലിയയിലെ ഒരു പബ്ലിക് ആശുപത്രിയിലും പെൺകുട്ടിക്ക് ജോലി ലഭിച്ചില്ല. തന്റെ സീനിയർ ഡോക്ടർ മൂലം കരിയർ നശിച്ച അവസ്ഥയിലായി ആ പെൺകുട്ടി. മേലുദ്യോഗസ്ഥരോട് ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടാലുള്ള അവസ്ഥ ഇതാണെന്നാണ് ഡോ. ഗബ്രിയേല വ്യക്തമാക്കുന്നത്.

എന്നാൽ മെഡിക്കൽ രംഗത്തുള്ള ലൈംഗിക ചൂഷണങ്ങളെ നേരിടുന്നതിന് വ്യക്തമായ ഗൈഡ് ലൈനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സാക്‌സൺ സ്മതി വെളിപ്പെടുത്തുന്നു. സ്ത്രീകൾ ഇത്തരം ചൂഷണങ്ങൾക്കെതിരേ പ്രതികരിക്കണമെന്നും ഇതു തുടരാൻ ആരേയും അനുവദിക്കരുതെന്നുമാണ് എഎംഎ പറയുന്നത്. സ്വന്തം ക്ഷേമത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും വേണ്ടി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയാണ് സ്ത്രീകൾ വേണ്ടതെന്നും ഡോ. സാക്‌സൻ ചൂണ്ടിക്കാട്ടുന്നു. പരാതിപ്പെട്ട സാഹചര്യത്തിൽ ആരുടെയെങ്കിലും കരിയർ നശിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എഎംഎ വ്യക്തമാക്കുന്നു.