- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടും; ഫോൺനമ്പർ കൈക്കലാക്കി അടുപ്പം സ്ഥാപിച്ച് പീഡിപ്പിച്ചത് 12 യുവതികളെ; പീഡനത്തിന് ശേഷം മൊബൈൽ നമ്പർ മാറ്റുന്നത് പതിവ്; മുംബൈയിൽ യുവ എൻജിനീയറെ കുരുക്കിയത് നാല് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ
മുംബൈ: മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയം സ്ഥാപിച്ച് യുവതികളെ പീഡനത്തിന് ഇരയാക്കിയ മെക്കാനിക്കൽ എൻജിനീയർ മുംബൈയിൽ അറസ്റ്റിൽ. മുംബൈ മലാദിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറായ മഹേഷ് എന്ന കിരൺ ഗുപ്തയെന്ന 32-കാരനാണ് അറസ്റ്റിലായത്. നവിമുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 12 യുവതികളെ പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മഹേഷിനെതിരേ നേരത്ത പരാതി ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ സിം കാർഡുകൾ മാറ്റുന്നതും താമസം മാറ്റുന്നതുമായിരുന്നു പൊലീസിനെ കുഴക്കിയിരുന്നത്. ഒടുവിൽ നാല് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് ഇയാൾ യുവതികളുമായി പരിചയം സ്ഥാപിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉന്നത കുടുംബങ്ങളിൽപ്പെട്ട യുവതികളെ മാത്രമാണ് ബന്ധപ്പെടാറുള്ളത്. തുടർന്ന് ഇവരുടെ ഫോൺ നമ്പർ കരസ്ഥമാക്കി ബന്ധം തുടരും. പിന്നീട് നഗരത്തിലെ പബ്ബുകളിലേക്കോ റെസ്റ്റോറന്റുകളിലേക്കോ ക്ഷണിക്കും. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രതി യുവതികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
പീഡനത്തിന് ശേഷം മൊബൈൽ നമ്പറടക്കം മാറ്റുന്നതിനാൽ യുവതികൾക്ക് പിന്നീട് ഇയാളെ കണ്ടെത്താൻ പോലും കഴിയില്ല. ഓരോ യുവതികളെ പീഡിപ്പിച്ചതിന് ശേഷവും മൊബൈൽ നമ്പർ മാറ്റുന്നതായിരുന്നു പതിവ്. മാത്രമല്ല, ഈ സിം കാർഡുകൾ മറ്റൊരാളുടെ പേരിലുള്ളതുമാകും. ഇതാണ് കുറ്റകൃത്യത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയിരുന്നത്.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രതി പഠനം പൂർത്തീകരിച്ചത്. ഹാക്കിങ് ഉൾപ്പെടെ അറിയാവുന്ന പ്രതി പല വൻകിട കമ്പനികളിലും ജോലിചെയ്തിരുന്നു. നിലവിൽ 12 യുവതികളെ ഇയാൾ പീഡിപ്പിച്ചെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെങ്കിലും കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ന്യൂസ് ഡെസ്ക്