കേരള അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ നിന്ന് 'സെക്സി ദുർഗ'യെ പിൻവലിക്കുന്നുവെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടും ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കാത്തതിന്റെ പ്രതിഷേധമായി സിനിമ പിൻവലിക്കുന്നതായി സംവിധായകൻ സനൽകുമാർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. 'മലയാള സിനിമ ഇന്ന് 'എന്ന വിഭാഗത്തിലാണ് സെക്സി ദുർഗയെ തിരഞ്ഞെടുത്തിരുന്നത്.

സെക്സി ദുർഗയ്ക്ക് ഒപ്പം, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ്, കറുത്ത യഹൂദൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, മറവി, അതിശയങ്ങളുടെ വേനൽ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങൾ. അന്താരാഷ്ട്ര വേദികളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ സെക്സി ദുർഗയെ മേളയിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കാത്തതിന്റെ പ്രതിഷേധമായി സിനിമ പിൻവലിക്കുന്നതായി സനൽകുമാർ ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഫേസ്‌ബുക്കിന്റെ പൂർണരൂപം:

ഐ എഫ് എഫ് കെയിലെ മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സെക്‌സി ദുർഗയും മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷം. ഐഎഫ്എഫ്‌കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾ മനസിലാക്കുന്നു. സെക്‌സി ദുർഗ ഇതിനകം പല രാജ്യങ്ങളിലെ നാൽപതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളിൽ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടർഡാം ഫിലിം ഫെസ്‌റിവലിൽ ടൈഗർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്‌സി ദുർഗയ്ക്ക്, ഐഎഫെഫ്‌കെയിൽ പ്രദർശിപ്പിക്കുക വഴി അക്കാദമിയിൽ നിന്നും മലയാള സിനിമയെന്ന നിലയിൽ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്‌സി ദുർഗ ഫെസ്‌റിവലിൽ നിന്നും പിൻവലിക്കുന്നു .

ഇതിനെ അഹങ്കാരമെന്നൊക്കെ വിളിച്ച് ഒരുപാടുപേർ മുന്നോട്ട് വരുമെന്ന ഉറച്ച ബോധ്യമുണ്ട്. ഓചിത്യബോധമില്ലായ്മയെ അഹങ്കാരം കൊണ്ടെങ്കിലും നേരിട്ടില്ലെങ്കിൽ പിൻകാൽ കൊണ്ട് തൊഴിച്ചും കണ്ടില്ലെന്നു നടിച്ചും തങ്ങൾക്ക് താൽപര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. ക്ഷമിക്കണം.

സെക്‌സി ദുർഗ ഉടൻ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സിനിമ കാണാൻ വഴിയുണ്ടാക്കുമെന്ന് ഉറപ്പു നൽകുന്നു.