ന്യൂഡൽഹി: വർഗ്ഗീയ ഫാസിസ്റ്റ് സഖ്യങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയാണ് ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയടക്കമുള്ള രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്. ക്യാമ്പസുകളിൽ അസഹിഷ്ണുതയും ജാതി- മത ദ്രുവീകരണവും നടത്തി മതേതര സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള എബിവിപി അടക്കമുള്ള സംഘടനകളുടെ ഗൂഢാലോചനയാണ് ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ വിദ്യാർത്ഥികൾ തകർത്തെറിഞ്ഞത്. ജെഎൻയൂ വിന് പിന്നാലെ വെള്ളിയാഴ്ച ഫലം പുറത്തുവന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ്(എഎസ്ജെ) എന്ന പേരിലുള്ള മതേതര സഖ്യം തങ്ങളുടെ വിജയക്കൊടി വാനിലുയർത്തിയിരുന്നു.

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘപരിവാർ കടന്നാക്രമണങ്ങളെ അതിജീവിച്ച്, എബിവിപിയുടെ വെല്ലുവിളിയുടെ മുനയൊടിച്ച ജയമാണ് എസ്എഫ്ഐ- എഐഎസ്എ -ഡിഎസ്എഫ് സഖ്യം നേടിയത്. നാല് ജനറൽ സീറ്റിലും സഖ്യം വിജയിച്ചു. ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ജെഎൻയുവിൽ ഇടതു വിദ്യാർത്ഥി സഖ്യം നേടിയ വിജയം ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ വിദ്വേഷ പ്രചാരണങ്ങൾക്കുള്ള കനത്ത താക്കീതായി. ക്യാമ്പസിൽ ഉയർന്നുകേട്ട 'ജെഎൻയു ലാൽ ഹെ, ലാൽ രഹേഗാ' (ജെഎൻയു ചുവപ്പാണ്, ചുവന്നുതന്നെ തുടരും) എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന വിജയമാണ് ഇടതു സഖ്യം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സർവ്വകലാശാലയിലും എസ്എഫ്ഐ തേരോട്ടം നടത്തിയത്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗീതകുമാരി(പ്രസിഡന്റ്), സിമൻ സോയ ഖാൻ(വൈസ് പ്രസിഡന്റ്), ദുഗ്ഗിരാല ശ്രീകൃഷ്ണ (ജനറൽ സെക്രട്ടറി), സുഭാൻഷു സിങ്(ജോയിന്റ് സെക്രട്ടറി) എന്നിവർ ആഹ്ളാദം പ്രകടിപ്പിക്കുന്നു
ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗീതകുമാരി(പ്രസിഡന്റ്), സിമൻ സോയ ഖാൻ(വൈസ് പ്രസിഡന്റ്), ദുഗ്ഗിരാല ശ്രീകൃഷ്ണ (ജനറൽ സെക്രട്ടറി), സുഭാൻഷു സിങ്(ജോയിന്റ് സെക്രട്ടറി) എന്നിവർ ആഹ്ളാദം പ്രകടിപ്പിക്കുന്നു

പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് വിജയിക്കുകയായിരുന്നു. ഇവിടെ എബിവിപിയും അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസും തമ്മിലായിരുന്നു പ്രധാന മത്സരം. മലയാളിയായ ശ്രീരാഗ് പൊയ്ക്കാടനാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി വിജയിച്ചുകയറിയത്. എബിവിപി സ്ഥാനാർത്ഥിയായ കെ പൽസാനിയെ 160 വോട്ടിന് പിന്നിലാക്കിയായിരുന്നു ശ്രീരാഗിന്റെ തകർപ്പൻ വിജയം. എൻഎസ്യു(ഐ) സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. എസ്എഫ്‌ഐ , എഎസ്എ(അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ), ഡിഎസ്യു(ദളിത് സ്റ്റുഡന്റസ് യൂണിയൻ), ടിഎസ്എഫ്(ട്രൈബൽ സ്റ്റുഡന്റസ് ഫെഡറേഷൻ), ടിവിവി(തെലങ്കാന വിദ്യാർത്ഥി വേദിക) എന്നിവരാാണ് മതേതര സഖ്യത്തിൽ ഉണ്ടായിരുന്നത്. ബിഎസ്എഫ്(ബഹുജൻ സ്റ്റുഡന്റ് ഫ്രണ്ട് )സഖ്യത്തെ പിന്തുണക്കുകയും ചെയ്തു

മത ന്യൂനപക്ഷങ്ങൾക്കും ദളിത് -ആദിവാസി വിഭാഗങ്ങൾ, ഇടതുപക്ഷ പ്രവർത്തകർ എന്നിവർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന വർഗ്ഗീയ ഫാസിസ്റ്റ് അക്രമത്തിനെതിരൊയ ശക്തമായ പ്രചരണമാണ് ഇടതുസഖ്യം യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ നടത്തിയത്. വർഗ്ഗീയതയുടെ കരങ്ങൾ ക്യാമ്പസുകളിൽ പടർത്തി രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിനുള്ള ശക്തമായ തിരിച്ചടിയും താക്കീതുമാണ് ഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കാണാനായത്. ആസാമിലെ ക്യാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ചരിത്ര വിജയമാണ് നേടിയത്. ജോർനട്ട് സെൻട്രൽ കോളേജിന് പിന്നാലെ ഗുവാഹട്ടി കോളേജിലും എസ്എഫ്‌ഐ യൂണിയൻ പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, ഡൽഹി സർവ്വകലാശാലയിൽ സെപ്റ്റംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ എബിവിപിയെ പരാജയപ്പെടുത്തി എൻഎസ്യൂ(ഐ)യാണ് വിജയിച്ചത്. രാഷ്ട്രീയം നിരോധിച്ചും അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും തെരഞ്ഞുപിടിച്ച് രാജ്യദ്രോഹികളായി മുദ്രകുത്തി ക്യാമ്പസുകളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ പിന്തുണയോടെ നടക്കുന്ന തന്ത്രങ്ങൾക്കും വർഗ്ഗീയ ഗൂഢാലോചനക്കുമുള്ള വൻ തിരിച്ചടിയാണ് രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നിന്നും വർഗ്ഗീയശക്തികൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ജെഎൻയു, ആസാം, ഹൈദരാബാദ് അങ്ങനെ ശക്തമായ ബിജെപി സാന്നിധ്യമുള്ള ഇടങ്ങളിൽ പോലും ഇടതുരാഷ്ട്രീയത്തിന്റെ പ്രാധാന്യം ഒഴിവാക്കാനാകാത്തതാണെന്ന തിരിച്ചറിവിലേക്ക് ക്യാമ്പസുകൾ എത്തിച്ചേർന്നിരിക്കുകയാണ്.

കടപ്പാട്: ദേശാഭിമാനി