- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺഷേഡിലൂടെ കടന്ന് രാഹുലിന്റെ ഓഫീസിന്റെ ജനൽ തകർത്ത് അകത്തു കയറി; പ്രതികരിച്ച അഗസ്റ്റിൻ പുൽപ്പള്ളിയെ പൊതിരെ തല്ലി; അക്രമം നടന്നത് എസ്‌പി ഓഫിസിനും കലക്ടറേറ്റിനും തൊട്ടരികയെുള്ള ഓഫീസിലായത് പൊലീസിനും നാണക്കേട്; ആക്രമണം അപലപനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കൽപറ്റ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിക്കൂട്ടിലായി സിപിഎമ്മും പൊലീസും. കൈനാട്ടിയിലെ രാഹുലിന്റെ ഓഫീസ് നിലനിൽക്കുന്നത് എസ്‌പി ഓഫിസിനും കലക്ടറേറ്റിനും തൊട്ടരികെയാണ്. എപ്പോഴും പൊലീസ് സാന്നിധ്യമുള്ള ഈ പ്രദേശത്താണ് എസ്എഫ്‌ഐയുടെ ആക്രമണം നടന്നത്. രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പൊലീസ് ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് ആരോപിക്കുന്നത്.
ജില്ല ആസ്ഥാനമായ കലക്ടറേറ്റിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എംപി ഓഫിസിലേക്ക് അക്രമികൾ കടന്നുകയറിയത് പൊലീസിന്റെ മൗനാനുവാദത്തോടെയാണെന്ന ആരോപണവുമായാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തുന്നത് മൂൻകൂട്ടി ചൂണ്ടിക്കാട്ടുകയും അക്രമം നടക്കാനിടയുണ്ടെന്ന് സൂചന നൽകുകയും ചെയ്തിട്ടും പൊലീസുകാർ മുൻകരുതൽ സ്വീകരിക്കാതിരുന്നത് സിപിഎം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി.
'എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെ എംപിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ സൈഡിലൂടെ കയറി ജനൽ വഴി അകത്തുകയറുന്നത് തടയാൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഈ സമയമത്രയും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മൂന്നു ജീവനക്കാർ മാത്രമുള്ള ഓഫിസിൽ കയറി നാൽപതോളം വരുന്ന എസ്.എഫ്.ഐ സംഘം അക്രമം നടത്തിയിട്ടും പൊലീസിന് നിയന്ത്രിക്കാനായില്ല.'
ഓഫിസിലേക്ക് തള്ളിക്കയറാനും അടിച്ചു തകർക്കാനുമുള്ള കൃത്യമായ ഗൂഢാലോചനയുമായാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയതെന്നാണ് കോൺഗ്രസ്
ആരോപിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. പൊലീസ് സംരക്ഷണയിലാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. മോദിയെ സുഖിപ്പിക്കേണ്ടത് ഇപ്പോൾ പിണറായിയുടെ ആവശ്യമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഓഫീസ് ആക്രമിച്ച സംഭവത്തിൽ സീതാറാം യെച്ചൂരി പ്രതികരിക്കണം. അക്രമത്തെ അംഗീകരിക്കുന്നില്ലെങ്കിൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ സീതാറാം യെച്ചൂരി തയാറാവുമോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. ഓഫീസ് ആക്രമണം ദേശീയതലത്തിൽ ഉയർത്തികൊണ്ടുവരുമെന്ന് കോൺഗ്രസ് ആലോചിക്കുന്നത്. പൊലീസ് നോക്കിനിൽക്കേയാണ് അക്രമമുണ്ടായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അക്രമത്തിൽ തുടർ പ്രതേിഷേധ പരിപാടികൾ കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും ഡി.സി.സി നേതൃത്വം അറിയിച്ചു.
അക്രമം അപലപനീയമാണെന്ന് സിപിഎം നേതൃത്വവും പ്രതികരിച്ചു. അക്രമത്തെ അംഗീകരിക്കുന്നില്ലെന്ന് വയനാട് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. അതേസമയം, പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ