കൊച്ചി: ആലങ്ങാട് മാഞ്ഞാലിയിൽ മാട്ടുപുറത്ത് ഗുണ്ടാ സംഘം വീട്ടിൽക്കയറി സഹോദരങ്ങളെ വെട്ടി പരിക്കേൽക്കിപ്പിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് കസ്റ്റഡിയിൽ. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അഖിൽ ആനന്ദിനെയാണ് ആലങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗുണ്ടാ സംഘത്തെ സഹോദരങ്ങളുടെ വീടു കാണിച്ചു കൊടുക്കുകയും മറ്റു സഹായങ്ങൾ ചെയ്തതും അഖിലാണെന്നു തിരിച്ചറിഞ്ഞതിനെ തുടർന്നാണു ചോദ്യം ചെയ്യുന്നതെന്നാണു സൂചന.

പൊലീസ് സ്റ്റേഷനു മുന്നിൽ സിപിഎം പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒമ്പതു പേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം. പ്രതികളുടെ സിപിഎം ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ രംഗത്തു വന്നു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആരെയും കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ പൊലീസിനു സാധിച്ചിട്ടില്ല.

മാട്ടുപുറം എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (42), നവാസ് (38) എന്നിവർക്കാണ് ഗുണ്ടാ സംഘം ക്രൂരമായി ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. ബൈക്കിലെത്തിയ ആറംഗസംഘ അക്രമിസംഘം വീടിന് പുറത്തുനിന്നിരുന്ന നവാസിനെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് വീടിന്റെ വാതിൽതകർത്ത് അകത്തുകടന്നാണ് ഷാനവാസിനെ വെട്ടിയത്. തലയ്ക്കും കഴുത്തിനും കൈയ്ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷാനവാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വടിവാളുകൊണ്ടുള്ള വെട്ടും ഇരുമ്പുവടികൊണ്ട് അടിയുമേറ്റ നവാസിനെ പറവൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

വിദേശത്ത് ഡ്രൈവറായി ജോലിചെയ്യുന്ന ഷാനവാസ് രണ്ടുമാസം മുമ്പ് നാട്ടിലെത്തി തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞദിവസം മന്നത്തുള്ള ഹോട്ടലിൽ ഉടമയുമായി തർക്കിച്ച യുവാക്കൾക്കെതിരേ ഷാനവാസും സംസാരിച്ചിരുന്നു. അതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഷാനവാസിനെ തിരക്കിവന്ന സംഘം ആളുമാറിയാണ് ആദ്യം നവാസിനെ ആക്രമിച്ചത്. ആളുമാറിയതാണെന്നറിഞ്ഞതോടെയാണ് വീടിനകത്തേക്ക് കയറാൻ ശ്രമിച്ചത്. ഷാനവാസ് അപ്പോഴേക്കും വീടുപൂട്ടി. ഭാര്യയേയും മക്കളേയും കുളിമുറിക്കകത്താക്കുകയും ചെയ്തിരുന്നു. അവർക്ക് പരിക്കേറ്റില്ല.ആക്രമണത്തിനുശേഷം വീടിന്റെ ജനൽച്ചില്ലുകളും വീട്ടുപകരണങ്ങളുമെല്ലാം അടിച്ചുതകർത്തശേഷമാണ് ഗുണ്ടാസംഘം മടങ്ങിയത്.



വടിവാളും ഇരുമ്പു ദണ്ഡം ഉപയോഗിച്ചായിരുന്നു ആക്രമണം. ആലുവ റൂറൽ എസ്‌പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.