കൽപ്പറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ. ബഫർ സോണ് ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. കൽപ്പറ്റ കൈമാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകർ ഓഫീസിനുള്ളിലെ ഫർണ്ണിച്ചറുകൾ അടക്കം തല്ലിത്തകർത്തു.

എംപി ഓഫീലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകർ ഓഫീസിനുള്ളിലെ ഫർണ്ണിച്ചറുകൾ അടക്കം തല്ലിത്തകർത്തു. പൊലീസ് നോക്കി നി്ൽക്കേയാണ് എംപിയുടെ ഓഫീസിലേക്ക് ആളുകൾ ഇരച്ചു കയറിയത്. ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. ഈ സമയം ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഓഫീസിൽ കയറി മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഓഫീസ് സ്റ്റാഫിനെ വളഞ്ഞിട്ടു മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫർണിച്ചറുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഓഫീസിന്റെ ഷട്ടർ താഴ്‌ത്തുകയും പൊലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയിൽ പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി. വനിതാ പ്രവർത്തകർ അടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിൽ തമ്പടിച്ചു. പിന്നാലെ ആക്രമണത്തിന് പിന്നിൽ ഒത്താശയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുകയാണ്.

എസ് എഫ് ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പരാതി നൽകാൻ മുഖ്യമന്ത്രിക്കാണ് അവകാശമെന്നും അതിനാൽ തന്നെ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയിക്ക് കത്തയച്ചുവെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. സംഭവത്തിൽ യച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയൻ ഏറ്റെടുത്തെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. പൊലീസ് സഹായത്തോടെയാണ് ആക്രമണമെന്നും വേണുഗോപാൽ പറഞ്ഞു.

അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വാഹനം ഉൾപ്പടെ തടഞ്ഞതിനാൽ സാധിച്ചില്ല. കൂടുതൽ പ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തി. വനിതാ പൊലീസ് അടക്കം കൂടുതൽ പൊലീസുകാരെയും സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നില്ല എന്ന ആരോപണമാണ് ഇടതുമുന്നണി ഉയർത്തുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. അതിൽ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. അതേസമം എസ്എഫ്‌ഐക്കാരുടെ ആക്രമണം സിപിഎം- കോൺഗ്രസ് ബന്ധം കൂടുതൽ വഷളാക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എസ്എഫ്‌ഐ പ്രവർത്തകരുടേത് ഗുണ്ടായിസമാണെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു. അക്രമം ആസൂത്രിതമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. എസ്എഫ്‌ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്.

സിപിഎം മാഫിയയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. അതേസമയം സംഭവത്തേക്കുറിച്ചു പരിശോധിച്ചിട്ടു പറയാമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. 'എന്താണു സംഭവിച്ചതെന്നു പരിശോധിക്കട്ടെ. എസ്എഫ്‌ഐക്കാരാണോ അക്രമം നടത്തിയതെന്നു പരിശോധിക്കണം. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും പി. ഗഗാറിൻ പറഞ്ഞു.