തിരുവനന്തപുരം: നിലയ്ക്കലിൽ എത്തിയ കെ സുരേന്ദ്രനോട് പൊലീസ് സന്നിധാനത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ പോകുമെന്ന നിലപാട് എടുത്തു. ഇതോടെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ കേസ് എടുത്തു. ഇതിന് ശേഷം സന്നിധാനത്ത് 52കാരിയുടെ കൊലപാതക ശ്രമത്തിൽ ജാമ്യമില്ലാ കേസ്. അമ്പത് വയസ്സ് തികഞ്ഞില്ലെന്ന സംശയത്തിനിടെ ഇവരെ സന്നിധാനത്ത് തടഞ്ഞിരുന്നു. ഇതിനിടെ അവർക്ക് നിസാര പരിക്ക് ഏൽക്കുകയും ചെയ്തു. ഇതിനെ വധശ്രമമാക്കി മാറ്റിയാണ് സുരേന്ദ്രനെ അകത്തിടാൻ പൊലീസ് ചെയ്തത്. എന്നാൽ തിരുവനന്തപുരത്ത് പൊലീസുകാർക്ക് മർദ്ദനമേറ്റ കേസിൽ ഇതൊന്നും ബാധകമല്ല. ജാമ്യമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതികളെ വിട്ടയയ്ക്കാനാണ് പൊലീസിന് താൽപ്പര്യം. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കളെ രക്ഷിക്കാനാണ് ഇത്.

പൊലീസുകാരെ നടുറോഡിലിട്ട് മർദിച്ച് അവശരാക്കിയ സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരായ രണ്ടുപേർ കസ്റ്റഡിയിലുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ഭാരവാഹിയും പ്രവർത്തകനുമാണ് കസ്റ്റഡിയിലുള്ളത്. ഭരണകക്ഷി നേതാക്കളുടെ സമ്മർദം കാരണം പ്രതികളുടെ വിശദാംശങ്ങൾ പോലും പൊലീസ് പുറത്തുവിടുന്നില്ല. എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെയാണ് കേസെടുക്കാൻ പോലും പൊലീസ് തയ്യാറായത്. നേരത്തെ എസ് എഫ് ഐക്കാർക്ക് ഇതുമായി ബന്ധമില്ലെന്ന് നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവിന് സംഭവവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ജാമ്യമുള്ള കേസെടുത്ത് എല്ലാം കോപ്ലിമെന്റ്‌സ് ആക്കാനുള്ള ശ്രമം. ഇതിനിടെ പൊലീസുകാർക്ക് പീഡനവും തുടങ്ങി.

പൊലീസിൽ രാഷ്ട്രീയം പാടില്ലെന്നാണ് വയ്‌പ്പ്. എന്നാൽ കേരളാ പൊലീസിൽ അസോസിയേഷന്റെ പരിൽ നടക്കുന്നത് രാഷ്ട്രീയമാണ്. ഭരണത്തിൽ ഇരിക്കുന്നവർക്കൊപ്പം അസോസിയേഷന്റെ രാഷ്ട്രീയം മാറും. അതുകഴിഞ്ഞാൽ മറു വിഭാഗത്തിന് പീഡനകാലമാണ്. ഇവിടെ എസ് എഫ് ഐക്കാർ ആക്രമിച്ചത് സിപിഎമ്മുകാരല്ലാത്ത പൊലീസുകാരാണ്. അതുകൊണ്ട് തന്നെ പൊലീസ് അസോസിയേഷനും അടികിട്ടിയവരോട് താൽപ്പര്യമില്ല. ഡ്യൂട്ടി ലീവ് പോലും രണ്ട് പൊലീസുകാർക്ക് നൽകുന്നില്ലെന്നതാണ് വസ്തുത. അടികിട്ടിയ പൊലീസുകാർ ഉടൻ ജോലിക്ക് എത്തേണ്ട അവസ്ഥ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ആരും തിരിഞ്ഞു നോക്കിയില്ല. അതിനിടെ പൊലീസുകാരെ തല്ലുകയായിരുന്നില്ല. മറിച്ച് പൊലീസുകാരാണ് ബൈക്ക് യാത്രക്കാരെ തല്ലിയതെന്ന വാദം സജീവമാക്കാനും ചില പൊലീസുകാർ തന്നെ രംഗത്തുണ്ട്. അടികിട്ടിയ പ്രവർത്തകർ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്.

ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്‌ഐ പ്രവർത്തകൻ സിഗ്‌നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർത്ഥി ആക്രമിച്ചു. മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്‌ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്‌ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചവെന്നാണ് ദൃക്‌സാക്ഷികൾ ഫറയുന്നത്.

ഗതാഗതം താറുമാറായെങ്കിലും അക്രമികൾ മടങ്ങിയില്ല. കലിയടങ്ങാതെ അക്രമിസംഘം പൊലീസുകാരെ വീണ്ടും മർദിച്ചു. കുതറിമാറിയ അമൽ കൃഷ്ണയാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം തേടിയത്. പൊലീസ് എത്തിയപ്പോൾ അക്രമികൾ നടുറോഡിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. മർദനമേറ്റ പൊലീസുകാർക്ക് അനങ്ങാൻപോലും സാധിക്കുന്നില്ല. ഇതിനിടെ കന്റോൺമെന്റ് പൊലീസ് സംഘം നാല് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി. ഉടൻ എസ്എഫ്‌ഐ നേതാക്കൾ സ്ഥലത്തെത്തി. അവരും പൊലീസിനെ ഭീഷണിപ്പെടുത്തി. പൊലീസുകാർ ഭയത്തോടെ മാറി നിന്നപ്പോൾ നേതാക്കൾ പ്രതികളെ ജീപ്പിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു ജീപ്പിലാണു മൂന്ന് പൊലീസുകാരെയും ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പൊലീസുകാരെ മർദിച്ചത് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥികളാണെന്നു പറഞ്ഞ എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് ഷിജിത്ത്, സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കു പങ്കില്ലെന്നു ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. പ്രതികളെല്ലാം എസ്എഫ്‌ഐക്കാരാണെന്നു സ്ഥിരീകരിച്ചതോടെ എസ്എഫ്‌ഐ നേതൃത്വം മൗനത്തിലായി.

വീട്ടിൽ പോയ പൊലീസുകാരൻ ശരത്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ ശരത്തിനു ദീർഘനാളത്തെ ചികിത്സ വേണ്ടിവരും. ബുധനാഴ്ച വൈകിട്ട് 6.30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാർ രാത്രി 9ന് ഡിസ്ചാർജ് ചെയ്തു. കേസ് കടുപ്പിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട കേസ് ഇല്ലാതാക്കാൻ എസ്എഫ്‌ഐ, സിപിഎം ജില്ലാ നേതൃത്വങ്ങൾ പൊലീസിന്റെ ഉന്നതതലത്തിൽ സമ്മർദം ചെലുത്തി. ഇതിനൊപ്പം പൊലീസ് അസോസിയേഷനും കൂടെ കൂടി. എങ്ങനേയും പ്രതികൾക്ക് മേൽ ജാമ്യമുള്ള കുറ്റം ചുമത്താനാണ് സമ്മർദ്ദം. വധശ്രമത്തിന്റെ പേരിൽ കേസെടുക്കില്ല. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തി വകുപ്പും ചാർത്തില്ല. അങ്ങനെ നിസാര വകുപ്പുകളിലേക്ക് കേസ് മാറ്റും. പൊലീസുകാർക്കെതിരേയും മർദ്ദനത്തിന് കേസ് എടുത്തേക്കും.

പ്രതികളെ കണ്ടെത്തുന്നതിനുവേണ്ടി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച രാത്രി ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യ നിർദ്ദേശിച്ചു. ദൃശ്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ പൊലീസുകാരിൽ ഒരാൾ അതു മായ്ച്ചുകളയാൻ ശ്രമിച്ചു. ഇതും വിവാദമായി. ഇങ്ങനെ പ്രതികളെ രക്ഷിക്കാൻ പൊലീസ് തന്നെ കൂട്ടു നിൽക്കുകായണ്. പൊലീസുകാരുടെ പരാതിയിൽ ആറുപേർക്കെതിരേയാണ് കേസെടുത്തത്. എന്നാൽ, ആക്രമണത്തിൽ ഒട്ടേറെ പേരുണ്ടായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ ശരത് എന്ന പൊലീസുകാരന് സാരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഉന്നത പൊലീസുകാരുടെ ഇടപെടൽ കാരണം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റിട്ടും കേസിൽ നിസ്സാരവകുപ്പുകൾ ചുമത്തിയതായി പൊലീസുകാർ പരാതിപ്പെടുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തതിൽ ഒരു വിദ്യാർത്ഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്.