തിരുവനന്തപുരം: സ്വാശ്രയ സമരം എന്ന് കേൾക്കുമ്പോൾ തൊണ്ട പൊട്ടുന്ന മുദ്രാവാക്യം വിളിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐക്കാരനെയാണ് ആദ്യം ഓർമ്മ വരുന്നത്, എന്നാൽ ഉന്നത റാങ്ക് നേടിയവരുൾപ്പടെ അഡ്‌മിഷൻ ലഭിക്കാതെ തിരിച്ച് പോകുമ്പോൾ അതേ എസ്എഫ്‌ഐ്കാരൻ മൗനത്തിലാണ്. സ്വാശ്രയ വിഷയത്തിൽ സർക്കാരിനൊപ്പം തന്നെ അല്ലെങ്കിൽ അതിനെക്കാളും വിമർശനമാണ് എസ്എഫ്‌ഐ എന്ന ഇടത് വിദ്യാർത്ഥി സംഘടന ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഉറക്കമിരുന്ന് പഠിച്ചിട്ടും പണമില്ല എ്ന്ന ഒരേയൊരു തെറ്റിന്റെ പേരിൽ ഒരു ജീവിത സ്വപ്‌നം പല വിദ്യാർത്ഥികൾക്കും ഇല്ലാതാവുകയാണ്.

ഇടത് സർക്കാർ തന്നെ ഭരിക്കുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത്തരമൊരു തിരിച്ചടിയുണ്ടായിട്ടും എസ്എഫ്‌ഐ സമരരംഗത്ത് സജീവമല്ലെന്ന ആരോപണമാണ് സംഘടനയ്ക്കകത്ത് നിന്ന് തന്നെ ഉയരുന്നത്. സ്വാശ്രയ മുതലാളിമാരുടെ ക്രൂരതയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങളിലുൾപ്പടെ സംസ്ഥാനത്ത് ശക്തമായി എന്നും സ്വാശ്രയ മുതലാളിമാർക്കെതിരെ രംഗത്ത് വന്നവരെന്ന് പറയുമ്പോൾ ഇപ്പോൾ സ്വന്തം പാർട്ടിയുടെ സർക്കാർ ഭരിക്കുമ്പോൾ ഭയപ്പാടുള്ളപോലെയാണോ ചോരച്ചാലുകൾ ഒക്കെ നീന്തി കയറിയ കുട്ടി സഖാക്കൾ പെരുമാറുന്നത് എന്നുൾപ്പടെ വിമർശനമുയരുന്നുണ്ട്.

മറ്റ് രാഷ്ട്രീയ കക്ഷികളും അവരുടെ വിദ്യാർത്ഥി സംഘടനകളും എതിരെ വരുന്നതിലും അധികമായി രംഗത്ത് വന്നിരിക്കുന്നത് സൈബർ ലോകത്തെ തന്നെ ഇടത് സഹയാത്രികരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രജനി എസ് ആനന്ദ് എന്ന പഴയ രക്തസാക്ഷിയെ എസ്എഫ്‌ഐ മറന്നുപോയോ എന്നാണ് വിമർശകർ ചോദിക്കുന്നത്. നിർധനരായ വിദ്യാർത്ഥികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നവരെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും എന്ത്‌കൊണ്ട് സ്വന്തം പാർട്ടി സംസ്ഥാനം ഭരിക്കുമ്പോൾ ഈ കൊള്ളലാഭം തിന്ന് ചീർക്കുന്ന മുതലാളിമാരെ തടയാൻ എസ്എഫ്‌ഐ രംഗത്തെത്തിയില്ലെന്നതാണ് എസ്എഫ്‌ഐക്ക് നേരെ ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്.

സ്വാശ്രയ ഫീസ് വർദ്ധനവ് വന്നതിന് പിന്നാലെയുള്ള സ്‌പോട്ട് അഡ്‌മിഷൻ കേന്ദ്രങ്ങളിലും വലിയ വിഷയങ്ങളാണ് നടക്കുന്നത്.രക്ഷിതാക്കളുടേയും കെഎസ്‌യുവിന്റേയും എതിർപ്പിനെ തുടർന്ന് പലപ്പോഴും അഡ്‌മിഷൻ തടസ്സപ്പെടുകയും ചെയ്തു. ഫീസ് ഉയർന്നത് കാരണം മക്കളെ എങ്ങനെ പഠിപ്പിക്കുമെന്നും അവരുടെ സ്വപ്‌നങ്ങൾക്ക് ജീവൻ പകരാനാകാതെ ഭീമമായ തുകയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ കാഴ്ചയാണ് ഈ ദിവസങ്ങളിൽ നാം കാണുന്നത്. പണമുള്ളവൻ മാത്രം ഡോക്ടറായാൽ മതി എന്നാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മറുപടി പറയാതെ എസ്എഫ്‌ഐക്ക് ഒഴിഞ്ഞ് മാറാൻ കഴിയുകയുമില്ല.

അഞ്ച് ലക്ഷം രൂപ ആദ്യഗഡുവായി നൽകി പ്രവേശനം നേടാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയെങ്കിലും പതിനൊന്ന് ലക്ഷംരൂപയും ഒരുമിച്ച് നൽകണമെന്ന നിലപാടിലാണ് പല മാനേജ്‌മെന്റുകളും. കോടതി മാർഗനിർദ്ദേശങ്ങളൊന്നും രേഖാമൂലം ലഭിച്ചിട്ടില്ലെന്ന ന്യായമാണ് വിദ്യാർത്ഥികളോട് മാനേജ്‌മെന്റ് പ്രതിനിധികൾ പറയുന്നത്. അഞ്ച് ലക്ഷം രൂപയുടെ ഡിഡിയുമായി പ്രവേശനം തേടിയെത്തിയവരോട് പതിനൊന്ന് ലക്ഷം രൂപ ഒരുമിച്ച് വേണമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാശിപിടിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസ് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതയെകുറിച്ചായിരുന്നു ചിലരുടെ ആശങ്ക.

അപ്രതീക്ഷിതമായി ഫീസ് ഇത്രയും വർദ്ധിച്ചതോടെ പലയിടത്തും അഭയാർഥി ക്യാമ്പിനു സമാനമായിരിക്കുകയാണ് അഡ്‌മിഷൻ കേന്ദ്രങ്ങൾ. തങ്ങൾ ഇത്രയും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴും തങ്ങളുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാത്ത നേതാക്കൾക്കും അധികാരികൾക്കുമെതിരെ വൈകാരികമായിട്ടാണ്. സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ വലിയ. വായിൽ പ്രസംഗിച്ച് അധികാരത്തിലെത്തിയിട്ട് ഇ്‌പ്പോൾ കുട്ടി നേതാക്കൾ പോലും വിഷയത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട് രക്ഷിതാക്കൾക്ക്. മികച്ച റാങ്ക് നേടിയിട്ടും നിരവധി വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ ലഭിച്ചില്ല.

'ഐ ആം ഗോയിങ് ഫ്രം ദി വേൾഡ്, പാവമാണ് എന്റെ അച്ഛനും അമ്മയും സഹോദരിയും സഹോദരനും' എന്ന് നോട്ട്ബുക്കിൽ കുറിച്ചിട്ട ആത്മഹത്യാകുറിപ്പിന്റെ കോപ്പിയുമായി സംസ്ഥാന ഭരണകൂടത്തെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തി തെരുവോരങ്ങളിൽ സമര പോരാട്ടങ്ങൾ നടത്തിയ അന്നത്തെ എസ്എഫ്‌ഐ നേതാക്കളിൽ പലരും ഇന്ന് നിയമസഭാ സമാജികർ. രജനിയുടെ മൃതദേഹത്തിനു മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞവർ പലരും പിന്നീട് സംസഥാന നേതാക്കളായി.

2004 ജൂലൈ 22നാണ് അടൂർ ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിനി രജനി എസ്ആനന്ദ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോർഡ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. സ്വാശ്രയ എഞ്ചിനീയറിങ് പഠനം തുടരാൻ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. വെള്ളറട നെല്ലിശ്ശേരി പട്ടക്കുടിവിള വീട്ടിൽ അലക്കുതൊഴിലാളികളായ ശിവാനന്ദന്റെയും ശാന്തയുടെയും മകളായിരുന്നു രജനി എസ്.ആനന്ദ്. ഉയർന്ന ഫീസ് കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ തന്നെ ഭാവി എന്തെന്നറിയാത്ത ആശങ്കയിലാണ്.

സുപ്രീം കോടതി വിധിയനുസരിച്ച് ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഒരു സർക്കാർ സമിതിക്കാണ്. ഒരു റിട്ടയേർഡ് ജഡ്ജി തലവനായ സമിതിയിൽ ബാക്കി അംഗങ്ങളെ നിയമിക്കുന്നത് സർക്കാരാണ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും പരീക്ഷ കമ്മീഷണറും ഒക്കെ സമിതിയിൽ അംഗങ്ങളാണ്.ആ സമിതി കോളേജുകളുടെ വരവ് ചെലവ് കണക്കുകൾ കോളേജുകളിൽ നിന്ന് വാങ്ങി കണക്കുകൂട്ടി ഫീസ് നിശ്ചയിക്കണം. അതിനു സഹായിക്കാൻ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് സമിതിയിൽ ഉണ്ട്.കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന സർക്കാർ കോടതി വിധിക്കു പകരമായി ഒരു ഓർഡിനൻസ് കൊണ്ടുവരുന്നത് ഈ ഈ വർഷം ഏപ്രിലിലാണ്. ഒരു വർഷം ഒന്നും ചെയ്തില്ല എന്നർഥം. ആരെ സഹായിക്കാനായിരുന്നു അത് എന്ന ചോദ്യവും പ്രസക്തമാണ്.

ഏപ്രിലിൽ കൊണ്ടുവന്ന ഓർഡിനൻസ് നിയമമാക്കിയില്ല. പിന്നെ ജൂണിൽ ഓർഡിനൻസ് ഒരിക്കൽ കൂടി കൊണ്ടുവന്നു. അത് തെറ്റാണ് എന്ന് കണ്ടപ്പോൾ പിന്നീട് ഒരു ഓർഡിനൻസും കൂടി കൊണ്ടുവന്നു. എന്തുമാത്രം പ്രാധാന്യം സർക്കാർ വിഷയത്തിന് കൊടുത്തു എന്നത് ഇതിൽ നിന്നും തന്നെ വ്യക്തമാണ്.ഫീസിനായി എന്ത് മാനദണ്ഡമാണ് ഇവർ മുന്നോട്ട് വെച്ചതെന്നും അവ്യക്തമാണ്. സർക്കാർ നിയോഗിച്ച കമ്മിറ്റി ഫീസ് കണക്ക് കൂട്ടി തീരുമാനിക്കാൻ വൈകിയപ്പോൾ മാത്രമാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടത്.

എന്നാൽ നിങ്ങൾ എപ്പോഴാണ് എന്തെങ്കിലുമൊരു കാര്യം പറഞ്ഞ് അടിസ്ഥാനരഹിതമായ ആരോപണം എസ്എഫ്‌ഐക്കെതിരെ ഉന്നയിക്കാതിരുന്നിട്ടുള്ളതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വിജിന്റെ ചോദ്യം. മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു വിജിൻ. എസ്എഫ്‌ഐ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജിൻ മറുനാടനോട് പറഞ്ഞു. സെക്രട്ടേറിയറ്റിലേക്കും ഫീ റെഗുലേറ്ററി ആസ്ഥാനത്തേക്കും എസ്എഫ്‌ഐ മാർച്ച് നടത്തിയിരുന്നുവെന്നും തങ്ങൾക്ക് സ്വതന്ത്ര നിലപാടുണ്ടെന്നും വിജിൻ പറയുന്നു.

ഭരിക്കുന്നത് സ്വന്തം പാർട്ടിയാണോ എന്ന് നോക്കിയല്ല നിലപാടെടുക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്ന ഫീസിലേക്ക് എത്തിയില്ലെങ്കിൽ ശക്തചമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു. സ്വാശ്രയ കോളേജുകൾ കൂണുപോലെ പൊങ്ങിയപ്പോൾ തന്നെ എസ്എഫ്‌ഐ പറഞ്ഞതാണ് ഇവരെ തടഞ്ഞില്ലെങ്കിൽ അത് വിഷപാമ്പായി മാറുമെന്ന് അന്നേ പറഞ്ഞതാണ്. പിന്നെ ഈ വിഷയത്തിൽ വമർശനമുന്നയിക്കുന്ന പ്രതിപക്ഷത്തിനും ഈ വിഷയത്തിലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഒന്നും മുന്നോട്ട് വെക്കാൻ കഴിഞ്ഞില്ലെന്നും വിജിൻ പറയുന്നു.

പിന്നെ എസ്എഫ്‌ഐ എങ്ങനെ സമരം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്എഫ്‌ഐയുടെ കമ്മിറ്റിയാണെന്നും അല്ലാതെ സോഷ്യൽ മീഡിയിൽ വിമർശനം നടത്തുന്നവരല്ലെന്നും വിജിൻ പറയുന്നു. നല്ല വിമർശനങ്ങളാണെങ്കിൽ അത് സ്വീകരിക്കാൻ തങ്ങൾ മടി കാണിച്ചിട്ടില്ലെന്നും വിജിൻ കൂട്ടിച്ചേർക്കുന്നു.ഈ സർക്കാർ ഭരിക്കുമ്പോൾ തന്നെയാണ് ലോ അക്കാദമി വിഷയത്തിലും ജിഷ്ണു പ്രണോയ് വിഷയത്തിലും എസ്എഫ്‌ഐ ഇടപെട്ടതെന്നും വിജിൻ പറയുന്നു. കോടതി പുറപ്പെടുവിക്കുന്ന ചില വിധികൾ യുക്തി രഹിതമെന്നും വിജിൻ മറുനാടനോട് പറഞ്ഞു. സ്വാശ്രയ മുതലാളിമാർ കള്ളന്മാരെന്നും ഇവരുമായി ഒരു
ഇവരുമായി ഒരു തരത്തിലും സന്ധയില്ലെന്നും വിജിൻ പറയുന്നു.