മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആദ്യം ആദ്യം പൊലീസിനോട് പറഞ്ഞത് നൗഷാദ്. സുൽത്താൻ ബത്തേരി കൈപ്പൻഞ്ചേരി തങ്ങളകത്ത് നൗഷാദിനെ മാത്രം കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തതിന് പിന്നിൽ ഷൈബിൻ അഷ്റഫിനെതിരെ വ്യക്തമായ തെളിവുകളുണ്ടാക്കാൻ. പൊലീസിനും കൂടുതൽ വിശ്വാസം ഈ പ്രതിയെ തന്നെ. വൈദ്യൻ നിലമ്പൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ നൗഷാദുമായി ഇന്നു ഷൈബിൻ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രധാന പ്രതി ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നു രാവിലെ 11.30 നു ആരംഭിച്ച തെളിവെടുപ്പ് ഉച്ചക്കു 2.45 നാണ് പൂർത്തിയാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നൗഷാദിനെ കോടതിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. അബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം. ബിജു, നിലമ്പൂർ സിഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക വിവരം ആദ്യം പൊലീസിനോട് പറഞ്ഞത് നൗഷാദാണ്. ഇതേ തുടർന്നാണ് പിടിയിലായ നാലുപ്രതികളിൽ നൗഷാദിനെ മാത്രം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും തെളിവെടുപ്പിനെത്തിച്ചതും.

ഫോറൻസിക് വിദഗധർ, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഷൈബിന്റെ വീട്ടിനുള്ളിൽ വച്ചും പുറത്തും ഏറെ നേരം തെളിവെടുപ്പ് തുടർന്നു. ഷാബാ ഷെരീഫിന്റെ കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പൊലീസ് പ്രധാനമായും നടത്തിയത്. ഷാബാ ഷെരീഫിനെ താമസിപ്പിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെ നേരം പരിശോധന നടത്തി. വിരലടയാളവും ശേഖരിച്ചു.

ഷാബാ ഷെരീഫിനെ കഷണങ്ങളാക്കി കൊന്നത് വീട്ടിനകത്തുവച്ചാണെങ്കിൽ പുറത്തേക്കൊഴുകിയ രക്തത്തിന്റെ അംശങ്ങൾ കണ്ടെത്താനാവുമോ എന്ന പരിശോധനയും നടന്നു. ഇതിനായി കുളിമുറിയിൽ നിന്നു വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്തുതറയിലെ ടൈൽസ് പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. കുളിമുറി നവീകരിച്ചപ്പോൾ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങൾ റോഡിനു എതിർവശത്ത് നിന്നു പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയമായി പരിശോധിക്കും.

അതേസമയം ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ഷാബാ ഷെരീഫ് കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടിൽ ഉണ്ടായിരുന്നതായും ഷാബാ ഷെരീഫിനെ ചങ്ങലയിൽ ബന്ധിപ്പിച്ചത് കണ്ടതായും ഷൈബിന്റെ ഭാര്യ മൊഴി നൽകിയതായാണ് അറിയുന്നത്. ഇവരെയും പൊലീസ് പ്രതി ചേർത്തേക്കും. മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും അറസ്റ്റിലായ മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിന് പുറമെ പ്രതികളുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കൊലപാതകങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷൈബിനുമായി ബന്ധമുള്ള മുക്കട്ട ഇയ്യംമട ഭാഗത്തെ ഒരാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. എന്നാൽ സംശയിക്കപ്പെടുന്ന ആളുകളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധി നാട്ടുകാർ മുക്കട്ട-കരുളായി റോഡിനു സമീപമുള്ള ഷൈബിന്റെ വീടിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. വീടിന്റെ മുറ്റത്തേക്ക് മറ്റാരെയും പ്രവേശിപ്പിച്ചിരുന്നില്ല.