നിലമ്പൂർ: സ്വന്തം വീട്ടിൽവെച്ചു ഒറ്റമൂലിയുടെ കൂട്ടു ലഭിക്കാൻ വേണ്ടി മൈസൂർ സ്വദേശിയായ നാട്ടുവൈദ്യനെ ചങ്ങലക്കിട്ടു പീഡിപ്പിച്ച ഷൈബിൻ അഷ്‌റഫിന്റെ കൊടും ക്രൂരതയെ കുറിച്ച് എല്ലാം ഭാര്യ ഫസ്‌നക്ക് അറിയാമായിരുന്നു. മാത്രമല്ല, വീട്ടിൽ വെച്ചു കൊലപ്പെടുത്തി അരുംകൊല ശുചിമുറിയിൽ വെച്ചു വെട്ടികഷ്ണങ്ങളാക്കി പുറത്തു കൊണ്ടു പോയി തള്ളിയതും അവർ അറിഞ്ഞു. എന്നിട്ടും ഒന്നുമറിയാത്തതു പോലെ നടിച്ചു കഴിഞ്ഞു കൂടുകയായിരുന്നു ഷാബാ ഷെരീഫിന്റെ കൊലപാതകക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌ന (28). ഇന്നലെ വയനാട്ടിലെ മേപ്പാടിയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ അവസാന നിമിഷം വരെ പിടികൊടുക്കാതിരിക്കാനും ഇവർ ശ്രമിച്ചു.

കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയിൽ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഫസ്നയെ പലപ്രാവശ്യം ചോദ്യംചെയ്ാൻ വിളിയപ്പിച്ചിരുന്നെങ്കിലും പൊലീസിനോടു സഹകരിക്കാൻ അവർ തയാറായിരുന്നില്ല. ഭർത്താവിന് അറിവുള്ള പല കാര്യങ്ങളും ഇവർക്കും അറിയാമായിരുന്നു. ഇത് കണക്കു കൂട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ല. ഇതോടെ കൂട്ടുപ്രതികളെ ചോദ്യം ചെയ്തു ഫസ്‌നക്ക് അറിയാവുന്ന കാര്യങ്ങൾ പൊലീസ് ചികഞ്ഞെടുത്തു.

ഒടുവിൽ പിടിവീഴുമെന്ന ഘട്ടത്തിൽ ഫസ്ന ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലീസ് പിന്തുടരുന്ന വിവരം മനസിലാക്കിയ അവർ എറണാകുളത്തുനിന്നു വയനാട്ടിലേക്കു കടന്നു. അറസ്റ്റ് ഒഴിവാക്കാൻ അഭിഭാഷകന്റെ നിർദേശമനുസരിച്ച് വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായി. അവിടെ പൊലീസ് എത്തുമെന്നു മനസിലായപ്പോൾ ആശുപത്രിയിൽനിന്നു ഡിസ്ചാർജായി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് മേപ്പാടിയിൽവച്ച് പൊലിസ് പിടികൂടിയത്.

നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയിൽ ഇവരുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. നിലമ്പൂർ സ്റ്റേഷനിലെത്തിച്ച് ഇവരുടെ മൊഴിയെടുത്തു. ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ച സമയത്ത് ഫസ്‌നയും ഷൈബിൻ അഷറഫും ഇവിടെ താമസിച്ചിരുന്നു. ഷാബാ ഷെരിഫിനെ വീട്ടിലെ മുറിയിൽ തടവിലിട്ട് പീഡിപ്പിക്കുന്ന കാര്യം ഫസ്നയ്ക്ക് അറിയാമായിരുന്നു. പലതവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തെങ്കിലും ഇതൊന്നും വെളിപ്പെടുത്തിയില്ല.

ഭർത്താവിനെയും കൂട്ടുപ്രതികളെയും രക്ഷപ്പെടുത്താൻ ഇതെല്ലാം പൊലീസിൽനിന്ന് മറച്ചുവെച്ചു. സംഭവസ്ഥലത്തെ തെളിവുകളും നശിപ്പിച്ചു. മുക്കട്ടയിലെ വീട്ടിൽവച്ച് വൈദ്യനെ കൊന്നശേഷം പുലർച്ചെ എടവണ്ണ സീതിഹാജി പാലത്തിൽനിന്നു മൃതദേഹം പുഴയിൽതള്ളിയ കൂട്ടുപ്രതികൾ ടൗണിലുള്ള ലോഡ്ജിലെത്തി വിശ്രമിച്ചിട്ട് രാത്രി പത്തോടെ പ്രതിഫലം വാങ്ങാൻ ഷൈബിന്റെ ബംഗ്ലാവിലെത്തിയിരുന്നു. രാത്രി പന്ത്രണ്ടോടെ ഷൈബിനും ഭാര്യ ഫസ്നയും കേക്ക് മുറിച്ച് മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പ്രതികൾ ബത്തേരിയിലേക്കു മടങ്ങിയത്.

ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാൻ മൈസൂർ സ്വദേശിയായ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷത്തോളം ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.

അതേസമയം ഫസ്‌നയെ കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ പതിനഞ്ച് പേരുള്ള പ്രതിപ്പട്ടികയിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഷൈബിന്റെ ബന്ധു ഫാസിൽ, സഹായി ഷെമീം, ഷൈബിന് നിയമ സഹായം നൽകിയിരുന്ന റിട്ടയേർഡ് എസ്‌ഐ സുന്ദരൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്‌പി. സാജു കെ. അബ്രാഹം, സിഐ. വിഷ്ണു, എസ്‌ഐ. മാരായ നവീൻ ഷാജ്, എം. അസൈനാർ, എഎസ്ഐ.മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ, നിബിൻദാസ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.