മലപ്പുറം: റമദാനിലെ ആദ്യ വെള്ളിയാഴ്ച മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഖുതുബ നിർവ്വഹിച്ച ചാരിതാർഥ്യത്തിലാണ് കാഴ്ച പരിമിതിനായ ഹാഫിള് മുഹമ്മദ് ശബീർ. മുസ് ലിംകളുടെ പ്രധാന ആരാധനകളിലൊന്നായ വെള്ളിയാഴ്ചകളിലെ ഖുത്വുബ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ നേതൃത്വത്തിൽ നടക്കുന്നത് ആദ്യമായാണ്. ആയിര കണക്കിന് പേരായിരുന്നു ജുമുഅക്കെത്തിയിരുന്നത്. പള്ളിക്കകത്ത് ഉൾക്കൊള്ളാനാവാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു.

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിന്റെ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും ആയിരകണക്കിന് വരുന്ന വിശ്വാസികളുടെ മനം കുളിർപ്പിച്ചു. ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ശബീറലി ഖുതുബ നിർവ്വഹിച്ചത്. സയ്യിദ് ബുഖാരിയും മഅദിൻ കുടുംബാംഗങ്ങളും നൽകിയ പൂർണ പിന്തുണയും ഊർജ്ജവുമാണ് ഈയൊരു അസുലഭ മുഹൂർത്തത്തിന് കാർമികത്വം വഹിക്കാൻ നിമിത്തമായതെന്ന് ശബീറലി പറയുന്നു.

ഏറ്റവും പ്രധാനപ്പെട്ട ദിനമായ റമളാനിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭിന്നശേഷി മേഖലക്ക് ഇത്തരം ഒരു അവസരം നൽകിയ ഖലീൽ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈയൊരു പരിഗണന ഭിന്നശേഷിക്കാർക്ക് ആകമാനം അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങളാണെന്നും കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (കെ.എഫ്.ബി) അദ്ധ്യാപക ഫോറം പ്രസിഡന്റ് സുധീർ മാസ്റ്റർ കൊല്ലം പറഞ്ഞു.

പരിമിതികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനുള്ള പ്രചോദനമാണ് ഹാഫിള് ശബീർ അലി നൽകുന്നതെന്നും ഭിന്നശേഷി മേഖലയിൽ ഒരു പുനർവിചിന്തനത്തിന് അവസരമൊരുക്കുമെന്നും ഏബ്ൾവേൾഡ് സി.ഒ.ഒ മുഹമ്മദ് ഹസ്രത്ത് വയനാട് പറഞ്ഞു. ഹാഫിള് ശബീറലിയുടെ ഖുത്വുബ ശ്രവിക്കാൻ ഭിന്നശേഷി സുഹൃത്തുക്കളുമെത്തിയിരുന്നു.

മഅദിൻ ബ്ലൈൻഡ് സ്‌കൂളിൽ ഒന്നാം ക്ലാസിൽ എത്തിയ ശബീർ അലി പത്താം ക്ലാസിൽ 9 എപ്ലസ് കരസ്ഥമാക്കിയാണ് എസ്.എസ്.എൽ.സി പാസായത്. പ്ലസ്ടുവിൽ 75 ശതമാനം മാർക്കും കരസ്ഥമാക്കി. തുടർന്ന് മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പഠനമാരംഭിച്ച ശബീർ അലി ഒന്നര വർഷം കൊണ്ടാണ് ബ്രയിൽ ലിപിയുടെ സഹായത്തോടെ ഖുർആൻ മനപാഠമാക്കിയത്. കഴിഞ്ഞ എസ്.എസ്.എഫ് കേരള സാഹിത്യോത്സവിൽ ഖവാലിയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു. സ്‌കൂൾ യുവജനോത്സവിൽ ഉർദു സംഘഗാനത്തിൽ ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. എടപ്പാൾ പോത്തനൂർ സ്വദേശി താഴത്തേല പറമ്പിൽ ബഷീർ-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.