നിലമ്പൂർ: പാരമ്പര്യ വൈദ്യൻ ഷാബാഷരീഫ് കൊലപതാക കേസിലെ കസ്റ്റഡിയിലുള്ളരണ്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫിന്റെ മുക്കട്ടയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ്. നാല് ദിവസത്തേത്ത് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ മൈസൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൈബിൻ അഷറഫിന്റെ നിർദ്ദേശ പ്രകാരം മൈസൂരിൽ നിന്നും ഷാബാ ഷെരീഫിനെ തട്ടി കൊണ്ടു വന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

ഷാബാഷരീഫിനെ തട്ടിക്കൊണ്ടുവരാനുള്ള ഗൂഢാലോചന ഷൈബിൻ അഷറഫിന്റെ വീട്ടിൽ വെച്ചയാരിന്നു. ഇതിൽ പങ്കാളികളായവരാണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ. ഇതേ തുടർന്നാണ് പ്രതികളെ ഇവിടെ എത്തിച്ചത്.തട്ടിക്കൊണ്ടുവരാനുള്ള ഗൂഢാലോചന നടത്തിയ സ്ഥലവും തട്ടിക്കൊണ്ടുവരാൻ ഉപയോഗിച്ച വാഹനവും പ്രതികൾ പൊലീസിന് കണിച്ചുകൊടുത്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത ഓഡി ക്യൂ 7 കാർ തൊണ്ടിമുതലായി പൊലീസ് കൊണ്ടുപോയി.ഷബാഷരീഫിനെ ചികിത്സക്കെന്ന വ്യാജേനെ മൊസുരൂവിലെ വീട്ടിൽ നിന്ന് ബൈക്കിലാണ് തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഓഡി ക്യൂ 7 കാറിലും കഴിഞ്ഞ ദിവസം പിടിയിലായ അജ്മലിന്റെ പേരിലുള്ള മാരുതി എക്കോ വാനിലുമായാണ് മുക്കട്ടയിലെ ഷൈബിൻ അഷ്‌റഫിന്റെ വീട്ടിലെത്തിച്ചത്.

2019 ഓഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്നും തട്ടിക്കൊണ്ടു വന്നത്. തുടർന്ന് ഒന്നേകാൽ വർഷത്തോളം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷൈബിനും കൂട്ടുപ്രതികളും പിടിയിലായത് അറിഞ്ഞ് രണ്ടു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഷഫീഖ്, ഷബീബ്, അജ്മൽ എന്നിവരെ കഴിഞ്ഞ ദിവസം എറണാംകുളത്തനിന്നാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരിഷമീം എന്നിവരും ഷൈബിന്റെ സഹായിരുന്ന റിട്ട: എസ് ഐ സുന്ദരൻ സുകുമാരനും ഇപ്പോഴും ഒളിവിലാണ്.