ജയ്പുർ: രാജസ്ഥാനിലെ രാജ്സമന്ദിൽ ലൗജിഹാദ് ആരോപിച്ച് അഫ്‌റസൂൽ ഖാനെ ചുട്ടെരിച്ച് കൊന്ന കേസിലെ പ്രതി ശംഭുലാൽ റെഗാറിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി. അൻഷുൽ ദാദിച്ച് എന്ന യുവാവാണ് വാട്ടർ ടാങ്കിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.

ശംഭുലാലിനെ വെറുതെ വിടുക, ഇല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യും, ഇന്ത്യയിൽ താമസിക്കണമെങ്കിൽ വന്ദേ മാതരം എന്ന് പറയണം എന്നെല്ലാമായിരുന്നു അൻഷുൽ ദാദിച്ച് വിളിച്ചുപറഞ്ഞത്. അഫ്‌റസൂൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഉദയ്പുരിൽ കഴിഞ്ഞ ദിവസം നടന്ന റാലിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു താനെന്ന് അൻഷുൽ ദാദിച്ച് പറഞ്ഞതായി സമീപവാസി പറയുന്നു.

ആസാദ് ഹിന്ദ് സേനയിലെയും രാഷ്ട്രീയ ബ്രാഹ്മൺ സേനയിലേയും അംഗമാണ് അൻഷുൽ. എന്നാൽ വാട്ടർടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച അൻഷുലിന്റെ പ്രവൃത്തി വ്യക്തിപരമായ തോന്നലിൽ നിന്നുണ്ടായതാണെന്നും അൻഷുലിനെ പിന്തുണക്കണമോ എന്ന് യോഗം ചേർന്നതിന് ശേഷം മാത്രമേ തീരുമാനിക്കൂയെന്നും രാഷ്ട്രീയ ബ്രാഹ്മൺ സേന നേതാവ് പറഞ്ഞു.

അതേ സമയം കൊല്ലപ്പെട്ട മുഹമ്മദ് അഫ്റസുലിനെ തനിക്ക് അറിയില്ലെന്നും തന്നെ ആരും പ്രണയക്കെണിയിൽ കുടുക്കിയിട്ടില്ലെന്നും അനാവശ്യമായാണ് തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും ആരോപണമുന്നയിക്കപ്പെട്ട യുവതി പറഞ്ഞിരുന്നു. കൊലയാളി ശംഭുലാൽനാഥ് റെഗാറിനെ രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടിയിരുന്നു. ഇതല്ലാതെ തനിക്ക് കൊലയാളിയുമായും ബന്ധമില്ലെന്നും 20 കാരി അറിയിച്ചിരുന്നു.

ലൗ ജിഹാദിൽ കുടുങ്ങിയ ഹിന്ദു സഹോദരിയെ രക്ഷിക്കാനാണ് കൃത്യംചെയ്യുന്നതെന്നും എല്ലാ ജിഹാദികൾക്കുമുള്ള താക്കീതാണ് ഇതെന്നും ഭീഷണിമുഴക്കിയാണ് അഫ്റസുലിനെ ശംഭുലാൽ ക്രൂരമായി ആക്രമിച്ച ശേഷം തീയിട്ടുകൊന്നത്. 2010ൽ അഫ്റസുലിന്റെ നാടായ ബംഗാളിലെ മാൾഡയിൽ താൻ പോയിരുന്നുവെന്ന് സമ്മതിച്ച യുവതി, എന്നാൽ അത് മുഹമ്മദ് ബബ്ലു എന്നയാളുടെ കൂടെയായിരുന്നുവെന്നും പറഞ്ഞിരുന്നു.

രണ്ടുവർഷത്തോളം മാൾഡയിൽ കഴിഞ്ഞു. പിന്നീട് തന്റെ ഇഷ്ടപ്രകാരമാണ് അവിടെ നിന്നു മടങ്ങിയത്. താനാണ് യുവതിയെ ബംഗാളിൽ നിന്നു കൊണ്ടുവന്നതെന്ന ശംഭുലാൽ നാഥിന്റെ അവകാശവാദവും യുവതി തള്ളിയിരുന്നു ശംഭുലാലിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു.സംഭവത്തിനു പിന്നിൽ ലൗജിഹാദ് വിവാദം ഇല്ലെന്ന് രാജ്സമന്ദ് ജില്ലാ പൊലിസും അറിയിച്ചു.