- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മനുഷ്യസംഗമ വേദിയിൽ ഞാൻ ഫാത്തിഹ ഓതിയത് എന്തുകൊണ്ട്? ഞാനൊരു കാന്തപുരം അനുഭാവിയല്ല: സോഷ്യൽ മീഡിയയിൽ വിമർശനം മുറുകുമ്പോൾ ഷഫീഖ് സുബൈദ ഹക്കീമിന് പറയാനുള്ളത്..
തിരുവനന്തപുരം: കൊച്ചിയിൽ സംഘടിപ്പിച്ച മനുഷ്യസംഗമ വേദിയിൽ ഷഫീഖ് സുബൈദ ഹക്കീം എന്ന യുവാവ് പ്രതിഷേധം ഉയർത്തിയതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംവാദ വിഷയം. ഇസ്ലാമിക സംഘടനകളെ മാറ്റി നിർത്തിയതിലും സ്വാഗത പ്രാസംഗികൻ നടത്തിയ പരാമർശങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഷഫീഖ് സംഗമ വേദിയിൽ പ്രതിഷേധം ഉയർത്തിയത്. മുസ്ലീങ്ങളെ അപമാനിക്കാൻ അനുവദ
തിരുവനന്തപുരം: കൊച്ചിയിൽ സംഘടിപ്പിച്ച മനുഷ്യസംഗമ വേദിയിൽ ഷഫീഖ് സുബൈദ ഹക്കീം എന്ന യുവാവ് പ്രതിഷേധം ഉയർത്തിയതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംവാദ വിഷയം. ഇസ്ലാമിക സംഘടനകളെ മാറ്റി നിർത്തിയതിലും സ്വാഗത പ്രാസംഗികൻ നടത്തിയ പരാമർശങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഷഫീഖ് സംഗമ വേദിയിൽ പ്രതിഷേധം ഉയർത്തിയത്. മുസ്ലീങ്ങളെ അപമാനിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഷഫീഖിന്റെ വാദം. മുദ്രാവാക്യം മുഴക്കിയ ഷഫീഖിന്റെ പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ ഇതിന്മേൽ ചർച്ചകൾ സജീവമായി നടക്കുകയും ചെയ്യുന്നു. എന്തായാലും എന്തിനാണ് പ്രതിഷേധിച്ചതെന്നും എന്തുകൊണ്ട് പ്രതിഷേധിച്ചു എന്നും വിശദീകരിച്ചുകൊണ്ട് ഷഫീഖ് തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കിൽ എഴുതിയ വിശദമായ കുറിപ്പിലാണ് ഷഫീഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് ഷഫീഖ് വ്യക്തമാക്കുന്നത് ഇങ്ങനെ:
വംശീയത കടന്നുവരുന്ന ഇടങ്ങളെ കുറിച്ചുള്ള ഉൾകാഴ്‌ച്ചയാണ് മനുഷ്യസംഗമവുമായി ബന്ധപ്പെട്ട സംവാദ/വിവാദങ്ങൾ എനിക്ക് പകർന്ന് തന്നത് എന്ന് പ്രാഥമികമായി പറയട്ടെ. 'ഷഫീക്കിന് പ്രകോപനമുണ്ടാകുന്ന, മുസ്ലിം സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന എന്താണ് ജോൺസൺ എൻ.പി പറഞ്ഞത്?' ഇതാണ് ചോദ്യം. ഞങ്ങൾ എല്ലാം വായിച്ച/കണ്ട ആ പ്രസംഗത്തിൽ 'ഒന്നുമുണ്ടായിരുന്നില്ലല്ലോ!!!'. ഷഫീക്ക് ഒന്നുകിൽ തെറ്റിധരിക്കപ്പെട്ടു, അല്ലെങ്കിൽ 'വലിയ കള്ളം' പറഞ്ഞു; ജോൺസൺന്റെ വാക്കുകളെ മിസ്‌റീഡ് ചെയ്തു. കാന്തപുരത്തെ പറഞ്ഞത് 'പുള്ളിക്ക്' സഹിക്കാൻ കഴിഞ്ഞിട്ടില്ല. ഉള്ളിൽ കിടക്കുന്ന 'സുഡാപി' പുറത്തുചാടിയതാണ്. 'അയാൾക്ക് ഭ്രാന്താണ്', 'മതഭ്രാന്തന്മാരെ പോലുള്ള പെരുമാറ്റം'... ഇങ്ങനെ പോകുന്നു ആക്ഷേപങ്ങളും വിമർശനങ്ങളും.
എന്നാൽ എന്നെ സംബന്ധിച്ചിടത്തോളമാകട്ടെ ജോൺസൺ എൻ.പി.യുടെ പ്രസംഗം കൂടുതൽ വംശീയവും അപകടകരവുമായാണ് ഇപ്പോൾ പോലും അുഭവപ്പെടുന്നത്. എന്തുകൊണ്ട്? എവിടെ? എങ്ങനെ? ജോൺസൺ കാന്തപുരത്തെ പരാമർശിക്കുന്നതിനു മുൻപ് തന്നെ ഞാൻ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് ഞാൻ കാന്തപുരം ശിഷ്യനാണെന്നുള്ള വായനകളൊക്കെയും വന്നിരിക്കുന്നത്. (അതിന്റെയൊക്കെ വംശീയമാനങ്ങളെ കുറിച്ച് വഴിയേ വിശദീകരിക്കാം.)
'ചില സംഘടനകളെ ഈ പരിപാടിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിനിർത്തും എന്ന് തീരുമാനിച്ചുകൊണ്ട് അത് പ്രശ്‌നവൽക്കരിക്കാൻ തന്നെ തീരുമാനിച്ചതാണു. അത് വിജയംകണ്ടു എന്നാണു ഞാൻ മനസിലാക്കുന്നത്.' എന്നതാണ് ജോൺസൺന്റെ വാക്കുകൾ. ഇത് ഓർമയിൽ നിന്നെടുത്തതല്ല. പ്രസംഗം ട്രാൻസ്‌ക്രിപ്റ്റ് ചെയ്ത ഫ്രാൻസിസ് നസ്രേത്തിന്റെ (Francis Nazareth) ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ നിന്നും പകർത്തിയതാണ്. ഈ വരികൾ പച്ചക്ക് ആ പ്രഭാഷണത്തിൽ കിടന്നിട്ടും ഫ്രാൻസിസ് നസ്രേത്ത് ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ചോദിക്കുന്നു, എവിടെയാണ് ജോൺസൺ മുസ്ലിം സമുദായത്തിലെ മനുഷ്യരെ ഒന്നടങ്കം അവഹേളിച്ചതായി ഷഫീക്കിന് തോന്നുന്നത് എന്ന്.
ഓരോ വംശീയതയും കോണ്ടക്സ്റ്റുകൾക്ക് പുറത്തല്ല രൂപപ്പെടുന്നത്. പുറമേക്ക് സൗമ്യമായ ഭാഷയിൽ ഉള്ളടക്കിയാൽ വംശീയത മനസിലാവുകയില്ല അല്ലെങ്കിൽ പ്രകോപിപ്പിക്കപ്പെടില്ല എന്നാണോ? മുസ്ലിം സംഘടനകളെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഞാൻ നേരത്തെ തന്നെ വിമർശനബുദ്ധ്യാ സമീപിച്ച വ്യക്തിയാണ്. ഒരുപക്ഷെ മനുഷ്യസംഗമത്തിലെ സംഘാടകരിൽ അത്തരമൊരു സമീപനം സ്വീകരിച്ച ചുരുക്കം ചിലരിലൊരാൾ. സ്വാഭാവികമായി ജോൺസൺന്റെ വാക്കുകൾ ഏറ്റവും ഹിംസാത്മകമായി എനിക്കനുഭവപ്പെടും, അവിടെ കൂടിയ മറ്റാരേക്കാളും.
ഇന്ത്യയിലെ ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകൾ ആണ് മുസ്ലീങ്ങൾ. പ്രത്യക്ഷമായി തന്നെ മുസ്ലീങ്ങൾക്കെതിരെയാണ് ഇന്ത്യൻ ഹൈന്ദവഫാസിസ്റ്റുകൾ ആക്രോശിച്ചുകൊണ്ടടുക്കുന്നത്. മാത്രവുമല്ല തങ്ങളുടെ രാഷ്ട്രീയ പദ്ധതികൾ ഇന്ത്യയിൽ നടപ്പാക്കുന്നതിനായി ആര്യന്മർ യഹൂദരെയെന്നപോലെ ഇന്ത്യൻ ഹിന്ദുത്വം മുസ്ലീങ്ങളെയാണ് അപരവൽക്കരിച്ചിരിക്കുന്നതും. പ്രസ്തുത സാഹചര്യം നിലനിൽക്കെയാണ് മുസ്ലിം സമുദായത്തിന്റെ വ്യത്യസ്ത രാഷ്ട്രീയ പ്രതിനിധാനങ്ങളെ 'ന്യൂനപക്ഷ വർഗീയത'യുടെ പേരിൽ മനുഷ്യസംഗമം അകറ്റിനിർത്തിയത്.
ഈ പ്രശ്‌നം ഉയർന്നുവരുന്നത് മീനാകന്ദസാമിയുടെ വിമർശനം മുതൽക്കാണ്. ആ സമയം മുതൽ ഭാഗികമായി മാനാ കന്ദസാമിയുടെ വിമർശനതലം ഞാനും സൂക്ഷിച്ചിരുന്നു. സ്വാഭാവികമായി സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും കൊണ്ടുപിടിച്ച ചർച്ചകൾ നടന്നത് മറ്റേതെങ്കിലും സംഘടനകളെ പുറത്തുനിർത്തിയതുമായി ബന്ധപ്പെട്ടല്ല. ഇതിലൂടെ മുസ്ലിം സമുദായത്തിലെ മനുഷ്യരുടെ വ്യത്യസ്ത രാഷ്ട്രീയ പ്രതിനിധാനങ്ങളെയാണ് ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ നിന്നും മാറ്റി നിർത്തിയത്. അത്തരം അകറ്റി നിർത്തലുകൾ തങ്ങൾക്കിടയിൽ ചർച്ച നടന്നിട്ടുണ്ട് എന്ന് മനുഷ്യസംഗമം സംഘാടകർ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ അത് തങ്ങളുടെ 'തീരുമാനമായിരുന്നുവെന്നും' അത് 'ചിലകാര്യങ്ങളെ പ്രശ്‌നവൽക്കരിക്കാൻ' തന്നെയായിരുന്നുവെന്നും എവിടെയാണ് സംഘാടകർ ഇതിനു മുമ്പ് ക്ലെയിം ചെയ്തിട്ടുള്ളത്?
ഞാനുൾപ്പെടെ 'വിദ്യാർത്ഥിമാസിക' പ്രവർത്തരെ അതിന്റെ സംഘാടനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളവരാണ്. (സംഘാടന പങ്കാളിത്തത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ പൂർണമായി പങ്കെടുക്കാൻ സാധിച്ചിട്ടില്ല.) അവിടെ നടന്ന തീരുമാനങ്ങൾ കാലികമായി മറ്റ് സംഘടനകളെ ഇവർ അറിയിച്ചിരുന്നോ? അതല്ല ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടിട്ടുള്ള പോസ്റ്റുകളിലാണെങ്കിൽ എവിടെയാണ് ഈ 'പ്രശ്‌നവൽക്കരണ' തീരുമാനം കടന്നുവന്നിട്ടുള്ളത് എന്നറിയിക്കാമോ? മാത്രവുമല്ല പുറത്തു നിർത്തപ്പെട്ട 'മുസ്ലിം സംഘടനകളെ 'പ്രശ്‌നവൽക്കരിക്കാനായി'രുന്നോ അവരെ പുറത്തു നിർത്തിയത്? ഇനി എന്തായിരുന്നു പ്രശ്‌നവൽക്കരിച്ചത്? എവിടെയായിരുന്നു പ്രശ്‌നവൽക്കരിച്ചരിത്? ഈ 'തീരുമാനിച്ചവരി'ൽ എന്റെ അഭിപ്രായം എവിടെയാണുൾപ്പെട്ടിട്ടുള്ളത്? ആരൊക്കെ ചേർന്നാണ് ഈ 'തീരുമാനക്കാർ' രൂപപ്പെട്ടിട്ടുള്ളത്?
മാറ്റി നിർത്തപ്പെട്ട സംഘടനകളെ പ്രശ്‌നവൽക്കരിച്ചതുമായി ബന്ധപ്പെട്ട് ആ സമയത്ത് എന്റെ മനസ്സിൽ ഓടിയെത്തിയ നാല് കാര്യങ്ങൾ പറയട്ടെ;
1. 'മനുഷ്യരായി കടന്നുവരൂ' എന്ന വിവിധ സ്വത്വങ്ങളോടുള്ള മനുഷ്യസംഗമത്തിന്റെ ക്ഷണം.
2. മുസ്ലിം സംഘടനകളെ മനുഷ്യസംഗമത്തിൽ നിന്നൊഴിവാക്കിയത് ഇത് 'മനുഷ്യ'സംഗമമാണ് എന്നതുകൊണ്ടാണ് എന്ന സംഘാടകരിലെ പ്രമുഖ വ്യക്തിയുടെ വംശീയ സമീപനം. (അവയ്ക്ക് സംഘാടകരിൽ നിന്നും ശക്തമായ സ്വീകാര്യത ലഭിച്ചിരുന്നു എന്ന് പ്രസ്തുത സ്റ്റാറ്റസിനു ലഭിച്ചിട്ടുള്ള ലൈക്കുകളും ചെയ്ത വ്യക്തികളെയും പരിശോധിച്ചാൽ മനസിലാവും.)
3. പങ്കെടുത്ത മുസ്ലിം സംഘടനകളോട് സംഘാടകർ സ്വീകരിച്ച ഉദാസീന നിലപാട്. (അത് ഇപ്പോൾ വീണ്ടും ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.)
4. ഈ സംഗമത്തിന്റെ ലക്ഷ്യം എന്തായിരുന്നു? മുസ്ലിം സംഘടനകളെ പ്രശ്‌നവൽക്കരിക്കലാണോ?
ഈ നാല് കാര്യങ്ങളിലൂടെയുമല്ലാതെ മുസ്ലിം സംഘടനകളെ ഒഴിവാക്കിയത് പ്രശ്‌നവൽക്കരിച്ചത് എങ്ങനെയാണ്? എവിടെയാണ്? ഇത്തരം പ്രശ്‌നവൽക്കരണത്തെ 'പ്രശ്‌നവൽക്കരണം' എന്നാണോ വിശേഷിപ്പിക്കേണ്ടത്? അതോ 'പരീക്ഷണ'മെന്നാണോ? അപ്പോൾ മുസ്ലിം രാഷട്രീയ പ്രതിനിധാനങ്ങൾ എന്നെന്നും 'മനുഷ്യരാണോ' എന്ന് ലെഫ്റ്റ് ലിബറൽ 'കേവലമനുഷ്യർ' പ്രശ്‌നവൽക്കരിക്കേണ്ടത് (അഥവാ പരീക്ഷിക്കപ്പെടേണ്ടത്) ആണ് (!!!) എന്നു വരുന്നതിനെ വംശീയമെന്നല്ലാതെ മറ്റെന്തായാണ് ഞാൻ മനസിലാക്കേണ്ടത്? ഇത് ആ സമുദായത്തിലെ മനുഷ്യരെ അവഹേളിക്കുന്നതല്ലാതെ മറ്റെന്താണ്? മുസ്ലിം സമുദായത്തിലുള്ളവർ ഭൂരഭാഗവും ഈ സംഘടനകളിൽ ചിതറിക്കിടക്കുന്നവരാണെന്ന് വരുമ്പോൾ (മുൻപും ഞാൻ ഇക്കാര്യം വിശദമാക്കിയിട്ടുള്ളതാണ്.) വാസ്തവത്തിൽ ഈ സംഘടനകൾ 'മനുഷ്യരാണോ' എന്ന 'പ്രശ്‌നവൽക്കരണം' മുസ്ലിം സമുദായത്തെ എന്നെന്നും പ്രശ്‌നവൽക്കരിക്കേണ്ടവരാണെന്ന സംഘി(വംശീയ)യുക്തിക്കുമപ്പുറം എന്താണ് ഉൾക്കൊള്ളുന്നത്? 'പ്രശ്‌നവൽക്കരണം' എന്ന സമീപകാല ടെർമിനോളജികൊണ്ട് എല്ലാവരുടെയും കണ്ണ് മൂടിക്കെട്ടാമെന്ന് ജോൺസൺ ചിന്തിക്കുന്നുണ്ടാവും. ക്ഷമിക്കണം ജോൺസൺ, താങ്കൾ തികഞ്ഞ ഒരു വംശീയവാദിയാണ്/ ഇസ്ലാമോഫോബിസ്റ്റ് ആണ് എന്ന് ആവർത്തിക്കാൻ തന്നെയാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്.
മനുഷ്യ സംഗമത്തിലെ 'ഒഴിവാക്കൽ പ്രക്രിയയ്ക്ക്' ഇതിനുമപ്പുറം വിശദീകരണങ്ങൾ സംഘാടകരിൽ നിന്നും വന്നിട്ടില്ല. മതമനുഷ്യർക്ക് തങ്ങൾ വിലക്കുകൾ കൽപിച്ചിട്ടില്ല എന്നാവർത്തിക്കുമ്പോഴും അവർ 'മനുഷ്യരായി' കടന്നുവരണമെന്നുള്ളത് നിശ്ചയം. പ്രസ്തുത മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ നിന്നും അവരൊഴിവാക്കിയിരുന്നെങ്കിലും മനുഷ്യസംഗമത്തിന്റെ രണ്ടുദവസവും അത് വ്യക്തമായി പ്രതിഫലിച്ചരുന്നു, അവരുടെ പരസ്യസംഭാഷണങ്ങളിൽ മൊത്തം. രേഖരാജ് 19ന് നടത്തിയ പ്രഭാണം തന്നെ ഇത്തരത്തലുള്ള മനുഷ്യരായി ക്ഷണിച്ചുകൊണ്ടുള്ള സ്വാഗതപ്രാസംഗികയുടെ വാക്കുകളെ നിഷേധിച്ചുകൊണ്ടായിരുന്നു എന്നോർക്കുന്നു. മനുഷ്യസംഗമത്തിന്റെ ബാഡ്ജ് തന്നെ അതിന് പ്രകടമായ തെളിവായിരുന്നു. (പ്രശ്‌നങ്ങൾക്കുശേഷമാണ് ഞാൻ അത് ശ്രദ്ധിച്ചത്.)
ജോൺസൺന്റേത് കേവലം അദ്ദേഹത്തിന്റെ അഭിപ്രായമായല്ല വന്നത് മറച്ച് സംഘാടകരുടെ മൊത്തം തീരുമാനമായും ('പ്രശ്‌നവൽക്കരിക്കാൻ തന്നെ തീരുമാനിച്ചതാണ്' എന്നാണല്ലോ അദ്ദേഹം പ്രഖ്യാപിച്ചത്) 'തെളിയിക്കപ്പെടലു'മായാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, ആ തീരുമാനിച്ചുഎന്ന പ്രയോഗത്തിൽ സംഘാടകരിൽ ഞാനൊഴികെ മറ്റാർക്കും അസ്വാഭാവികത തോന്നിയതുമില്ല. (ചിലപ്പോൾ അവർ അത് പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാകാം.) അതുകൊണ്ട് ജോൺസൺ പങ്കുവച്ച പ്രസ്തുത സമീപനവും വാക്കുകളും നിഗമനങ്ങളും മനുഷ്യസംഗമത്തിന്റെ മൊത്തം നിഗമനമായാണ് പരിഗണിക്കപ്പെടേണ്ടത്. ഇത് എവിടെ എത്തിച്ചേരുമെന്ന് പരിശോധിക്കാം. ജോൺസൺ ചെയ്തത് ഇസ്ലാം ഭയവും മുസ്ലീങ്ങളെ അവഹേളിക്കുന്നതും ആണെങ്കിൽ അത് അവിടെ കൂടിയിരുന്ന സംഘാടകരിൽ ഭൂരപക്ഷത്തിനും പ്രശ്‌നമായനുഭവപ്പെടുന്നില്ലെങ്കിൽ മനുഷ്യസംഗമ രാഷ്ട്രീയം സ്വയം പുനപരിശോധന നടത്താൻ തയ്യാറാകേണ്ടതുണ്ട്. സ്വയം പരീക്ഷിക്കേണ്ടതുണ്ട്, തങ്ങളുടെ രാഷ്ട്രീയം വംശീയമാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് അപ്പോൾ തന്നെ ഞാൻ പ്രതികരിച്ചു?
ഈ ചോദ്യവും ഈ പ്രശ്‌നത്തോടനുബന്ധിച്ച് വളരെ പ്രധാനമാണ്. ജോൺസൺ സംസാരിച്ചത് മനുഷ്യസംഗമത്തിന്റെ ഇടയിലുള്ള ഏതെങ്കിലും പരിപാടിക്കിടയിലല്ല. മറിച്ച് മനുഷ്യസംഗമത്തിന്റെ ഏറ്റവും അവസാനത്തെ ഇനമായ പൊതുപരിപാടിയിലാണ്. ആയിരക്കണക്കിനു മനുഷ്യരെ സാക്ഷിനിർത്തിക്കൊണ്ടാണ് 'തങ്ങളുടെ' തീരുമാനം ജോൺസൺ പ്രഖ്യപിക്കുന്നത്. ആ തീരുമാനിച്ചവരിൽ എന്തായാലും ഞാനില്ല. എനിക്ക് ആ വംശീയതയുടെ ചരിത്രഭാരം താങ്ങാൻ മനസില്ലായിരുന്നു. അത്തരം വംശീയവും ഇസ്ലാമികസമുഹത്തെ ആക്ഷേപിക്കുന്നതുമായ തീരുമാനം പങ്കുവെയ്ച്ചുകൊണ്ട് മനുഷ്യസംഗമത്തെ ഞാൻ സംരക്ഷിച്ചാൽ അത് ചരിത്രത്തോടും എന്റെ മനസാക്ഷിയോടും ഇനിവരാൻ പോകുന്ന ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. അവിടെ എന്റെ വിയോജിപ്പ് തന്നെയാണ് രേഖപ്പെടുത്തേണ്ടത്. നേരം വെളുക്കുവോളം വെള്ളം കോരീട്ട് കലമുടച്ചില്ലേ എന്ന് വിഷമിക്കുന്ന എന്റെ പ്രിയ നിഷ്‌കളങ്കരായ ആത്മാർത്ഥതയുള്ള സുഹൃത്തുക്കളോട്, ഇത് രാഷ്ട്രീയമാണ്, പൈങ്കിളിവർത്തമാനങ്ങളല്ല. വംശീയാവഹേളനങ്ങളുടെ നീണ്ട ചരിത്രത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന നമ്മൾക്ക് ഒരു മനുഷ്യസംഗമത്തിന്റെ 'ശുദ്ധി' സംരക്ഷിക്കലല്ല, മറിച്ച് അതിൽ ഉള്ളടങ്ങിയിട്ടുള്ള അനീതിയോടും അവഹേളനത്തോടും ചരിത്രപരമായി, രാഷ്ട്രീയപരമായി, വിയോജനം രേഖപ്പെടുത്തുക എന്നുള്ളത് മാത്രമാണ്.
എന്നെ അപക്വമായും ഭ്രാന്തായും ഇടപെട്ടയാൾ എന്ന് വിശേഷിപ്പിക്കുന്നവരോട്, നിങ്ങൾക്കറിയില്ല, മുസ്ലിം സമുദായത്തിനുള്ളിൽ അതിന്റെ സ്‌നേഹത്തണലിൽ ജീവിച്ച് വളർന്ന ഒരു വ്യക്തിക്ക് ഈ വംശീയത ഉണ്ടാക്കുന്ന മുറിവ് എന്തായിരിക്കുമെന്ന്. നിങ്ങൾ കേവല മതേതര/യുക്തിവാദ മനോഘടനകളെ മാത്രമേ അനുഭവിച്ചിട്ടുള്ളു. അതിന്റെ പ്രിവിലജുകളിൽ ആണ് നിങ്ങൾ ജീവിക്കുന്നതും. 'മുസ്ലിം സമുദായത്തിൽ നിന്നാണോ? ഹോ അത്ഭുതം, പുരോഗമനപ്രസ്ഥാനത്തിൽ നിങ്ങളൊക്കെ കടന്നുവന്നല്ലോ' എന്നുള്ള അത്ഭുതം കൂറലുകൾക്ക് നിങ്ങൾ വിധേയമായിട്ടുണ്ടാകില്ല. ഇങ്ങനെ ചുറ്റാകെയും ഇസ്ലാം ഭയപ്പാടിന്റെ, 'തീവ്രവാദി'മുദ്രണത്തിന്റെ നിഴലിൽ നിന്ന് കടന്നുവന്നിട്ടുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾക്ക് എന്റെ 'ഭ്രാന്ത'മായ പ്രതികരണത്തെ സ്വാഭാവികമയേ മനസിലാകുമായിരുന്നുള്ളു.
എന്താണ് ഞാൻ കാണിച്ചു എന്ന് പറയുന്ന 'ഭ്രാന്ത്', എന്റെ സുഹൃത്തുക്കളെ? എഴുന്നേറ്റ് നിന്ന് ശബ്ദം പുറത്ത് വരാത്ത തൊണ്ടയാൽ ഒരനീതിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണോ? 'ഞാൻ മുസ്ലീമാണ്' എന്ന് എഴുതി ഒരു കഷ്ണം പേപ്പർ ഉയർത്തിക്കാണിച്ചതാണോ? എന്നെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ മാത്രം (മീഡിയ വണ്ണിലെ രാജീവ് രാമചന്ദ്രൻ സാക്ഷ്യം.) ഞാൻ വന്ന് ഇസ്ലാമിക ചിഹ്നങ്ങളുടെ പ്രാരംഭത്തോടെ പ്രസംഗിച്ചതാണോ? ഇസ്ലാമിക ചിഹ്നങ്ങളും മന്ത്രസൂക്തങ്ങൾ പോലും കുറ്റകൃത്യമാണെന്നാണോ നിങ്ങളും കരുതുന്നത്? ഇതൊക്കെയായാൽ 'ഭ്രാന്താകുമെന്നാ'ണെങ്കിൽ ഞാൻ ഉറപ്പിച്ച് പറയട്ടെ ഞാൻ മുഴുത്ത ഭ്രാന്തനാണ്. ഭ്രാന്തന്മാരല്ലാത്ത നിങ്ങളാകുന്ന 'മനുഷ്യരു'ടെ മുമ്പിൽ ആയിരക്കണക്കിന് ഭ്രാന്തന്മാർക്കിടയിൽ ഒരാൾകൂടി കൂടി എന്ന് നിങ്ങൾ ആശ്വസിച്ചുകൊള്ളു. ഇനി അതല്ല ഇതാണ് മതഭ്രാന്തെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളോടപേക്ഷിക്കുന്നു, എന്നെ കടുത്ത യാഥാസ്ഥിതിക മതഭ്രാന്തൻ എന്ന് വിളിച്ചോളൂ. ആരുമില്ലെങ്കിലും കുറ്റബോധം തോന്നാത്ത എന്റെ മനസാക്ഷിമാത്രം മതി എനിക്ക് മുന്നോട്ട് നീങ്ങാൻ. രാഷ്ട്രീയമായ ഇരട്ടത്താപ്പ് എന്തായാലും എനിക്ക് സൂക്ഷിക്കേണ്ട ബാധ്യതയില്ല തന്നെ.
ഫാത്തിക ഓതിയതെന്തുകൊണ്ട്?
ഇസ്ലാമിക ജീവിതത്തിൽ ഞാൻ ഉച്ചരിച്ച വാക്കുകൾക്ക് അതിയായ പ്രാധാന്യമുണ്ട്. തങ്ങളുടെ ഏതൊരു ജീവിതക്രമവും സംഭവങ്ങളും ആരംഭിക്കുന്നത് മുസ്ലീങ്ങൾ അവരുടെ ദൈവത്തെ സാക്ഷി നിർത്തിയാണ്. അഥവാ ഏറ്റവും നല്ല ഇസ്ലാമിക ചിഹ്മാണ് 'ദൈവനാമത്തിൽ ഞാൻ ആരംഭിക്കട്ടെ' എന്നാണതിനർത്ഥം. 'അഊദു...' എന്ന് തുടങ്ങുന്ന വരികൾക്ക് 'ചെകുത്താന്മാരിൽ നിന്നും ഞാനെന്റെ ദൈവത്തിൽ അഭയം പ്രാപിക്കുന്നുവെന്നും.' ഇതെന്റെ അറിവാണ്. ചിലപ്പോൾ തെറ്റാവാം. എന്നാൽ അത് ബോധപൂർവ്വമായി തന്നെയാണ് ഞാൻ ഉച്ചരിച്ചത്. സത്യത്തിൽ ഫാത്തിഹ മൊത്തത്തിൽ ഓതണമെന്നായിരുന്നു വിചാരിച്ചിരുന്നത്. അത് ഓതി നിർത്തിക്കൊണ്ട് പ്രതിഷേധിക്കാമെന്ന്. കാരണം അത് ഓതിക്കഴിഞ്ഞാൽ സംസാരിക്കാൻ എന്നെ അനുദിക്കുമോ എന്ന് എനിക്കുറപ്പില്ലായിരുന്നു. മൈക്കിനു മുന്നിൽ അൽപ്പ നിമിഷം കണ്ണടച്ച് നിന്നായിരുന്നു ഈ ഒരു തീരുമാനത്തിൽ ഞാനെത്തിച്ചർന്നത്. എന്നാൽ 12 വർഷത്തെ മറതി പ്രസ്തുത സൂറത്ത് പൂർണമായി ഓതാൻ എന്നെ അനുവദിച്ചില്ല. തുടർന്ന് അൽഹംദുലില്ലാ എന്നതിൽ അസാനിപ്പിച്ച് ഞാൻ തുടരുകയാണ് ചെയ്തത്. ഞാൻ തുടങ്ങിയത് ഇങ്ങനെയാണ്. 'ഞാൻ ഒരു വിശ്വാസിയല്ല. ഇന്നലെയും അല്ലായിരുന്നു. ഇന്നും അങ്ങനെയല്ല. നാളെയും അങ്ങനെയായിരിക്കില്ല.' ഈ രണ്ട് കാര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടിലാണ് എന്റെ രാഷ്ട്രീയം നിലകൊള്ളുന്നത്. ഒപ്പം ഞാൻ ഓതിയ സൂറത്തിന്റെ അർത്ഥങ്ങൾ അന്വേഷിച്ചുപോകുന്നവരുടെ അൽപ്പത്തരവും.
എന്നെ സംബന്ധിച്ചിടത്തോളം പ്രസ്തുത സൂറത്തിന് മുസ്ലിം മതവിശ്വാസികൾക്കിടയിലുള്ള പ്രാധാന്യം മാത്രമാണ് പ്രധാനം. അതുകൊണ്ടാണ് ഞാൻ ആ വരികൾ തന്നെ തിരഞ്ഞെടുത്തത്. അതൊരു ചിഹ്നമാണ്. വംശീയമായി മനുഷ്യസംഘമത്തിന്റെ മുഖ്യസംഘാടകൻ അവഹേളിച്ച ആ മനുഷ്യരുടെ പ്രതീകമാണത്. എനിക്ക് പ്രതിഷേധിക്കാനുണ്ടായരുന്നത് ആ മനുഷ്യരോട് ചെയ്ത അനീതിയാണ്. ആ മനുഷ്യർ എന്ന് പറയുമ്പോൾ ഞാനുൾപ്പെടെയുള്ളവർ ജീവിക്കുന്ന ഒരു സ്വത്വത്തെയാണ്. ഞാനുൾപ്പെടെയുള്ള വിശ്വാസിയല്ലാത്തവരും ജീവിക്കുന്ന അതേ സമുദായത്തിലെ എന്റെ പൂർവ്വികരുമടങ്ങുന്ന വിശ്വാസികളായ മനുഷ്യരോടുള്ള അനീതിയായാണ് പ്രശ്‌നവൽക്കരിക്കേണ്ടിയിരുന്നത്. അവരുടെ സ്വത്വം ഉറപ്പിച്ചുകൊണ്ടല്ലാതെ എനിക്ക് അവിടെ പ്രതിഷേധിക്കാനാവില്ലായിരുന്നു. അവിശ്വാസിയായ മുസ്ലീമിന്റെയല്ല, വിശ്വാസിയായ മുസ്ലീമിനെയാണ് എനിക്ക് ആ നിമിഷം പ്രതിനിധീകരിക്കേണ്ടത്. അതാണ് അവിടുത്തെ നീതി. അത് മനസിലാവണമെങ്കിൽ ജോൺസൺന്റെ പ്രസ്തുത വാക്കുകൾ കെ.എം.എം.എ എന്ന സംഘടനയുടെ സെക്രട്ടറിയായ സബീന ടി.കെയ്ക്ക് എപ്രകാരമാണ് അനുഭവപ്പെട്ടത് എന്ന് ഒന്ന് പരിശോധിച്ചാൽ മതിയാവും.
സബീനയുടെ (Sabeena Tk) വാക്കുകൾ ഒന്ന് ഉദ്ധരിക്കട്ടെ;
'ചില സംഘടനകളെ അവിടെ പങ്കെടുപ്പിക്കാതിരുന്നത് ചില ചില സംഘടനകളെ ഈ പരിപാടിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിനിർത്തും എന്ന് തീരുമാനിച്ചുകൊണ്ട് അത് പ്രശ്‌നവൽക്കരിക്കാൻ തന്നെ തീരുമാനിച്ചതാണു. അത് വിജയംകണ്ടു എന്നാണു ഞാൻ മനസിലാക്കുന്നത്.' (ജോൺസൺന്റെ പ്രസംഗം).
ഈ പരിപാടി ഫാഷിസ്റ്റുകൾക്കെതിരായിരുന്നോ മുസ്ലിം സംഘടനകളെ പരീക്ഷിക്കാനായിരുന്നോ? ഇതിനെ എങ്ങിനെയാണ് എടുക്കേണ്ടത്. ഈ തീരുമാനം നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മുസ്ലിം അസ്ഥിത്വത്തമുള്ള കെഎംഎംഎയെ പരിപാടിക്ക് ക്ഷണിച്ചത്.? അപമാനിക്കുന്നതിന് പകരം മറ്റ് സംഘടനകൾക്കൊപ്പം മാറ്റിനിർത്താമായിരുന്നല്ലോ? വിമർശകരുടെ വായടപ്പിക്കാൻ മാത്രമായിരുന്നോ മുസ്ലിം ഐഡന്റിറ്റിയുള്ള ഞങ്ങളുടെ സംഘടനയുടെ പേര് നിങ്ങൾക്ക് ആവശ്യമുണ്ടായിരുന്നത്. മുസ്ലിം മതജീവിതങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും നിർണയിക്കപ്പെടുന്നത് മതവിശ്വാസങ്ങളിലൂടെയാണ്. അത്തരം സംഘടനകളെ ക്ഷണിച്ച ഒരു വേദിയിൽ അതിന്റെ ബാഡ്ജിൽ മതത്തിന് നേരെ നോട്ട് ആപ്ലിക്കബിൾ എന്നും സ്പീഷിസിന് നേരെ ഹ്യൂമൻ ബിങ് എന്നും എഴുതി ചേർത്തത് ഇസ്ലാമിക ജീവിതങ്ങളെ അവഹേളിക്കുന്നതല്ലാതെ മറ്റെന്താണ്.
ഇതിനെ പോലെ വംശീയമായ മറ്റെന്താണ് ഉള്ളത്.ഈ പരിപാടിയുടെ ആദ്യവസാനം വരെ സംഘാടനത്തിലുണ്ടായിരുന്ന ഷഫീഖിന് മറ്റാരെക്കാളും ഈ പ്രസ്താവനയുടെ കാഠിന്യം തിരിച്ചറിഞ്ഞതാകാം ഇന്നലത്തെ പ്രതിഷേധത്തിന് കാരണം. ഈ സദസ്സിൽ എന്റെ സംഘടനയുടെ ഭാരവാഹിത്വമില്ലാതെ സദസ്സ്യയായി മാത്രം ഞാനുണ്ടായിരുന്നെങ്കിൽ ചെരിപ്പാകുമായിരുന്നു എറിയുക.'
വളരെ രസകരമെന്ന് തോന്നുന്നത്, സദാചാര വാദികൾ ചുംബനമുൾപ്പെടെ പ്രണയത്തെ നിഷേധിച്ചപ്പോൾ ചുംബനത്തെ സമരരൂപമായി തിരഞ്ഞെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് അന്ന് ചുംബനസമരത്തിന്റെ പക്ഷം ചേർന്ന്, 'നിഷേധിക്കപ്പെടുന്നതാണ് ചെയ്യേണ്ടത്' എന്ന് വാദിച്ചവരിൽ ചിലരും നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട മനുഷ്യരോടുള്ള ഐക്യമായി അവരുടെ ഒരു ചിഹ്നത്തെ ഞാൻ തിരഞ്ഞെടുത്തതിനെ വിമർശിക്കാൻ/ഭ്രാന്താണെന്ന് ചിത്രീകരിക്കാൻ രംഗത്തുണ്ട് എന്നുള്ളതാണ്. പരിശോധിക്കപ്പെടേണ്ടത് ഇസ്ലാമോഫോബിക് ആയ വംശീയ യുക്തികൾ എത്രമാത്രം നോർമേറ്റീവായാണ് ഇവിടെ നിലകൊള്ളുന്നതെന്നാണ്. ഞാൻ ചെയ്തതെല്ലാം ഒരു അമുസ്ലിം നാമധാരിയാണ് ചെയ്തതെങ്കിൽ അയാൾ ഒരുപക്ഷെ വാഴ്‌ത്തപ്പെടുന്നത് 'ഇതരമതത്തോട് ഐക്യപ്പെട്ട ഒരു ഉദാത്ത മനുഷ്യസ്‌നേഹി' എന്ന നിലയിലാവും. ഒരു 'മതേതര' മാതൃക എന്ന നിലയിലാവും. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ എന്റെ പേര് 'ഷഫീക്ക്' എന്നും ഞാൻ ജനിച്ചത് മുസ്ലിം മതത്തിലെ ഉമ്മബാപ്പാ സന്തതിയായും.
എന്തായാലും ഇസ്ലാമിക ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രതിഷേധിച്ചത് ഇതാദ്യായൊന്നുമല്ല. ലോകത്ത് അടുത്തകാലത്താണ് ഡോണാൾഡ് ട്രംബിന്റെ ഇസ്ലാമിനെതിരായ വംശീയ പരാമർശത്തിനെതിരെ മൈക്കിൾ മൂർ എന്ന ഡോക്യുമെന്ററി സംവിധായകൻ 'ഞങ്ങളെല്ലാം മുസ്ലിം ആണ്' എന്ന ബോർഡുമായി കാമ്പയിൻ ആരംഭിച്ചത്. ഇതൊക്കെ തന്നെയും ചെയ്യാനുള്ള അവകാശം, അഥവാ ഇസ്ലാമിക സമൂഹത്തിനുവേണ്ടി സംസാരിക്കാനുള്ള അവകാശം ഒരു മുസ്ലിം നാമധാരിക്ക് നിഷേധിക്കപ്പെടുന്നതിനെ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഞാൻ പറഞ്ഞത് മുസ്ലിം മതത്തെ സംരക്ഷിക്കമെന്നല്ല, മറിച്ച് ഞാൻ പിറന്നുവീണ സമുദായത്തിലെ കോടാനുകോടി മനുഷ്യരെ അവഹേളിക്കുന്നത് സഹിക്കില്ല എന്ന് തന്നെയാണ്. ഇനി മുസ്ലിം മതത്തെ സംരക്ഷിക്കണമെന്ന് ഇന്ത്യൻ സാഹചര്യത്തിൽ പറഞ്ഞാലും അത് ഒട്ടും കൂടുതലായിപ്പോകുന്നില്ല. കാരണം ഇന്ത്യൻ ഫാസിസം പ്രസ്തുത മതത്തെ തന്നെ വംശഹത്യ ചെയ്തുകൊണ്ടിരിക്കുന്നു.
മറ്റൊന്ന് ഫാത്തിഹ ഓതുന്നത് വളരെ അപകടകരവും എന്റെ ഇസ്ലാം മതബോധത്തിന്റെയും മതഭ്രാന്തിന്റെയും ചിഹ്നവുമായി കാണുന്നവർ ഇന്ത്യയിൽ, എന്തിന് കേരളത്തിൽ പോലും നോർമേറ്റ് ചെയ്തിരിക്കുന്ന ഹിന്ദുത്വ ചിഹ്നങ്ങളോട് യാതരു വിധ അസഹിഷ്ണുതയും കാണിക്കുന്നില്ല എന്ന് അടുത്തകാലത്തും പ്രത്യക്ഷപ്പെട്ടതാണ്; നിലവിളക്ക് സംവാദത്തിൽ. അവിടം കൊണ്ട് തീരുന്നില്ല. പൊതുവിദ്യാഭ്യാസമടക്കം പ്രാർത്ഥനാഗീതങ്ങൾ ഒന്ന് പരിശോധിക്കണം. പൊതു പരിപാടികളിലെ തുടക്ക പ്രാർത്ഥന ഒന്ന് പരിശോധിക്കണം. കെ.എസ്.ആർ.ടി.സി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരു പുതിയ ബസ്സ് ഉദ്ഘാടനം ചെയ്യുമ്പോൾ, വിഷു, ശബരിമല സീസൺ എന്നീ അവസരങ്ങളിൽ ബസ് സ്റ്റാന്റുകൾ ഒന്ന് സന്ദർശക്കണം. വേണ്ട അവരുടെ വെബ്‌സൈറ്റുകളിലേയ്ക്ക് ഒന്ന് എത്തി നോക്കണം. എത്രമാത്രം ഹൈന്ദവവൽക്കരിക്കപ്പെട്ട ഇടങ്ങളാണ് ഇവയെന്ന്. ഇതൊന്നും തന്നെ അധികം ചോദ്യം ചെയ്തുകാണുന്നില്ല, എന്നാൽ പ്രതിഷേധെമന്ന നിലയിൽ ഒരു ഇസ്ലാമിക സൂക്തം ഓതുമ്പോൾ ഭ്രാന്തിന്റെ അടയാളമായിത്തീരുമ്പോൾ സുഹൃത്തുക്കളെ നിങ്ങളൊന്ന് സ്വയം വിരൽചൂണ്ടി നോക്കണം. നിങ്ങളീ പറയുന്ന മതേതരത്വത്തിന്റെ മനഃശാസ്ത്രമെന്തെന്ന്.
കാന്തപുരവും ഞാനും തമ്മിലെന്ത്?
കഴിഞ്ഞ ദിവസം ഇതേ കുറിച്ച് ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കാന്തപുരവുമായി ബന്ധപ്പെട്ട എന്റെ നിലപാടുകൾ ഇ്‌പോഴും എന്റെ ടൈംലൈനിലൂടെ കടന്നുപോകുന്നവർകക് മനസിലാക്കാവുന്നതേയുള്ളു. അയാളുടെ പിന്തിരിപ്പൻ നലപാടുകളോട് എപ്പോഴും കലഹിച്ചിട്ടേയുള്ളു. അയാളുടെ മാത്രമല്ല, മറിച്ച് മുസ്ലിം പൗരോഹിതയത്തിന്റെ എല്ലാ വിധ പിന്തിരിപ്പൻ സ്വഭാവങ്ങളോടും അവയിൽ ചില സംഘടനകളുടെ ഫാസിസ്റ്റ് മനോഭാവങ്ങളോടും എപ്പോഴം എതിർ നിലപാടുകൾ സൂക്ഷിക്കുന്ന ഞാൻ എങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്കശേഷം കാന്തപുരം ഭക്തനായി മാറിയത്? ഞാൻ ഒരു മുസ്ലിം നാമധാരിയായതുകൊണ്ടും സന്ദർഭവശാൽ ഞാൻ പ്രതിഷേധിക്കുന്ന സമയത്ത് കാന്തപുരത്തെ ജോൺസൺ പരാമർശിച്ചുകൊണ്ടും ഞാൻ പ്രതിഷേധിക്കുന്നത് കാന്തപുരത്തിനുവേണ്ടിയാണെന്ന് നിങ്ങൾ അങ്ങ് ധരിച്ചുപോയി. ഒന്നുകൂടി നോക്കൂ എന്ത് മാത്രം മുൻവിധിയാണ് മുസ്ലിം സമുദായത്തിൽ നിന്നുവരുന്ന വ്യ്തികളോട് നിങ്ങൾ വച്ചുപുലർത്തുന്നത്. കടുത്ത നിലപാടുകൾ വച്ചുപുലർത്തുമ്പോഴും എപ്പോഴും 'കാന്തപുരം ഭക്തനാവാൻ'സാധിക്കുന്ന ഒരു മനോഘടനയെയാണ് നിങ്ങൾ മുസ്ലിം ചെറുപ്പക്കാരിൽ പ്രതിക്ഷിക്കുന്നത് എന്നാണ്. ഇനി കാന്തപുരത്തെ കറിച്ച് ജോൺസൺ എന്താണ് പറഞ്ഞത്? വർഗീയ കലാപങ്ങളുണ്ടാക്കി തിരഞ്ഞെടുപ്പിൽ വഴിവെയ്ക്കുന്ന വെള്ളാപ്പള്ളിയും അല്ലെങ്കിൽ കാന്തപുരവും എന്നാണ്. ഒരു സമൂഹത്തിന്റെ നേതൃത്വത്തിൽ നിൽക്കുന്ന ആ വ്യക്തി സ്ത്രീവിരുദ്ധനാണെന്നോ, പിന്തിരിപ്പനാണെന്നോ വിമര#ശിക്കപ്പെടുമ്പോലെ ആണോ വർഗീയവാദി എന്നും വർഗീയകലാപം അഴിച്ചുവിടാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയെ പോലെയാണെന്നും പറയുന്നത്? കാന്തപുരവുമായി ബന്ധപ്പെടട ചേകന്നൂർ വിഷയം ഉൾപ്പെടെ എനിക്ക് അയാളോട് വിയോജിപ്പും വെറുപ്പുമുണ്ട്. എന്നാൽ വർഗീയവാദിയാണെന്നും മറ്റുപറഞ്ഞ് ബാലൻസ് ചെയ്യിക്കുന്ന രാഷ്ട്രീയത്തോട് വിയോജിപ്പ് തന്നെയാണ്. ഒപ്പം എല്ലാ മുസ്ലിം സംഘടനകളും ഒരുപോലെ പട്ടെൻഷ്യൽ തീവ്രവാദികളെപോലെയാണ് എന്ന് സമീകരിക്കുന്ന യുക്തിയും. കേരളത്തിൽ മുസ്ലിം സംഘടനകളുടെ നീണ്ട ചരിത്രം ഉണ്ട്. അതൊന്ന് പരിശോധിക്കുന്നതെങ്കിലും നന്ന്. മത്രവുമല്ല എന്റെ വിയോജിപ്പിനെ തുടർന്ന് ജോൺസൺ പറഞ്ഞത്, ഇവിടെ തസ്‌നീബാനു, രഹ്നാ ഫാത്തിമ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്റെ സമീപനം ശരിയാണ് എന്നാണ്. അതിനും അർത്ഥം വായനക്കാർ ചിന്തിച്ചുകൊള്ളു. ഏത് മുസ്ലീമിനെയാണ് ജോൺസണ് വേണ്ടിയിരുന്നതെന്ന് എത് മുസ്ലിം സംഘടനയെയാണ് മനുഷ്യസംഗം ആവശ്യപ്പെട്ടത് എ്ന്ന്. എന്തായാലും അത് ഒരു ഗുഡ് മുസ്ലിംനെ സൃഷ്ടിച്ച് തന്നെയാണ് പരീക്ഷണത്തിനിറങ്ങിയത് എന്ന് ചുരുക്കം.
ഞാൻ പറഞ്ഞത് കള്ളമായിരുന്നോ?
അടുത്ത വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ഇതിന് ഏറ്റവും വലിയ തെളിവാണ് മനുഷ്യസംഗമത്തിൽ വിതരണം ചെയ്യപ്പെട്ട ബാഡ്ജ്. തീരെ വംശീയവും ഫാസിസ്റ്റ് പരവുമായ സമീപനത്തെ ഇപ്പോഴും മനുഷ്യസംഗമത്തിലെ സംഘാടകർ ഇപ്പോഴും മനസിലാക്കാതിരിക്കുകയോ/നടിക്കുകയോ ചെയ്യുന്നുണ്ട്. കെ.കെ. സിസിലു (K.K. Sisilu) പറയുനന്ത് അവസാനഘട്ടത്തിൽ ആരോ പ്രിന്റ് ചെയ്തിറക്കിയ ഒന്നാണ് എന്നാണ്. 'ഷഫീക്ക്' പോലും അത് ചൂണ്ടിക്കാണിച്ചില്ല എന്നും. ഞാൻ അത് ശ്രദ്ധിക്കുന്നത് തന്നെ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ്. അത് മറ്റൊരു അവസരത്തിൽ ഞാൻ വിശദീകരിച്ചതുമാണ്. ദിവ്യ ഡി.വി ഫിൽ ചെയ്തുകൊണ്ടുവന്ന് എനി്ക് തന്നതായിരുന്നു ബാഡ്ജ്. അതുകൊണ്ട് തന്നെ അ്‌പോഴ്‌തെ തിരക്കിനിടയിൽ പരിശോധിക്കുകയൊന്നും ചെയ്യാതെ എടുക്കുകയായിരുന്നു. രേഖാരാജ്, സീന പനോളി, രാജീവ് രാമചന്ദ്രൻ മുതലായവർ ബാഡ്ജ് കുത്താൻ തയ്യാറായില്ല എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. കുത്താൻ നിർബന്ധമില്ലാത്ത ബാഡ്ജ് എന്നും സിസിലു വിശദീകരിക്കുന്നത് കണ്ടു. സത്യത്തിൽ അതങ്ങനെയണോ? സിസിലു എന്ന സംഘാടകൻ പോലുമറിയാതെ പ്രസ്തുത ബാഡ്ജ് എവിടെ നിന്നാണ് പ്രത്യക്ഷപ്പെട്ടത്? ആരാണ് അതിന്റെ കാരണം? എന്തുകൊണ്ടാണ് സാധാരണ ബാഡ്ജിൽ നിന്നും വ്യത്യസ്തമായി പേരിനൊപ്പം 'സ്പീഷീസ്' എന്നും 'റിലീജിയൻ' എന്നും പ്രത്യക്ഷപ്പെട്ടത്. ആർക്കാണ് പങ്കെടുക്കുന്നവരുടെ സ്പീഷീസും മതവും തിരിച്ചറിയേണ്ടിയിരുന്നത്? എന്തുകൊണ്ടാണ് പ്രസ്തുത ഇടങ്ങളിൽ യഥാക്രമം 'ഹ്യൂമൻബീയിങ്' എന്നും 'നോട്ട് ആപ്ലിക്കബിൾ' എന്നും പ്രിന്റ് പ്രസ്തുത കാറ്റഗറി തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ മൗലികാവകാശത്തെ തടഞ്ഞത്. തങ്ങൾ വെറും 'ഹ്യാമൻ ബീയിങ്' ആണോ 'പൊളിറ്റിക്കൽ ബീയിങ്' ആണോ അതോ 'സോഷ്യൽ ബീയിങ്' ആണോ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആർക്കാണ്? മതം എന്ന സ്വകാര്യ തിരഞ്ഞെടുപ്പ് ഒരാൾക്ക് 'ബാധകമാണോ' അതോ 'അല്ലേ' എന്ന് തീരുമാനിക്കാനുള്ള അവകാശം ആർക്കാണ്? അത് കവർന്നെടുക്കാൻ സംഘാടകർക്കാരാണ് അധകാരം നൽകിയത്? മനുഷ്യസംഗം എന്ന ഒരു പൊതുപരിപാടിയെ കുറിച്ചാണ്, മതമനുഷ്യർക്കും സ്വാഗതം എ്‌നെഴുതിവച്ച ഒരു പരിപാടിയെ കുറിച്ചാണ് സംസാരിക്കുന്നത്.
ഫാസിസം എന്നാൽ 'ഏകസ്വരം' അടിച്ചേൽപ്പിക്കലാണെങ്കിൽ ദയവായി പറഞ്ഞുതരൂ ഈ ബാഡ്ജ് ഇറക്കിയ മനോഘടന എന്ത്? ആരോട് കണക്കു തീർകാനായിരുന്നു ഇത്? ദയവായി അത് അറിയാതെ സംഭവിച്ചതാണെന്ന് പറയല്ലേ. കാരണം അതിലെ എല്ലാം എല്ലാം ബോധപൂർവ്വമുള്ള രാഷ്ട്രീയ ഇടപെടലയിരുന്നു.
വംശീയത എന്നാൽ ചില മനുഷ്യവംശങ്ങൾക്ക് അവരുടെ ചോയിസുകൾ നൽകാതിരിക്കലാണെങ്കിൽ, അവർ 'മനുഷ്യരിൽ' താഴെയുള്ളവായി ഗണിക്കപ്പെടുന്നതാണെങ്കിൽ ഇതിനെ വിളിക്കേണ്ട പേര് എന്താണ്? മുസ്ലിം സമുദായത്തിലെ മനുഷ്യർക്ക് മതം ബാധകമാണെങ്കിൽ, അവർ കേവലമനുഷ്യരല്ല, മതമനുഷ്യരാണെങ്കിൽ ഈ ബാഡ്ജ് ആർക്കെതിരായാണ് തിരിഞ്ഞുനിൽക്കുന്നത്? ചോദ്യങ്ങൾ ഇനിയും ഉയർന്നുകൊണ്ടിരിക്കും. മനുഷ്യസംഗമം അറിഞ്ഞോ അറിയാതെയോ വംശീയമായ ഒരു രാഷ്ട്രീയത്തെ പേറുന്നുണ്ട് എന്ന് വളരെ ദുഃഖത്തോടെ വ്യക്തമാക്കിക്കൊള്ളട്ടെ, അതിലെ ഭൂരിപക്ഷം പേരും അങ്ങനെ ചിന്തിക്കുന്നില്ലെങ്കിലും. ക്ഷമിക്കുക. ഇത് പറയേണ്ടിവന്നതിൽ.
അവസാനമായി; വംശീയപരാമർശങ്ങളെ അതിന്റ തുടർച്ചയായ കോണ്ടെക്സ്റ്റുകളിൽ ആണ് വായിക്കേണ്ടത്, മനസിലാക്കേണ്ടത്. അതല്ലാതെ സംഭവങ്ങളുടെ പരമ്പരകളിൽ നിന്നും അഴിച്ചെടുത്ത് പരിശോധിച്ചാൽ വെയിലത്ത് ഉണങ്ങാനിട്ട മത്തിപോലെ വരണ്ടതായിരിക്കും. ഉപ്പുരുചിക്കപ്പുറം വംശീയാക്രമണത്തിന്റെ ചോരപ്പാടുകൾ കാണാൻ കഴിഞ്ഞേക്കില്ല.