കോട്ടയം: എംജി സർവകലാശാലയിൽ അരങ്ങേറിയ എസ്എഫ്‌ഐ എഐഎസ്എഫ് സംഘർഷത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. എസ്എഫ്‌ഐ പതാകയിൽ പറയുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എവിടെയാണെന്നാണ് ഷാഫി ചോദിക്കുന്നത്.

സ്വന്തം മുന്നണിയിലെ തന്നെ മറ്റൊരു വിദ്യാർത്ഥി സംഘടനയുടെ വനിതാ നേതാവിനെ അടക്കം അതിക്രൂരമായി കൈകാര്യം ചെയ്ത വീഡിയോ എസ്എഫ്‌ഐക്ക് കനത്ത പ്രഹരം സമ്മാനിക്കുന്നതാണ്. എസ്എഫ്‌ഐ നേതാക്കളിൽനിന്നു നേരിട്ടതു ലൈംഗിക അതിക്രമമെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയത്ു.

എസ്എഫ്‌ഐ നേതാക്കൾ ഉപയോഗിച്ച ഭാഷയും കാട്ടിയ അക്രമവും എണ്ണിപ്പറഞ്ഞാണ് ഷാഫി പറമ്പിൽ എംഎൽഎ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്. 'നിമിഷ പറഞ്ഞതു പോലെ ആർഎസ്എസുകാരവല്ലെടോ എന്ന് ഉപദേശിച്ചിട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിനു മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്. ഇനി അറിയാനുള്ളത് പൊലീസ് എന്തു ചെയ്യുന്നു എന്നതു കൂടിയാണ്' ഷാഫി കുറിച്ചു.

ശരീരത്തിൽ കടന്നു പിടിച്ചു നേതാക്കൾ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗം കെ.അരുൺ ഉൾപ്പെടെ ആക്രമിച്ചെന്നാണു വനിതാ നേതാവിന്റെ മൊഴി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

ഷാഫി പറമ്പിലിന്റെ കുറിപ്പ് വായിക്കാം:

1. അസഭ്യ വർഷം
2. കൊല്ലുമെന്ന് ഭീഷണി
3. ഇനിയും എസ്എഫ്‌ഐയെ എതിർത്താൽ നിനക്ക്'തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും'
4. 'മാറെടി പെലച്ചി' എന്നു വിളിച്ചു ശരീരത്തിലും വസ്ത്രത്തിലും കയറി പിടിച്ചു.
5. തന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പരസ്യമായി അധിക്ഷേപിക്കുവാൻ നേതൃത്വം നൽകിയത് ഒരേ ക്യാംപസിൽ ഒപ്പം പഠിച്ച,തന്നെ വ്യക്തിപരമായ നന്നായി അറിയാവുന്ന എറണാകുളം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗം ഉൾപ്പടെയുള്ളവർ.
6. മാനസികവും ശാരീരികവുമായ അക്രമം നേരിടേണ്ടി വന്നു.
7. ഇതൊക്കെ നേരിടേണ്ടി വന്നതു യാതൊരു പ്രകോപനവുമില്ലാതെ,സെനറ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരുമ്പോൾ സഹപ്രവർത്തകനെ മർദ്ദിക്കല്ലേ എന്ന് പറഞ്ഞതിന്.
8. ജീവൻ രക്ഷിക്കാൻ നടപടി വേണം.

ഏതെങ്കിലും കെഎസ്‌യുക്കാർ എസ്എഫ്‌ഐക്കെതിരെ കൊടുത്ത പരാതിയല്ല. നിമിഷ രാജു എന്ന എഐഎസ്എഫ് നേതാവ് എസ്എഫ്‌ഐക്കാർക്കെതിരെ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനു കൊടുത്ത പരാതിയാണിത്. തങ്ങൾക്കെതിരെ നിന്നാൽ, അതേതു പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്നു മാത്രമാണിത്.

നിമിഷ പറഞ്ഞതു പോലെ ആർഎസ്എസ്സുകാരവല്ലെടോ എന്ന് ഉപദേശിച്ചിട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിനു മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്. ഇനി അറിയാനുള്ളതു പൊലീസ് എന്തു ചെയ്യുന്നു എന്നതു കൂടിയാണ്. ക്യാംപസുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..