- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു'; നെയ്യാറ്റിൻകരയിൽ കത്തിയമർന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാൻ ഷാഫി പറമ്പിൽ രംഗത്ത്
തിരുവനന്തപുരം: 'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു'- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇവ. അച്ഛനും അമ്മയും കൺമുന്നിൽ കത്തിയമരുന്ന കാഴ്ച്ച കാണേണ്ടി വന്ന ആ മക്കളോട് ക്ഷമാപണം നടത്തിക്കൊള്ള ഷാഫിയുടെ വാക്കുകൾ ഓരോ മലയാളികളുടെയും നെഞ്ചിലാണ് തറയ്ക്കുന്നത്. പൊലീസിന്റെ അമിത താൽപ്പര്യം നിറഞ്ഞ നടപടിയോട് ദുർബലമായ ചെറുത്തു നിൽപ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും.
ദമ്പതികളുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ജനങ്ങളോട് സർക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. നിയമം സഹാനുഭൂതിയോടെയാണ് നടപ്പാക്കേണ്ടിയിരുന്നത്. കുറച്ച് കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു. മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും വേണം. കോവിഡ് മൂലവും അല്ലാതെയും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ചെന്നിത്തലയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സർക്കാർ പോലും ഇടപെടും മുമ്പ് യൂത്ത് കോൺഗ്രസ് ആ മക്കളെ സഹായിക്കാൻ സന്നദ്ധരായി രംഗത്തുവന്നത്. ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോൾ തനിച്ചാണ്. രാഹുൽ പഠനം നിറുത്തി വർക്ക്ഷോപ്പിൽ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാർത്ഥിയാണ്.
ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികൾ തീകൊളുത്തിയത്.പുരയിടത്തിൽ വീട് നിർമ്മിച്ചതിനാൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജൻ തടസപ്പെടുത്തിയിരുന്നു. 22ന് എത്തിയപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല. എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി മക്കൾ രംഗത്തെത്തി.
രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ കത്തുകയായിരുന്നെന്നാണ് മക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവർക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജനെയും ഭാര്യ അമ്പിളിയെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒന്നോടെ രാജനും ഇന്നലെ ഉച്ചയോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ അനിൽകുമാറിനും പൊള്ളലേറ്റു.
മറുനാടന് മലയാളി ബ്യൂറോ