- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി; അർജുൻ ആയങ്കിയുമായി തനിക്ക് ബന്ധമില്ലെന്നും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും ഷാഫി; കസ്റ്റംസ് കണ്ടെത്തിയത് സഹോദരിയുടെ ലാപ്പ്ടോപ്പെന്നും പ്രതികരണം
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നിൽ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. കരിപ്പൂർ സ്വർണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അർജുൻ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മുഹമ്മദ് ഷാഫിയുടെ വാദം.
സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഷാഫി പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്ടോപ്പായിരുന്നുവെന്നും ഇയാൾ സൂചിപ്പിച്ചു.ഒരു സ്വകാര്യ ടിവി ചാനലിനോടായിരുന്നു ഷാഫിയുടെ പ്രതികരണം.കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് മുഹമ്മദ് ഷാഫിക്ക് ഒപ്പമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ പൂർണ്ണമായും നിഷേധിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ മറുപടി.
അർജ്ജുൻ ആയങ്കിയുമായി കണ്ണൂരിൽ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെട്ട സ്വർണക്കടത്ത് സംഘത്തിലെ അംഗമാണ് അർജ്ജുൻ ആയങ്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാഫി സഹായിച്ചെന്ന് അർജ്ജുൻ ആയങ്കിയും മൊഴി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കൂടാതെ അർജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച സിം കാർഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ