കോഴിക്കോട്: പഠനത്തിലെ പിന്നോക്കാവസ്ഥ മാറ്റാനും ചികിൽസ! ഇതിന്റെ പേരിൽ ചികിത്സ നടത്തി യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ ഒടുവിൽ കുടുങ്ങി. കോഴിക്കോട് കാരന്തൂർ സ്വദേശി പൂളക്കണ്ടി പികെ മുഹമ്മദ് ഷാഫി സുഹൂരി (43)യെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഖുർആന്റേയും പ്രവാചകൻരേയും പേര് ദുരുപയോഗം ചെയ്തായിരുന്നു ഇയാളുടെ ചികിത്സ. ചികിത്സയുടെ മറവിൽ യുവതിയെ ലൈംഗികപീഡനം നടത്തിയതായും പല തവണ ശാരീരിക ചൂഷണം നടത്തിയെന്നുമാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ദിവസവും നിരവധി പേർ ഇയാളുടെ അടുക്കൽ ചികിത്സക്കെത്താറുണ്ടായിരുന്നു. ചികിത്സ നടത്തുന്ന ഉസ്താദ് പീഡന കേസിൽ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതോടെ സ്ഥിരം സന്ദർശകരെല്ലാം അങ്കലാപ്പിലായിരിക്കുകയാണ്.

വിവിധ പ്രശ്‌നങ്ങളുമായി സ്ത്രീകളും കുട്ടികളും ചികിത്സക്കായി ഉസ്താദിനെ സമീപിച്ചിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം പ്രത്യേക ചികിത്സാലയം ഉണ്ടായിരുന്നതായും ദൂരെ നാടുകളിൽ നിന്നെല്ലാം നിരവധി പേർ ഇവിടെ എത്താറുണ്ടായിരുന്നെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അബ്ദുള്ള ഫൗണ്ടേഷൻ എന്ന പേരിൽ വ്യാജ ചികിത്സാലയവും മെഡിക്കൽ കോഴ്‌സും നടത്തിയതിന് ഇയാൾ നേരത്തെ പൊലീസ് പിടിയിലായിരുന്നു. എന്നാൽ ഈ സംഭവം ഒതുക്കി തീർത്ത് ഇല്ലാതാക്കിയെങ്കിലും ഏറെ വൈകാതെ പീഡനക്കേസിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പല സ്ഥലങ്ങളിലായി ചികിത്സാ സെന്ററുകൾ തുറക്കുകയും ഇവിടങ്ങളിലെല്ലാം ചികിത്സ നടത്തി വരികയും ചെയ്തിരുന്നു. ചികിത്സക്കു പുറമെ വേറെയും ഇടപാടുകൾ ഇയാൾക്ക് ഉണ്ടായിരുന്നതായി പൊലീസ് പറുന്നു.

പരാതി നൽകിയ സ്ത്രീ ആദ്യമായി ഇയാളുടെ അടുത്തെത്തിയത് പഠനത്തിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം തേടിയായിരുന്നു. എന്നാൽ ചികിത്സക്കായി പല തവണ ഇയാളുടെ അടുക്കൽ എത്താൻ പറയുകയും ചികിത്സയുടെ പേരിൽ ശാരീരിക ചൂഷണം നടത്തുകയുമായിരുന്നു. യുവതിയുടെ സാമ്പത്തിക പരാധീനത മുതലെടുത്ത് പിന്നീട് ഇയാളുടെ കീഴിലുള്ള കുറ്റിക്കാട്ടൂരിലെ സ്ഥാപനത്തിൽ ജോലി നൽകുകയും ചെയ്തു. ഇക്കാലയളവിൽ യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ വന്നതോടെയാണ് യുവതി ജോലി ഉപേക്ഷിച്ച് പൊലീസിൽ പരാതി നൽകിയത്. 2014 മുതൽ പല തവണ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

ഐപിസി 376 വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ ഷാഫി സുഹൂരിയെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ചികിത്സയുടെ മറ്റു വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കൂടുതൽ പരാതികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഗവൺമെന്റ് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. അതേസമയം കേസ് ഒതുക്കി തീർക്കാനായി യുവതിയുടെ വീട്ടുകാരെ പ്രതിയുടെ ആളുകൾ സമീപിച്ചിട്ടുണ്ട്. പ്രതിയുമായി ഇടപാടുള്ള ചില പ്രമുഖരുടെ നേതൃത്വത്തിലാണ് കേസ് ഒതുക്കാനുള്ള തിരക്കിട്ട നീക്കം നടത്തുന്നത്.