ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിന്റെ നിയമസാധുത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയിലെ ഭരണഘടനാ ബഞ്ച് വാദം കേട്ട ഈ കാലഘട്ടത്തിൽ ഒട്ടും മറക്കാനാകാവുന്നതല്ല ഷാബാനു ബീഗത്തെ. ജീവിതത്തിലെ യാതനകൾക്കും ഒറ്റപ്പെടലുകൾക്കും ഒടുവിൽ ഷാബാനു ബീഗം നൽകിയ കേസിൽ 1985ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ വിചാരണ നടക്കുന്ന സാഹചര്യത്തിൽ അതീവ പ്രസക്തിയുണ്ട് ഷബാനുവിന്റെ നിയമ പോരാട്ടത്തിനും.

1932ൽ ആണ് ഷാബാനു ബീഗത്തെ ഇൻഡോറിലുള്ള അഭിഭാഷകനായ മുഹമ്മദ് അഹമ്മദ് ഖാൻ വിവാഹം ചെയ്യുന്നത്. പതിനാലു വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനിടെ ഇവർക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ടായി. ഇതിനിടെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ മറ്റൊരു വിവാഹം കൂടി കഴിച്ചു. ഇതോടെ ഷാബാനുവും മക്കളും ഒറ്റയ്ക്കായി. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ഇവർ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കോടതി ഷാബാനുവിനും കുട്ടികൾക്കും ചെലവിനു നൽകാൻ വിധിച്ചെങ്കിലും അഭിഭാഷകൻ കൂടിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ഷാബാനുവിനായിരുന്നു വിജയം. ഇതിനിടെ മുഹമ്മദ് ഷാബാനുവിനെ തലഖ് ചൊല്ലി. തുടർന്ന് മുസ്ലിം വ്യക്തി നിയമനുസരിച്ച് മൊഴിചൊല്ലിയ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്നു കാട്ടി മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചു.

ക്രിമിനൽ നടപടി ക്രമത്തിലെ 125-ാം വകുപ്പനുസരിച്ച് വിവാഹമോചിതരാകുന്ന സ്ത്രീകൾക്ക് പുനർവിവാഹം വരെയോ സ്വന്തമായി വരുമാനം ആർജ്ജിക്കുന്നതുവരെയോ ചെലവിന് കൊടുക്കണമെന്ന വ്യവസ്ഥ മുസ്ലിം സ്ത്രീകൾക്കും ബാധകമാകുമോയെന്ന ചോദ്യമാണ് അന്ന് സുപ്രീം കോടതി പരിഗണിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ മുസ്ലിം വ്യക്തി നിയമത്തിന്റെ കീഴിലാണെന്നും സിആർപിസി വ്യവസ്ഥകൾ ഇത്തരം കാര്യങ്ങളിൽ ബാധകമല്ലെന്നുമാണ് കേസിൽ കക്ഷി ചേർന്ന മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ഉൾപ്പെടെയുള്ള സംഘടനകൾ വാദിച്ചത്.

അതേസമയം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ബാധകമായതാണ് ക്രിനമിനൽ നടപടി ക്രമം എന്നൊരു വാദവും ശക്തമായി. ശക്തമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ 1985-ൽ ആണ് കോടതി വിധി പ്രസ്താവിച്ചത്. ജാതിക്കോ മതത്തിനോ ദേശത്തിനോ അതീതമായി ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും സിആർപിസി 125ന്റെ പരിരക്ഷ കിട്ടണമെന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി. കോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി ഷാബാനു പുറത്തിറങ്ങുമ്പോൾ അന്ന് അവരുടെ പ്രായം എഴുപത്തിയഞ്ച് വയസ്.[BLURB#1-H] 

വിധി അട്ടിമറിക്കുന്ന നിയമം പാസാക്കി രാജീവ് ഗാന്ധി

എന്നാൽ സുപ്രീംകോടതിയുടെ സുപ്രധാനമായി ഈ വിധിക്കെതിരെ മുസ്ലിം സംഘടനകൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതി ഉത്തവ് നടപ്പാക്കേണ്ട കോൺഗ്രസ് ഭരണകൂടവും വോട്ടുബാങ്കിൽ കണ്ണുവച്ച് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. തൊട്ടടുത്ത പാർലമെന്റ് സമ്മേളനത്തിൽ അതായത് 1986-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഷാബാനു ബീഗം കേസിലെ ഉത്തരവിനെ അട്ടിമറിക്കാൻ നിയമം കൊണ്ടുവന്നു.

മുസ്ലിം വിമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ ഡിവോഴ്‌സ്) എന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്. സിആർപിസിയിലെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ തടയുന്നതായിരുന്നു പുതിയ നിയമം. അന്ന് ഷാബാനു ബീഗം കേസിലെ വിധി നടപ്പാക്കാൻ തായാറാകാതെ മറുനിയമം പാസാക്കിയ രാജീവ് ഗാന്ധിയുടെ നപടിയിൽ പ്രതിഷേധിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. അന്നത്തെ കോടതി വിധിയോടെ ഷാബാനു ബീഗം കേസ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമായിരുന്ന സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്. ഇതോടെ കോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊക്കെ അവസാനിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ നിരവധി സ്ത്രീകളാണ് വിവാഹത്തിന്റെ പേരിൽ പുരുഷന്മാരുടെ ചൂഷണത്തിനിരയായത്.

15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്‌റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു പിന്നീടുള്ള കാലങ്ങളിൽ മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കുകയും ഇത്തരമൊരു നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയരാവുകയും ചെയ്തത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഇവരുടെ ഹർജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ബഞ്ച് മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചത്.[BLURB#2-VL]

മുസ്ലിം സ്ത്രീകൾക്കുവേണ്ടി നിലകൊണ്ട ഇഎംഎസ്

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ നിയമം മൂലം കൊട്ടിയടച്ച രാജീവ് ഗാന്ധിയുടെ അതേ പാർട്ടിക്കാരനായ കപിൽ സിബൽ തന്നെയാണ് ഇപ്പോൾ കേസ് പരിഗണിച്ച ഭരണഘടന ബഞ്ചിന് മുന്നിൽ മുത്തലാഖിന് അനുകൂലമായ വാദങ്ങളുമായി എത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഷാബാനു ബീഗം വിധി നടപ്പാക്കാത്തതിനെതിരെ അന്ന് ശ്രദ്ധേയമായ ചെറുത്തുനിൽപ് നടത്തിയ വ്യക്തിയായിരുന്നു അക്കാലത്ത് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്്. സിആർപിസിയുടെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന വാദമാണ് അന്ന് ഇഎംഎസ് ഉയർത്തിയത്. എന്നാൽ ഇഎംഎസിനെതിരെ നിരവധി പ്രതിഷേധ സമരങ്ങളാണ് കേരളത്തിലുൾപ്പെടെ അരങ്ങേറിയത്. 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' -എന്ന മുദ്യാവാക്യമാണ് ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ അന്നുയർത്തിയത്. എന്നാൽ മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലും ഇഎംഎസ് ഉയർത്തിയ വാദങ്ങളുടെ പിന്മുറക്കാരാകാനോ വിപ്ലവകരമായ നിലപാടെടുക്കാനോ കേരളത്തിലെ സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ ഇപ്പോൾ പോലും തയാറായിട്ടില്ലെന്നതും അദ്ഭുതകരമാണ്.

ഏതായാലും കൂടുതൽ സ്ത്രീകൾ മുത്തലാഖിനെതിരെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേസിൽ വാദം കേൾക്കാൻ തയാറായത്. ഭരണഘടനയുടെ പതിമ്മൂന്നാം അനുച്ഛേദത്തിൽ വരുന്നതാണോ, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം സാധുതയുണ്ടോ, അനുച്ഛേദം 25 (1) അനുച്ഛേദം 14, 21 എന്നിവയുടെ അനുബന്ധമായി കണക്കാക്കാവുന്നതാണോ, രാജ്യാന്തര കരാറുകൾ, നിബന്ധനകൾ, കീഴ്‌വഴക്കങ്ങൾ എന്നിവയുമായി ഒത്തുപോകുന്നതാണോ എന്നിവയാണ് കോടതി പരിഗണിച്ചത്.

മുത്തലാഖ് പാപമാണെങ്കിൽ അതെങ്ങനെ വിശ്വാസമാകും

കേസ് പരിഗണിക്കുന്നതിനിടെ, സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത് ചന്ദ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് പാപമാണെങ്കിൽ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നായിരുന്നു കേന്ദ്രസർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയുടെ വാദം.

[BLURB#3-VR]ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്‌സി, ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചിരുന്നത്.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു. മുസ്ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുന്മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.

ഈ പ്രാചീന നിയമത്തിന് അന്ത്യംകുറിക്കുമെന്ന് പ്രഖ്യാപിച്ച് മോദി

മുസ്ലിം വനിതകളെ മുത്തലാഖിന്റെ അനീതിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നു. ഇതല്ലെങ്കിൽ സർക്കാർ നിയമനിർമ്മാണത്തിലൂടെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്നും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു.

കോടതിയിൽ ഈ വിഷയത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഷാബാനു ബീഗം കേസിൽ വിധി പുതിയ നിയമം സ്ഥാപിച്ച് അട്ടിമറിക്കപ്പെട്ടെങ്കിൽ ഇക്കുറി എന്തു സംഭവിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇപ്പോഴത്തെ കേസിൽ കോടതി വിധി എന്തായാലും മോദിസർക്കാർ മുസ്ലിംസ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്ന വിധത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്.

രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുതെന്നും രാജ്യത്തെ മുസ്ലിം പെൺമക്കളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരണമെന്നും കഴിഞ്ഞ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രാചീനമായ ഈ നിയമത്തിന് തന്റെ സർക്കാർ അന്ത്യം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മുസ്ലിം സമൂഹത്തിൽനിന്നുള്ള പുരോഗമനവാദികളായ ആളുകൾതന്നെ മുത്തലാഖിന്റെ അനീതികളിൽനിന്ന് മുസ്ലിം വനിതകളെ രക്ഷിക്കാൻ രംഗത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോൾ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്താൻ രാജീവ് ഗാന്ധിയുടെ കാലത്തിൽ നിന്ന് ഭിന്നമായി രാഷ്ട്രീയ നേതൃത്വവും ഇക്കുറി കൂടെയുണ്ടാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങൾ

ഇപ്പോഴത്തെ കേന്ദ്രസർക്കാർ നിലപാട് മുത്തലാഖ് വിഷയത്തിലുൾപ്പെടെ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ മുൻ നിലപാടുകൾ മയപ്പെടാൻ കാരണമായിട്ടുണ്ട്. ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ഇപ്പോഴത്തെ കേസിലെ വാദങ്ങളിൽ സുപ്രീംകോടതിയെ അറിയിച്ചു.[BLURB#4-VL] 

മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകാനാകുമോ എന്നാണ് സുപ്രീംകോടതി ഇതിന് മറുപടിയായി ചോദിച്ചത്. അഞ്ചുമതക്കാരായ ജഡ്ജിമാർ ഉള്ള ബെഞ്ചിൽ മുസ്ലിം മതസ്ഥനായ ജഡ്ജി ഈ വിഷയത്തിൽ ഒരു ചോദ്യവും ഉന്നയിച്ചില്ലെന്നതും ഇതിനിടെ വാർത്തയാവുകയും ചെയ്തു. മുത്തലാഖിൽ അനീതിയുണ്ടെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് ജമാഅതേ ഇസ്ലാമി ഹിന്ദ് വാദിച്ചു.

വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒറ്റയടിക്കുള്ള മുത്തലാഖ് രീതി പാപമാണെന്ന് ആണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചത്. . ഒറ്റയടിക്ക് മുത്തലാഖ് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പ്രമേയം പാസാക്കിയിട്ടുണ്ട്. മാറ്റത്തിനുള്ള തുടക്കം സമുദായത്തിന് അകത്തുനിന്നാണ് ഉണ്ടാകേണ്ടത്. അതൊരിക്കലും കോടതിക്ക് ചെയ്യാനാകില്ല എന്നും വ്യക്തിനിയമ ബോർഡിന് വേണ്ടി കപിൽ സിബൽ വാദിക്കുകയാണ് ചെയ്തത്.

ഇതോടെയാണ് മുത്തലാഖ് പാപമാണെന്ന പ്രമേയം മുസ്ലിം സമുദായത്തിലെ എല്ലാ പുരോഹിതന്മാരും അംഗീകരിക്കുമോ എന്ന് കോടതി ചോദിക്കുന്നത്. എന്നാൽ അംഗീകരിക്കണമെന്നില്ല എന്നായിരുന്നു ഇക്കാര്യത്തിൽ വ്യക്തിനിയമ ബോർഡിന്റെ മറുപടി. മുത്തലാഖ് പാപമാണെങ്കിൽ അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകിക്കൂടേ എന്നതായിരുന്നു പിന്നീട് കോടതിയുടെ ചോദ്യം. വിവാഹ സമയത്ത് തന്നെ ഒറ്റയടിക്കുള്ള മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാൻ മുസ്ലിം പെൺകുട്ടികൾക്ക് അവകാശം നൽകേണ്ടതാണ്.

വിവാഹ കരാറിൽ തന്നെ അത് ഉൾപ്പെടുത്താവുന്നതല്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തിനിയമ ബോർഡ് മറുപടി നൽകി. എന്നാൽ മുത്തലാഖിൽ അനീതി ഉണ്ടാകുന്നുവെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ജമാഅതേ ഇസ്ളാമി ഹിന്ദ് അറിയിച്ചു. അല്ലാതെ ഒരു വിശ്വാസത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്.[BLURB#5-H] 

ഇത്തരത്തിൽ വിഷയത്തിൽ വാദം തുടരുമ്പോഴും ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ. മുമ്പ് രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം സ്ത്രീയ്ക്ക് അനുകൂലമായി ഉണ്ടായ വിധി കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെങ്കിൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അവരുടെ രക്ഷയ്ക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇംഎംഎസ് ഉയർത്തിയ ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു. വർഗീയ പ്രീണന നയത്തിന്റെ ഭാഗമായി മുമ്പ് കോൺഗ്രസ് മുത്തലാഖിലുണ്ടായ കോടതിവിധി പാലിക്കാൻപോലും തയ്യാറാവാതിരുന്ന സാഹചര്യം ഇക്കുറി നരേന്ദ്ര മോദി സർക്കാർ തിരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.